ഏവൂര്‍ വിഷുദര്‍ശനവും ദശാവതാരച്ചാര്‍ത്തും

Wednesday 4 April 2018 1:19 am IST


ആലപ്പുഴ: അനുഷ്ഠാനം ക്ഷേത്രകലാ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിഷുദര്‍ശനവും ദശാവതാരച്ചാര്‍ത്തും ക്ഷേത്രകലകള്‍ക്ക് പ്രാധാന്യം നല്‍കി ആഘോഷിക്കുമെന്ന് ഭാരവാഹികളായ എച്ച്. ചന്ദ്രസേനന്‍ നായര്‍, ഡോ. ധനേഷ് കണ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ദശാവതാരച്ചാര്‍ത്തിന് ആറിന് തുടക്കം കുറിക്കും.
  മറ്റം അജി നാരായണന്‍ നമ്പൂതിരിയാണ് ചാര്‍ത്തുകള്‍ അണിയിച്ചൊരുക്കുന്നത്. വിവിധ ദിവസങ്ങളില്‍ ഹരിശ്ചന്ദ്രചരിതം, വടക്കന്‍ രാജസൂയം, സന്താനഗോപാലം തുടങ്ങിയ കഥകളികള്‍, ചാക്യാര്‍ കൂത്ത്, മിഴാവ് തായമ്പക, വാദ്യമഞ്ജരി, നങ്യാര്‍കൂത്ത്, പുരന്ദരദാസ കൃതികളുടെ ഭജന്‍, നാമസംഗീതാര്‍ച്ചന, ഇരട്ടത്തായമ്പക, പാഠകം, സോപാനസംഗീതം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. യുവ ചുട്ടി കലാകാരന്‍ ഏവൂര്‍ അജികുമാറിന് അനുഷ്ഠാനം അവാര്‍ഡ് നല്‍കും. വിഷു ദര്‍ശനത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ നടന്ന കഥകളിയുടെ ഫോട്ടോപ്രദര്‍ശനം തിരുവരങ്ങ് കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കഥകളി ചമയ പ്രദര്‍ശനവും നടക്കും.
 വിഷു ദിവസം ഔഷധ സസ്യങ്ങളുടെയും പച്ചക്കറികളുടെയും വിത്തു തൈ വിതരണവും ഉണ്ടാകും. ഇത്തവണ വിഷുദര്‍ശനത്തിന് ഇരുപതിനായിരത്തോളം ഭക്തരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്ര കലകളുടെ പുനരവതരണത്തിനും ആചാരാനുഷ്ഠാനങ്ങളുടെ നിലനില്പിനുമായാണ് സമിതി പ്രവര്‍ത്തിക്കുന്നത്. അമ്പതോളം പേരാണ് സംഘടനയിലെ അംഗങ്ങള്‍. പൊതുജനങ്ങളില്‍ നിന്നും പണപ്പിരിവ് നടത്താതെ അംഗങ്ങള്‍ മാത്രം നല്‍കുന്ന പണമുപയോഗിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.