കുടിവെള്ളത്തിനായി കുട്ടനാട് കേഴുന്നു

Wednesday 4 April 2018 1:59 am IST


എടത്വാ: കടുത്ത വേനലില്‍ ജലാശയങ്ങള്‍ വറ്റിതുടങ്ങിതോടെ ഒരിറ്റ് ദാഹജലത്തിനായി കേഴുന്ന കുട്ടനാട്ടുകാര്‍. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും കണ്ണടച്ച് ജലഅഥോറിറ്റി. ജല അഥോറിറ്റിയുടെ എടത്വാ, കിടങ്ങറ, വീയപുരം സബ്ഡിവിഷനില്‍ നിന്നുള്ള ജലവിതരണം തടസ്സപ്പെടുന്നതാണ് രൂക്ഷമായ ജലക്ഷാമത്തിന് കാരണം.
  എടത്വാ, തലവടി, തകഴി, വീയപുരം, ചമ്പക്കുളം, മങ്കൊമ്പ്, രാമങ്കരി, മുട്ടാര്‍, വെളിയനാട്, നീരംപേരൂര്‍ പ്രദേശങ്ങളിലാണ് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. നദികളിലേയും തോടുകളിലേയും ജലം ക്രമാതീതമായി കുറഞ്ഞ് എക്കലും മാലിന്യവും അടിഞ്ഞതോടെ ഒരിറ്റ് കുടിനീരിനായി ഗ്രാമീണര്‍ ഇരക്കേണ്ട അവസ്ഥയിലെത്തി. നീരേറ്റുപുറം കുടിവെള്ളപദ്ധതി നിലനില്‍ക്കുന്ന പഞ്ചായത്തില്‍ പോലും കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രതിഷേധം രൂക്ഷമായതോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിച്ച് കുടിവെള്ളം നിറക്കാന്‍ പഞ്ചായത്തും ജലഅഥോറിറ്റിയും ശ്രമിക്കുന്നുണ്ടെങ്കിലും ഉള്‍പ്രദേശങ്ങളില്‍ ശുദ്ധജലം ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
  വാഹനങ്ങള്‍ കടന്നുവരാന്‍ പറ്റുന്ന സ്ഥലങ്ങളില്‍ മാത്രമാണ് കിയോസ്‌കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ആലപ്പുഴ കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള ജലവിതരണവും പദ്ധതി പഞ്ചായത്തില്‍ ലഭിക്കുന്നില്ല. പദ്ധതി പഞ്ചായത്തില്‍ കുടിവെള്ളം ലഭ്യമാക്കുമെന്ന് ജലഅഥോറിറ്റി ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ തകഴി ക്ഷേത്രത്തിനു തെക്കു ഭാഗം മുതല്‍ കൊരെപ്പറമ്പ് വരെയുള്ള പ്രദേശങ്ങളില്‍ കുടിവെള്ളം ലഭിക്കുന്നില്ല.
 ഇവിടെ ഇറുന്നൂറോളം കുടുംബങ്ങളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.  വേനല്‍കാലത്ത് ഓരുവെള്ളം കയറ്റുമ്പോള്‍ മാത്രമാണ് കുട്ടനാട്ടുകാര്‍ക്ക് ജലക്ഷാമം അനുഭവപ്പെട്ടിരുന്നത്. കാലം മാറിയതോടെ ഒരിറ്റ് ദാഹജലത്തിനായി ഇരക്കേണ്ട അവസ്ഥയിലെത്തി കുട്ടനാട്ടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.