രാഷ്ട്രീയക്കാർ ചേരിതിരിഞ്ഞു; സ്വീകരണം അലങ്കോലമായി

Tuesday 3 April 2018 5:05 am IST

നെടുമ്പാശ്ശേരി: സന്തോഷ് ട്രോഫി നേടിയ ശേഷം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ താരങ്ങളെ സ്വീകരിക്കാന്‍  രാഷ്ട്രീയ യുവജന സംഘടനങ്ങള്‍ മത്സരിച്ചത് വിവാദമായി. ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊടികളും മുദ്രാവാക്യം വിളികളുമായെത്തിയതാണ്  ഫുട്‌ബോള്‍ പ്രേമികളെ വലച്ചത്. രാഷ്ട്രീയക്കാര്‍ ചേരി തിരിഞ്ഞെത്തിയതോടെ താരങ്ങളെ സ്വീകരിക്കാനെത്തിയവരിലേറെപ്പേരും നിരാശരായി മടങ്ങി. 

ഇന്നലെ വൈകിട്ട് നാലിന്  കൊല്‍ക്കത്തയില്‍ നിന്നും ചെന്നൈ വഴിയുള്ള വിസ്താര വിമാനത്തില്‍ താരങ്ങളെത്തിയത്. ജനപ്രതിനിധികളും രാഷ്ട്രീയക്കാരും താരങ്ങളുടെ നാട്ടുകാരുമാണെന്നും പറഞ്ഞ് നിരവധി പേര്‍ ആഗമന ടെര്‍മിനലിന് അകത്ത് പ്രവേശിച്ചു. താരങ്ങള്‍ക്കൊപ്പം ഇവരും പുറത്തേക്ക് ഇറങ്ങിയതോടെ തിക്കും തിരക്കുമായി. 

പുറത്തു കാത്തുനിന്നവര്‍ ആര്‍പ്പുവിളികളോടെ താരങ്ങളെ സ്വീകരിക്കുന്നതിനിടെ ഡിവൈഎഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘടന പ്രവര്‍ത്തകര്‍ കൊടികളുയര്‍ത്തി മത്സരിച്ച് മുദ്രാവാക്യം വിളിച്ച് എത്തുകയായിരുന്നു. ഇതോടെയാണ്  ഫുട്‌ബോള്‍ പ്രേമികള്‍ക്ക് താരങ്ങളെ സ്വീകരിക്കാന്‍ കഴിയാതെ മടങ്ങേണ്ടി വന്നതെന്നാണ് ആരോപണം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.