വി. മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തു

Tuesday 3 April 2018 2:03 pm IST
മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാഗമായ വി. മുരളീധരന്‍ ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. കര്‍ണ്ണാടകത്തില്‍ നിന്ന് മൂന്നാംവട്ടം രാജ്യസഭയിലെത്തിയ എന്‍ഡിഎ വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ കന്നഡയില്‍ സത്യവാചകം ചൊല്ലി.
"undefined"

ന്യൂദല്‍ഹി: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ രാവിലെ രാജ്യസഭയില്‍ നടന്ന ചടങ്ങില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 41 എംപിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.

മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാഗമായ വി. മുരളീധരന്‍ ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. കര്‍ണ്ണാടകത്തില്‍ നിന്ന് മൂന്നാംവട്ടം രാജ്യസഭയിലെത്തിയ എന്‍ഡിഎ വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ കന്നഡയില്‍ സത്യവാചകം ചൊല്ലി. ഒന്‍പത് ഇന്ത്യന്‍ ഭാഷകളിലാണ് എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തതെന്നും രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തിന്റെ ഉദാഹരണമാണിതെന്നും രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു.

മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവ്ദേക്കര്‍, ജെ.പി. നദ്ദ, ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരും ഇന്നലെ എംപിമാരായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. യുപിയില്‍ നിന്ന് രാജ്യസഭയിലെത്തിയ അരുണ്‍ ജെയ്റ്റ്‌ലി, രാജസ്ഥാന്‍, തെലങ്കാന, ഒറീസ എന്നിവിടങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പുതിയ എംപിമാര്‍ എന്നിവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. ആകെ 58 പുതിയ അംഗങ്ങളാണ് രാജ്യസഭയില്‍ വിജയിച്ചെത്തിയത്. 

കേരളത്തിലെയും കേരളത്തിന് പുറത്തുമുള്ള മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം വി. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്നാണ് രാജ്യസഭയിലെത്തിയതെങ്കിലും കേരളത്തിലെ പാര്‍ട്ടിക്കായി ബിജെപി ദേശീയ നേതൃത്വവും കേന്ദ്രസര്‍ക്കാരും നല്‍കിയ പദവിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ബിജെപിയെ ശക്തിപ്പെടുത്താനുള്ള സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പരിശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് പുതിയ പദവി. മഹാരാഷ്ട്രയില്‍ നിന്നുള്ള എംപിയെന്ന നിലയില്‍ മറുനാടന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, വിവിധ സംസ്ഥാന-ജില്ലാ നേതാക്കള്‍, വി. മുരളീധരന്റെ ഭാര്യ ജയശ്രീ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് അഭിമാന നിമിഷമാണ് വി. മുരളീധരന്റെ രാജ്യസഭാ അംഗത്വമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. എട്ട് കേന്ദ്രമന്ത്രിമാരുണ്ടായിരുന്ന യുപിഎ ഭരണ കാലത്തേക്കാള്‍ കേരളത്തിനും മലയാളിക്കും പ്രയോജനം ചെയ്തത് ബിജെപിയുടെ നാല് എംപിമാരുടെ സാന്നിധ്യമാണെന്നും കുമ്മനം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.