കലാപത്തിന് ആസൂത്രിത നീക്കം

Tuesday 3 April 2018 5:10 am IST
"undefined"

ന്യൂദല്‍ഹി: പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമത്തില്‍ സുപ്രീംകോടതി വരുത്തിയ ഭേദഗതികള്‍ക്കെതിരെ ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയവര്‍ കലാപത്തിന് ശ്രമം നടത്തിയത് സംഘര്‍ഷം വ്യാപിക്കാന്‍ കാരണമായി. സുപ്രീംകോടതി വിധിയെ കേന്ദ്രസര്‍ക്കാരിനെതിരായ സമരമാക്കിത്തീര്‍ക്കാന്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തി.

അഞ്ചുപേരാണ് മധ്യപ്രദേശിലെ ഗ്വാളിയോറിലും മുറൈനയിലുമായി നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ആള്‍വാറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പഞ്ചാബ്, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ദല്‍ഹി എന്നിവിടങ്ങളിലും സംഘര്‍ഷമുണ്ടായി. ഗ്വാളിയോറില്‍ തോക്കുപയോഗിച്ച് സമരക്കാര്‍ക്കിടയില്‍ കയറിയയാള്‍ പോലീസിനെ വെടിവെയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മധ്യപ്രദേശിലെ മുറൈനയില്‍ എബിവിപി നേതാവ് രാഹുല്‍ പാഠക് സമരക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. മരുന്നുവാങ്ങുന്നതിനായി വീടിന് പുറത്തിറങ്ങിയ രാഹുലിനെ സമരക്കാര്‍ വെടിവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ എബിവിപി ദേശീയ നേതൃത്വം പ്രതിഷേധിച്ചു. സുപ്രീംകോടതി വിധിക്കെതിരായ പ്രതിഷേധമെന്ന പേരില്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ വാഹനങ്ങള്‍ കത്തിച്ചും പൊതുമുതല്‍ നശിപ്പിച്ചും കലാപം അഴിച്ചുവിടുകയാണ്. 

രാജ്യത്ത് ചില ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത്ബന്ദിന്റെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലുടലെടുത്ത സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.