സെയ്ദിന്റേത് ഭീകരസംഘടനയെന്ന് ട്രംപ്; സ്വാഗതം ചെയ്ത് ഇന്ത്യ

Tuesday 3 April 2018 2:49 pm IST
എംഎംഎല്ലിനെ രാഷ്ട്രീയപാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാനനുവദിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരസിച്ചിരുന്നു. തുടര്‍ന്ന് ഇതേ ആവശ്യവുമായി ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചു. രജിസ്റ്റര്‍ ചെയ്യാനനുവദിക്കണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
"undefined"

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സെയ്ദിന്റെ മില്ലി മുസ്ലിം ലീഗി (എംഎംഎല്‍)നെ ഭീകരസംഘടനയായി പ്രഖ്യാപിച്ച ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ സ്വാഗതം ചെയ്ത് ഇന്ത്യ. പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപിന്റെ പുതിയ നീക്കം. ഇത് ഇന്ത്യയ്ക്ക് അനുകൂലമാണെന്ന് വിദേശകാര്യ മന്ത്രാലയം വിലയിരുത്തി. 

എംഎംഎല്ലിനെ രാഷ്ട്രീയപാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാനനുവദിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരസിച്ചിരുന്നു. തുടര്‍ന്ന് ഇതേ ആവശ്യവുമായി ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചു. രജിസ്റ്റര്‍ ചെയ്യാനനുവദിക്കണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. കൂടാതെ പാക് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എംഎംഎല്ലിന് നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രജിസ്‌ട്രേഷന്‍ അനുവദിക്കാതിരുന്നത്. 

ഇതിനു പിന്നാലെയാണ് യുഎസ് എംഎംഎല്‍ ഭീകരസംഘടനയാണെന്ന് പ്രഖ്യാപിക്കുന്നത്. മാത്രമല്ല ലഷ്‌കറിന്റെ ആശയപ്രചരണത്തിനു വേണ്ടിയുള്ള പാര്‍ട്ടിയാണെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

എംഎംഎല്ലിനെ കൂടാതെ തെഹ്രികെ ആസാദി കശ്മീരിനെയും ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. സംഘടനയ്ക്കു നേരത്തേ പാക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. മുംബൈ ഭീകരാക്രമണം നടത്തിയ ഭീകരസംഘടനയാണ് ജമാഅത്ത് ഉദ്ദവ. ഈ സംഘടനയെ ഹാഫിസ് പിന്നീട് പേരുമാറ്റിയാണ് തെഹ്‌രികെ ആസാദിയാക്കിയതെന്നാണ് യുഎസ് വിശദീകരണം. 2008ല്‍ മുംബൈയില്‍ ജമാഅത്ത് ഉദ്ദവയുടെ നേതൃത്വത്തില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹാഫിസ് സെയ്ദിനും സംഘടനയ്ക്കും എതിരെ നിയമനടപടിക്ക് അന്നുമുതല്‍ ഇന്ത്യ രാജ്യാന്തര തലത്തില്‍ സമ്മര്‍ദം ചെലുത്തി വരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.