സന്തോഷം,ആവേശം

Tuesday 3 April 2018 4:55 am IST
"undefined"

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ഐ ലീഗില്‍ ഗോകുലം എഫ്‌സിയും നിരാശപ്പെടുത്തിയപ്പോള്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശമൊരുക്കി സന്തോഷ് ട്രോഫി കിരീടം ഇത്തവണ കേരളത്തിലെത്തി. 72 വര്‍ഷത്തെ സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ കേരളത്തിന്റെ ആറാം കിരീടമാണിത്. . 14 വര്‍ഷത്തിനുശേഷം ആദ്യത്തേതും. 2004-ല്‍ ദല്‍ഹിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബിനെ 3-2ന് പരാജയപ്പെടുത്തിയായിരുന്നു കേരളം ഇതിന് മുന്‍പ് അവസാനമായി കിരീടമണിഞ്ഞത്. പിന്നീട് 2013-ല്‍ കൊച്ചിയില്‍ ഫൈനല്‍ കളിച്ചെങ്കിലും ഷൂട്ടൗട്ടില്‍ സര്‍വ്വീസസ്സിനോട് പരാജയപ്പെട്ടു.

ഇത്തവണത്തെ കിരീട നേട്ടത്തോടെ മൂന്നുകോടിയിലേറെ വരുന്ന മലയാളികളുടെ കാത്തിരിപ്പിന് അവസാനമിടാനും ക്യാപ്റ്റന്‍ രാഹുല്‍ രാജിനും കൂട്ടര്‍ക്കും കഴിഞ്ഞു. 1941-ല്‍ ആരംഭിച്ച സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ആദ്യ കിരീടം നേടാന്‍ മൂന്നു പതിറ്റാണ്ടിലേറെ കാത്തിരിക്കേണ്ടിവന്നു. 1973-ല്‍ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്‍ മണിയുടെ ഹാട്രിക്കില്‍ റെയില്‍വേസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ആദ്യ കിരീടനേട്ടം. അതായിരുന്നു കേരളത്തിന്റെ ആദ്യ ഫൈനലും.

ആദ്യ കിരീടനേട്ടത്തിനുശേഷം ഫൈനല്‍ കളിക്കാന്‍ വീണ്ടും ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പ്. 1988-ല്‍ കൊല്ലം ചാമ്പ്യന്‍ഷിപ്പിലാണ് ൈഫനല്‍ കളിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍രഹിത സമനില പാലിച്ചപ്പോള്‍ ഷൂട്ടൗട്ടില്‍ 5-4ന് വിജയിച്ച് പഞ്ചാബ് കപ്പുംകൊണ്ട് പറന്നു. തുടര്‍ന്നുള്ള മൂന്ന് ടൂര്‍ണമെന്റുകളിലും ഫൈനലില്‍ കളിച്ചു. മൂന്നിലും കിരീടം നേടാന്‍ കഴിഞ്ഞില്ല. 1988-89-ല്‍ ഗുവാഹത്തിയില്‍ നടന്ന ഫൈനലില്‍ ബംഗാളിനോട് ഷൂട്ടൗട്ടിലും (4-3), അടുത്തവര്‍ഷം മഡ്ഗാവില്‍ ഗോവയോട് 2-0നും പിന്നീട് മഹാരാഷ്ട്രയോട് 1-0നും പരാജയമടയാനായിരുന്നു കേരളത്തിന്റെ വിധി. 

തുടര്‍ച്ചയായ നാല് ഫൈനല്‍ തോല്‍വിക്കുശേഷം തൊട്ടടുത്ത വര്‍ഷം കോയമ്പത്തൂരില്‍  കേരളം കിരീടം തിരിച്ചുപിടിച്ചു. വി.പി. സത്യന്റെ നായകത്വത്തിലിറങ്ങിയ മലയാളിപ്പട ഗോവയെ 3-0ന് തകര്‍ത്ത് കിരീടം സ്വന്തമാക്കി. തൊട്ടടുത്ത വര്‍ഷം കൊച്ചിയില്‍ കിരീടം നിലനിര്‍ത്തുകയും ചെയ്തു. ഫൈനലില്‍ മഹാരാഷ്ട്രയെ 2-0ന് പരാജയപ്പെടുത്തി. കുരികേശ് മാത്യുവായിരുന്നു  നായകന്‍. 1994ലും കേരളം ഫൈനലില്‍ കളിച്ചു. കട്ടക്കില്‍ ബംഗാളായിരുന്നു ഫൈനല്‍ എതിരാളികള്‍.  നിശ്ചിതസമയത്തും അധികസമയത്തും 2-2ന് സമനില പാലിച്ചപ്പോള്‍ ഷൂട്ടൗട്ടില്‍ 5-3ന് ജയിച്ച് ബംഗാള്‍ കപ്പുമായി പറന്നു. അതിനുശേഷം 2000-ല്‍ തൃശൂരിലാണ് കേരളം ഫൈനല്‍ കളിച്ചത്. അന്ന് ഐ.എം. വിജയന്‍, ജോ പോള്‍ അഞ്ചേരി, ജിജു ജേക്കബ്, ആസിഫ് സഹീര്‍, സില്‍വസ്റ്റര്‍ ഇഗ്നേഷ്യസ് തുടങ്ങിയ വമ്പന്മാര്‍ കളത്തിലിറങ്ങിയിട്ടും ഫൈനലില്‍ മഹാരാഷ്ട്രയോട് 1-0ന് തോല്‍ക്കാനായിരുന്നു വിധി. 2001-ല്‍ വീണ്ടും കിരീടം കേരളത്തെതേടിയെത്തി. മുംബൈയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എതിരാളികള്‍ ഗോവയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും 2-2ന് സമനിലയില്‍ പിരിഞ്ഞു. അധികസമയത്തേക്ക് നീണ്ട കളിയില്‍ അബ്ദുള്‍ ഹക്കിമിന്റെ ഗോള്‍ഡന്‍ ഗോള്‍ കേരളത്തിന് കിരീടം സമ്മാനിച്ചു.

