ഭാരത് ബന്ദ്: കോണ്‍ഗ്രസിന് അമിത് ഷായുടെ മറുപടി

Tuesday 3 April 2018 7:42 pm IST
തെരഞ്ഞെടുപ്പ് ലക്ഷ്യം കണ്ട് സമൂഹത്തില്‍ അക്രമങ്ങളുടേയും ആശങ്കകളുടേയും ആക്കം കൂട്ടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍ ഡോ. അംബേദ്കര്‍ സ്വപ്‌നം കണ്ട ഇന്ത്യയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും അമിത് ഷാ പറയുന്നു.
"undefined"

ന്യൂദല്‍ഹി: ഭാരത് ബന്ദിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിന് മറുപടിയുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഭാരത് ബന്ദിന് പ്രോത്സാഹനം നല്‍കിയത് ജനങ്ങള്‍ പുറന്തള്ളിയതില്‍ മനംമടുത്ത രാഷ്ട്രീയപാര്‍ട്ടികളാണെന്നും ദളിത് വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നടപടികള്‍ മാത്രമാണ് മോദി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളതെന്നും അമിത് ഷാ ട്വിറ്ററിലൂടെ മറുപടി നല്‍കി. 

തെരഞ്ഞെടുപ്പ് ലക്ഷ്യം കണ്ട് സമൂഹത്തില്‍ അക്രമങ്ങളുടേയും ആശങ്കകളുടേയും ആക്കം കൂട്ടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍ ഡോ. അംബേദ്കര്‍ സ്വപ്‌നം കണ്ട ഇന്ത്യയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും അമിത് ഷാ പറയുന്നു.

ദളിത് വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി കേന്ദ്രം മുഴുവന്‍ അധികാരങ്ങളും ഉപയോഗിക്കുമെന്നും സുപ്രീംകോടതിയില്‍ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ ദളിത് വിഭാഗങ്ങള്‍ക്കായി നല്‍കിയ പദ്ധതികളെ കുറിച്ച് സംസാരിച്ചതിനു പിന്നാലെയാണ് അമിത് ഷായുടെ ട്വീറ്റ്. 

പ്രധാനമന്ത്രി നരേന്ദ്രമോദി എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ദളിത് വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും ഉന്നമനത്തിനുമായി എല്ലാ സഹകരണവും സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ട്വീറ്റില്‍ പറയുന്നു. വിശ്വാസവഞ്ചന കാണിച്ചതിനാലാണ് പൊതുജനം ഇവരെ തള്ളിയതെന്നും വിശ്വാസവഞ്ചന കാണിച്ചതിന് ദളിത് സഹോദരീസഹോദരന്‍മാരോട് ഇവര്‍ മാപ്പുപറയേണ്ടതാണെന്നും കോണ്‍ഗ്രസിന്റെ പേരെടുത്തു പറയാതെ അമിത്ഷാ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.