കീഴാറ്റൂര്‍ (കണ്ണൂര്‍): ബംഗാളില്‍ സിപിഎമ്മിന് ശവക്കല്ലറ പണിതത് നന്ദിഗ്രാമാണെങ്കില് കേരളത്തില്‍ സിപിഎമ്മിന്റെ ശവക്കല്ലറ തീര്‍ക്കുന്നത് കീഴാറ്റൂരായിരിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ പറഞ്ഞു. കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ ‘കീഴടങ്ങില്ല കീഴാറ്റൂര്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപി ദേശീയ നിര്‍വ്വാഹക സമതി അംഗം പി.കെ. കൃഷ്ണദാസ് നയിക്കുന്ന കര്‍ഷക മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കീഴാറ്റൂരിലെ ജനങ്ങളുടെ നിശ്ചയ ദാര്‍ഢ്യത്തിനും പോരാട്ടവീര്യത്തിനും നന്ദി. കീഴാറ്റൂരിലെ കര്‍ഷകര്‍ക്ക് കേന്ദ്രം എല്ലാ പിന്തുണയും നല്‍കും. രാജ്യത്തെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും ഇവരോടൊപ്പം ഉണ്ടാകും. കീഴാറ്റൂരിലെ സമരം വിജയിക്കും. പശ്ചിമ ബംഗാളിനു പിന്നാലെ ത്രിപുരയിലും ജനാധിപത്യത്തിലൂടെ സിപിഎമ്മിനെ ജനം തള്ളി. ഇനി കേരളത്തിലാണ്. കേരളത്തിലും സിപിഎം ഭരണം സമീപഭാവിയില്‍ അവസാനിക്കും.
തളിപ്പറമ്പ് ടൗണിലെ മുതലാളിമാരെ സഹായിക്കാനാണ് കീഴാറ്റൂരിലൂടെയുള്ള റോഡ്. റോഡിനായി കുഴിയെടുക്കുമ്പോള്‍ മണ്ണ് മറിച്ചുവിറ്റും നിര്‍മ്മാണ പ്രവര്‍ത്തികളില്‍ വന്‍ അഴിമതി നടത്തിയും കോടികള്‍ സമ്പാദിക്കാനാണ് സിപിഎം ശ്രമം. കീഴാറ്റൂര്‍ സമരത്തിന് ബിജെപി പിന്തുണ നല്‍കിയതോടെയാണ് കോണ്‍ഗ്രസ് പോലുള്ള കക്ഷികള്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. ബിജെപി സമരം പാതിവഴിയില്‍ ഉപേക്ഷിക്കില്ല. ഇതൊരു തുടക്കമാണ്. കേരളത്തില്‍ നിന്ന് സിപിഎമ്മിനെ തൂത്തെറിയാനുള്ള തുടക്കം. സര്‍ക്കാറിന്റെ കര്‍ഷകവേട്ട അവസാനിപ്പിക്കണം. കീഴാറ്റൂരിലെ കര്‍ഷകരുടെ ശാപം ഭരണത്തിന്റെ അന്ത്യം കുറിക്കും. കര്‍ഷകരെ ഇല്ലാതാക്കാനുളള ശ്രമത്തില്‍ നിന്നും സിപിഎം പിന്മാറണം. മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് അവര്‍ പറയും. എന്നാല്‍ കേരളത്തില്‍ നേര്‍വിപരീതമായ നയം കൈക്കൊളളും, രാഹുല്‍ സിന്‍ഹ പറഞ്ഞു.
ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം സി.കെ.പത്മനാഭന്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, സിനിമാസംവിധായകന് അലിഅക്ബര്‍, തപസ്യ സംസ്ഥാന സെക്രട്ടറി കല്ലറ അജയന്, കവി മുരളി വെള്ളിതുരുത്തി, പരിസ്ഥിതി പ്രവര്ത്തകന് ഡോ. സി.എം. ജോയി തുടങ്ങിയവരും ബിജെപി നേതാക്കളായ എ.എന്‍. രാധാകൃഷ്ണന്, കെ.പി. ശ്രീശന്, എന്‍. ശിവരാജന്, പ്രമീള സി. നായ്ക്ക്, അഡ്വ. ബി. ഗോപാലകൃഷ്ണന്, വി.കെ. സജീവന്, കെ. രഞ്ജിത്ത്, പി.സി. മോഹനന്, ജിനചന്ദ്രന്, പി. സത്യപ്രകാശ്, കെ.കെ.വിനോദ് കുമാര്‍, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് രേണുസുരേഷ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, സംസ്ഥാന സെക്രട്ടറി കെ.പി.അരുണ്‍കുമാര്‍ തുടങ്ങി നിരവധി നേതാക്കള്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: