പുന:പരിശോധന ഉടൻ പരിഗണിക്കില്ല; സുപ്രീം കോടതി

Tuesday 3 April 2018 5:15 am IST

ന്യൂദല്‍ഹി: പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമം ദുര്‍ബലപ്പെടുത്തിയ വിധി ഉടന്‍ പുനഃപരിശോധിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി മാറ്റിവെച്ചു. ഇന്നലെ കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി വേഗത്തില്‍ പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയത്. 

പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍ പെട്ട വ്യക്തി നല്‍കുന്ന പരാതിയില്‍ ഉടന്‍ അറസ്റ്റ് എന്ന പോലീസ് നടപടി തടഞ്ഞുകൊണ്ട് കഴിഞ്ഞ മാസമാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലാ പോലീസ് മേധാവി ഏഴുദിവസത്തെ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള നടപടികള്‍ പാടുള്ളൂ എന്നായിരുന്നു ഉത്തരവ്. ഇതിനെതിരെ കേന്ദ്രസര്‍ക്കാരും ബിജെപി എംപിമാരും പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്രനിയമ മന്ത്രാലയം പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്. ഇന്നലെ കേസ് പരിഗണിക്കുമ്പോള്‍ ദളിത് സംഘടനകളുടെ ഭാരത് ബന്ദ് ആയിരുന്നെങ്കിലും അടിയന്തര സാഹചര്യമില്ലെന്നും പിന്നീട് പരിഗണിക്കാമെന്നുമായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. 

പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായ അക്രമങ്ങള്‍ തടയാനുള്ള ശക്തമായ നിയമത്തെ ദുര്‍ബലമാക്കുന്നതാണ് വിധിയെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.