കടുവകളെ കൂട്ടിലടച്ച വീരന്മാർ

Tuesday 3 April 2018 4:50 am IST

കൊല്‍ക്കത്ത: ബംഗാള്‍ കടുവകളെ അവരുടെ മടയില്‍ച്ചെന്ന് കൂട്ടിലടച്ച് സന്തോഷ് ട്രോഫയില്‍ ചരിത്രമെഴുതാന്‍ കേരളത്തിന് കരുത്തായത് കോച്ചിന്റെ ഉപദേശവും കീപ്പര്‍ മിഥുന്റെ കരളുറപ്പും. ഷൂട്ടൗട്ടില്‍ രണ്ട് ഷോട്ടുകള്‍ വലത്തോട്ട് മുഴുനീളെ പറന്ന് രക്ഷപ്പെടുത്തിയ മിഥുന്റെ മികവിലാണ് കേരളം ബംഗാളിനെ അവരുടെ കോട്ടയില്‍ കീഴ്‌പ്പെടുത്തി ആറാം സന്തോഷക്കിരീടവുമായി നാട്ടിലേക്ക് മടങ്ങിയത്.

ഷൂട്ടൗട്ട് തുടങ്ങും മുമ്പ് കോച്ച് സതീവന്‍ ബാലന്‍ മിഥുന്റെ കാതുകളില്‍ മന്ത്രിച്ചു 'വലതുവശത്തുകൂടെ പന്ത് വലയിലേക്ക് പോകുന്നത് തടയാന്‍ ശ്രമിക്കണം'. അഞ്ചുഷോട്ടുകളില്‍ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും വലതുവശത്തുകൂടി മൂളിപ്പായുമെന്ന പ്രതീക്ഷയിലായിരുന്നു ഈ ഉപദേശം.

കോച്ചിന്റെ കണക്കൂകുട്ടല്‍ തെറ്റിയില്ല. വലതുവശത്തുകൂടി ഗോള്‍ വലയിലേക്ക് പാഞ്ഞ രണ്ട് ഷോട്ടുകള്‍ മുഴുനീളം ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി മിഥുന്‍ വീര നായകനായി. അങ്കിത് മുഖര്‍ജി, നബി ഹുസൈന്‍ ഖാന്‍ എന്നിവരുടെ ഷോട്ടുകളാണ് മിഥുന്‍ രക്ഷപ്പെടുത്തിയത്. 

കപ്പ് നമ്മുടെതാണ്. നമുക്ക് തന്നെ കിട്ടുമെന്ന് ഷൂട്ടൗട്ടിന് മുമ്പ് കോച്ച് പറഞ്ഞത് ആത്മവിശ്വാസം നല്‍കി. വിജയത്തിന് പിന്നില്‍ ടീമിന്റെ കൂട്ടായ പരിശ്രമമാണെന്നും മിഥുന്‍ പറഞ്ഞു. പിതാവിന്റെ പാത പിന്തുടര്‍ന്നാണ് മിഥുന്‍ കളിക്കളത്തിലെത്തിയത്. അച്ഛന്‍ മുരളി കേരളാ പോലീസിന്റെ ഗോള്‍ കീപ്പറായിരുന്നു. മിഥുന്‍ നിലവില്‍ എസ്ബിഐ താരമാണ്. ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് കേരളം വിജയിച്ചത്. സന്തോഷ് ട്രോഫിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഫൈനലില്‍ ബംഗാളിനെ അവരുടെ മണ്ണില്‍ തോല്‍പ്പിച്ച് ഒരു ടീം ചാമ്പ്യന്മാരാകുന്നത്.

നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഈ കിരീടം കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സമ്മാനിക്കുന്നുവെന്ന് കോച്ച് സതീവന്‍ ബാലന്‍ പറഞ്ഞു. കേരളം അവസരങ്ങള്‍ കളിഞ്ഞു കളിച്ചതാണ് മത്സരം അധികസമയത്തേക്ക് നീട്ടിയത്. 120 മിനിറ്റും പൊരുതാന്‍ ഊര്‍ജ്ജമുള്ള അസാമാന്യ താരങ്ങളൊന്നും നമുക്കില്ല. തൊണ്ണൂറ് മിനിറ്റില്‍ തന്നെ മത്സരം അവസാനിപ്പിക്കണമെന്നാഗ്രഹിച്ചു. നമ്മുടെ കളിക്കാരുടെ നോട്ടപ്പിശകുകൊണ്ടാണ് ബംഗാള്‍ സ്‌കോര്‍ ചെയ്തത്.

ടീം കരുത്തരാണ്. പക്ഷെ, നിരന്തരം ആക്രണവും പ്രതിരോധവും നടത്താനുള്ള ഉര്‍ജ്ജമില്ല. തുടക്കം മുതല്‍ ആക്രമിച്ചുകളിച്ചു. അതിനാല്‍ അവര്‍ തളര്‍ന്നെന്ന് കോച്ച് പറഞ്ഞു. കഴിഞ്ഞ പതിനാല് വര്‍ഷത്തില്‍ കേരളത്തിന്റെ കോച്ചാകാന്‍ അവസരം ലഭിച്ചില്ല. ഇത്തവണയാണ് അവസരം കിട്ടിയത്. വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. പുതിയ ടീമിനെ തെരഞ്ഞെടുത്തു. ഞാന്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കാനാകുന്ന കളിക്കാരെയാണ് ടീമിലെടുത്തത്. പല ടൂര്‍ണമെന്റുകളിലും വിജയം നേടിയിട്ടുണ്ട്. എന്നാല്‍ സന്തോഷ് ട്രോഫിയിലെ വിജയം ഏറെ വിലപ്പെട്ടതാണെന്നും സതീവന്‍ ബാലന്‍ പറഞ്ഞു.

ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് കേരളം ചാമ്പ്യന്മാരായത്. ആതിഥേയരായ ബംഗാളിനെ രണ്ട് തവണ തോല്‍പ്പിക്കുകയും ചെയ്തു. ക്വാര്‍ട്ടര്‍ ഫൈനലിലെ അവസാന ലീഗ് മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗാളിനെ തോല്‍പ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.