സർക്കാർ ഭൂമി വിൽപ്പനയ്ക്ക് വെച്ച് സിപിഐ നേതൃത്വം

Tuesday 3 April 2018 5:20 am IST

കല്‍പ്പറ്റ: വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി തീറെഴുതി സിപിഐ നേതൃത്വം. മിച്ചഭൂമി സ്വകാര്യഭൂമിയാക്കുന്ന ഭൂമാഫിയ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇന്നലെ പുറത്തു വന്നത്. സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ഡെപ്യൂട്ടി കളക്ടര്‍ ടി. സോമനാഥന്‍ എന്നിവര്‍ക്ക് ഇടപാടില്‍ നേരിട്ടു ബന്ധമുണ്ടെന്നു തെളിയിക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ചാനല്‍ പുറത്തു വിട്ടതോടെയാണ് സംഭവം വിവാദമായത്.

ഇടപാടുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ ഡെപ്യൂട്ടി കളക്ടര്‍ ടി സോമനാഥനെ സസ്‌പെന്‍ഡ് ചെയ്തു. ലാന്‍ഡ് അക്വിസിഷന്‍ ഓഫീസും ലാന്‍ഡ് ബോര്‍ഡ് ഓഫീസും ജില്ലാ കളക്ടര്‍ പൂട്ടി മുദ്ര വെച്ചു. സംഭവം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഇടപാടുകള്‍ ബ്രോക്കര്‍മാര്‍ മുഖേനയാണ് നടന്നത്. 20 ലക്ഷം രൂപ നല്‍കിയാല്‍ സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കാമെന്നു  പടിഞ്ഞാറത്തറ സ്വദേശിയായ കുഞ്ഞുമുഹമ്മദ് സമ്മതിക്കുകയായിരുന്നു. വയനാട് സോമനാഥന്‍ വഴിയാണ് കുഞ്ഞുമുഹമ്മദ് കാര്യങ്ങള്‍ ചെയ്തത്. സോമനാഥന്റെ ഓഫീസില്‍ ഇടപാടുകളെക്കുറിച്ച് സംസാരിച്ചുറപ്പിച്ചു. ഇതിനുശേഷം  സോമനാഥന്‍ കാറിലിരുന്നു പതിനായിരം രൂപ കൈപ്പറ്റി ഇടപാടുറപ്പിച്ചു.

കുഞ്ഞുമുഹമ്മദിന്റെ നിര്‍ദ്ദേശം അനുസരിച്ച് കോഴിക്കോട്ടെ ഒരു ഹോട്ടല്‍ മുറിയില്‍ ബ്രോക്കര്‍മാരുടെ സാന്നിധ്യത്തില്‍ സ്ഥലമുടമകള്‍ക്ക്, കച്ചവടത്തിനെന്നു പറഞ്ഞെത്തിയവര്‍ അഡ്വാന്‍സ് നല്‍കി. വൈത്തിരി താലുക്കിലെ കുറുംബാലക്കൊട്ടയിലെ 571/1 സര്‍വേ നമ്പറിലെ 4.5 ഏക്കര്‍ മിച്ചഭൂമിയടക്കം ഏക്കറിന് 12,75,000 രൂപയ്ക്കായിരുന്നു കച്ചവടം. വേണ്ട സഹായങ്ങള്‍ ചെയ്യാമെന്നും സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഇ.ജെ. ബാബുവും ഉറപ്പു നല്‍കി. 

ഇതിനു ശേഷമാണ് സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര രംഗത്തു വന്നത്. ഇടപാടുകള്‍ കുഞ്ഞുമുഹമ്മദുമായി നടത്തിയാല്‍ മതിയെന്ന് വിജയന്‍ ചെറുകര ഇവരോട്പറഞ്ഞു. തുടര്‍ന്ന് സിപിഐ ജില്ലാ സെക്രട്ടറി ഡെപ്യൂട്ടി കളക്ടറുമായി ഫോണില്‍ സംസാരിച്ചു. ഫോണ്‍ സംഭാഷണത്തിന് ശേഷം എല്ലാം ശരിയാക്കി തരാം എന്ന് വീണ്ടും ഡെപ്യൂട്ടി കളക്ടറുടെ ഉറപ്പ് നല്‍കി. മിച്ചഭൂമി പ്രശ്‌നമുള്ളതിനാല്‍ കരമടയ്ക്കാനുള്ള തടസ്സം നീക്കി കിട്ടണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം സമര്‍പ്പിക്കണമെന്നു കുഞ്ഞ്മുഹമ്മദ് പറഞ്ഞു.

പിന്നീട് തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തിലെത്തി. പിന്നെ റവന്യൂ മന്ത്രിയുടെ ഓഫീസിലെത്തി നിവേദനം നല്‍കി. ഇരുപത് ദിവസം കഴിഞ്ഞപ്പോള്‍ നിവേദനത്തിന് റവന്യൂ മന്ത്രിയുടെ ഓഫീസില്‍ നിന്നും മറുപടി കിട്ടി. നിവേദനം വയനാട് കളക്ടര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട് ഇനി വയനാട് കളക്ടറുമായി ബന്ധപ്പെടുക. പത്ത് ലക്ഷം രൂപ സിപിഐ ജില്ലാ സെക്രട്ടറിക്കും പത്ത് ലക്ഷം ഡെപ്യൂട്ടി കളക്ടര്‍ക്കും നല്‍കണമെന്നുമാണ് ഇടപാടിലെ ഇടനിലക്കാരനായ കുഞ്ഞുമുഹമ്മദ് വെളിപ്പെടുത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.