2002-ല്‍ ഇംഫാലില്‍ നടന്ന ടൂര്‍ണമെന്റില്‍ കേരളം ഫൈനലില്‍ കളിച്ചെങ്കിലും അധികസമയത്തേക്ക് നീണ്ട കളിയില്‍ ആതിഥേയരായ മണിപ്പൂരിനോട് 2-1ന് തോറ്റു. 2004-ല്‍ ദല്‍ഹിയില്‍ കേരളം വീണ്ടും കിരീടം തിരിച്ചുപിടിച്ചു. സില്‍വസ്റ്റര്‍ ഇഗ്നേഷ്യസിന്റെ നായകത്വത്തിലിറങ്ങിയ കേരളം ഫൈനലില്‍ 3-2ന് പരാജയപ്പെടുത്തി കപ്പില്‍ മുത്തമിട്ടു. അതിനുശേഷം കേരള ഫുട്‌ബോളിന് ശനിദശയായിരുന്നു. പിന്നീട് 2013ല്‍ കൊച്ചിയിലാണ് കേരളം ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. എന്നാല്‍ അവിടെയും കാലടറി. ഷൂട്ടൗട്ടില്‍ സര്‍വീസസിനോട് 4-3ന് തോറ്റു കിരീടം കൈവിട്ടു. അതിനുശേഷം ഇത്തവണയാണ് കേരളം ൈഫനല്‍ കളിച്ചത്. സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിന്റെ ഷൂട്ടൗട്ടില്‍ 4-2ന് ആതിഥേയരായ ബംഗാളിനെ പരാജയപ്പെടുത്തി കേരളം ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ആറാം കിരീടം മാറോടുചേര്‍ക്കുകയും ചെയ്തു.

ഇപ്പോള്‍ സന്തോഷ് ട്രോഫിക്ക് പഴയ പ്രതാപമില്ലെങ്കിലും ഫുട്‌ബോള്‍ ആരാധകര്‍ കേരള വിജയത്തെ നെഞ്ചോടു ചേര്‍ത്തു. ഷൂട്ടൗട്ടില്‍ രണ്ട് കിക്കുകള്‍ തടുത്ത് ഹീറോയായി മാറിയ ഗോള്‍ കീപ്പര്‍ മിഥുനും ക്യാപ്റ്റന്‍ രാഹുല്‍ രാജും സ്‌ട്രൈക്കര്‍ ജിതിന്‍ എം.എസും അണ്ടര്‍ 17 ലോകകപ്പ് ഹീറോ കെ.പി. രാഹുല്‍, അഫ്ദല്‍ തുടങ്ങി ടീമിലെ ഓരോരുത്തരും ഒരേ മനസ്സോടെ മൈതാനത്ത് അരങ്ങുതീര്‍ത്തപ്പോള്‍ കൈപ്പിടയിലായത് അര്‍ഹതപ്പെട്ട കിരീടമാണ്. കോച്ച് സതീവന്‍ ബാലന്റെ തന്ത്രങ്ങളും നിര്‍ണായക സമയത്തെ മാറ്റങ്ങളും കുതിപ്പിന് മാറ്റുകൂട്ടുകയും ചെയ്തു. 

ഇത്തവണത്തെ യോഗ്യതാ റൗണ്ട് മുതല്‍ ഒറ്റമത്സരവും തോല്‍ക്കാതെയായിരുന്നു കേരള കൗമാരപ്പടയുടെ കുതിപ്പ്. ഫൈനല്‍ റൗണ്ടിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗാളിനെ 1-0ന് തോല്‍പ്പിക്കാനും കേരളത്തിന് കഴിഞ്ഞിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചുകൂട്ടിയതും ഏറ്റവും കുറച്ച് വഴങ്ങിയതും കേരളം തന്നെ. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളില്‍ നിന്നായി 15 തവണ എതിര്‍ വല കുലുക്കിയപ്പോള്‍ വഴങ്ങിയത് ഒരെണ്ണം മാത്രം. ചാമ്പ്യന്‍ഷിപ്പിലാകെ ആറ് കളികളില്‍ നിന്നായി 18 ഗോളുകള്‍ നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.