വേദാന്തങ്ങളായ ഉപനിഷത്തുകളിലൂടെ

Wednesday 4 April 2018 2:15 am IST
അഥര്‍വവേദവുമായി പില്‍ക്കാലത്ത് നിരവധി ഉപനിഷത്തുകളെ ബന്ധിപ്പിച്ചു എന്ന് ദാസ്ഗുപ്ത പറയുന്നു. വൈഷ്ണവ, ശൈവ, ശാക്ത, യോഗപരങ്ങളായ ഉപനിഷത്തുകളും എഴുതപ്പെട്ടിട്ടുണ്ട്. ഇന്ന് 112-ല്‍ അധികം ഉപനിഷത്തുക്കള്‍ നമുക്ക് ലഭ്യമാണ്. നിര്‍ണ്ണയസാഗര്‍ പ്രസ്സ് 112 എണ്ണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
"undefined"

ഘടനയും വികാസവും- ആദ്യകാല ഉപനിഷത്തുകള്‍ ഗദ്യരൂപത്തിലാണ്. പില്‍ക്കാലത്ത് എഴുതപ്പെട്ടവയില്‍ പദ്യരൂപവും കാണാം. ഇവയ്ക്ക് പില്‍ക്കാല സംസ്‌കൃതഭാഷയോടാണ് അടുപ്പം കാണുന്നത്. ആദ്യത്തെ ഉപനിഷത്തുകള്‍ക്ക് ഒരു യഥാര്‍ത്ഥ മോക്ഷേച്ഛുവിനെ ആഴത്തില്‍ ആകര്‍ഷിക്കാനും സ്വാധീനിക്കാനുമുള്ള ഓജസ്സും, ഗാംഭീര്യവും, വശ്യതയും ആത്മാര്‍ത്ഥതയുടെ വിശുദ്ധിയും ഉണ്ടെന്ന് ദാസ്ഗുപ്ത പ്രശംസിക്കുന്നു. തന്മൂലം ഈ ഉപനിഷത്ഘടനക്ക് വലിയ സ്വീകാര്യത ഉണ്ടായി എന്നും, ഏതാണ്ട് 500 ബി. സി തൊട്ട് രൂപം കൊണ്ട ഈ സാഹിത്യ മാതൃകയില്‍, ഇസ്ലാം മതത്തിന്റെ കടന്നുകയറ്റം വരെയുള്ള കാലഘട്ടം വരെ, കൃതികളുണ്ടായി  എന്നും ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു.

പഴക്കവും പ്രാധാന്യവും ശങ്കരാചാര്യര്‍ വ്യാഖ്യാനിച്ച ഉപനിഷത്തുകള്‍ക്കാണ് എന്നു കരുതിവരുന്നു. അവ ബൃഹദാരണ്യകം, ഛാന്ദോഗ്യം, ഐതരേയം, തൈത്തിരീയം, ഈശം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം എന്നിവയാണ്. 

അഥര്‍വവേദവുമായി പില്‍ക്കാലത്ത് നിരവധി ഉപനിഷത്തുകളെ ബന്ധിപ്പിച്ചു എന്ന് ദാസ്ഗുപ്ത പറയുന്നു. വൈഷ്ണവ, ശൈവ, ശാക്ത, യോഗപരങ്ങളായ ഉപനിഷത്തുകളും എഴുതപ്പെട്ടിട്ടുണ്ട്. ഇന്ന് 112-ല്‍ അധികം ഉപനിഷത്തുക്കള്‍ നമുക്ക് ലഭ്യമാണ്. നിര്‍ണ്ണയസാഗര്‍ പ്രസ്സ് 112 എണ്ണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയെല്ലാം തമ്മില്‍ ഉള്ളടക്കത്തിലും അവതരണരീതിയിലും കാര്യമായ വ്യത്യാസം കാണപ്പെടുന്നു. ചിലത് ആത്മാവു മാത്രമാണ് സത്യം എന്നു സമര്‍ത്ഥിക്കുമ്പോള്‍ മറ്റു ചിലത് യോഗസാധന, സംന്യാസം, ശിവ, വിഷ്ണു തുടങ്ങിയ ദേവതകളുടെ ആരാധന, മനുഷ്യശരീരഘടന, ശ്രീവിദ്യോപാസന തുടങ്ങിയ വിഷയങ്ങളെ ആണ് പ്രതിപാദിക്കുന്നത്.

ഉള്ളടക്കം- ഉപനിഷത് എന്ന വാക്കിന് അടുത്തിരുന്ന് പഠിക്കേണ്ടത് (ഉപ സമീപേ), രഹസ്യവിദ്യ, അജ്ഞാനത്തെ ഇല്ലാതാക്കുന്നത് എന്നെല്ലാം അര്‍ത്ഥം പറയുന്നു. പല ആശയങ്ങളെക്കുറിച്ചുള്ള ആത്മഗതങ്ങള്‍, സംവാദങ്ങള്‍, കഥകള്‍ എന്നിവകളുടെ ഒരു സമാഹൃതരൂപം ആണ് ഉപനിഷത്തുകള്‍ എന്നു ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു. ബ്രഹ്മം, ആത്മാവ്, ലോകം, പുനര്‍ജന്മസിദ്ധാന്തം, മോക്ഷം എന്നീ ആശയങ്ങളാണ്  ആദ്യകാല ഉപനിഷത്തുകളില്‍ പ്രധാനമായും കാണപ്പെടുന്നത്.                 

പ്രപഞ്ചത്തിന്റെയും, അതിലെ ഋതുക്കള്‍ മുതലായ ഘടകങ്ങളുടെയും   ചാക്രികമായ ആവര്‍ത്തനം, ജീവജാലങ്ങളുടെ, പ്രത്യേകിച്ച് മനുഷ്യരുടെ, ജനനമരണചക്രം, ഇവയുടെ ഋതം എന്ന താളം, ഗര്‍ഭാധാനാദി സംസ്‌കാരങ്ങളും യാഗാദികളും ചേര്‍ന്ന നിത്യ, നൈമിത്തിക, കാമ്യ കര്‍മ്മകാണ്ഡം, പിതൃ, സ്വര്‍ഗാദി ലോകങ്ങള്‍, പ്രപഞ്ചസൃഷ്ടിക്രിയയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വിശ്വകര്‍മ്മാവ്, ഹിരണ്യഗര്‍ഭന്‍, പുരുഷന്‍, പ്രജാപതി തുടങ്ങിയ ദേവതാ കല്‍പ്പനകള്‍ എന്നിവയെക്കുറിച്ചെല്ലാം ഒറ്റയ്ക്കും കുട്ടായും ഉള്ള ചിന്തകളും ചോദ്യോത്തരങ്ങളും ചര്‍ച്ചകളും വൈദിക ധര്‍മ്മാനുഷ്ഠാനങ്ങളോടൊപ്പം വൈദികഗോത്രങ്ങളില്‍ തുടര്‍ന്നിരിക്കണം. വൈദികേതരഗോത്രങ്ങളിലെ ദാര്‍ശനികരുമായുള്ള സംവാദങ്ങളും ഇതിന് സഹായകമായിക്കാണാം. തത്ഫലമായി പല പുതിയ ആശയങ്ങളും പദ്ധതികളും രൂപപ്പെട്ടിരിക്കണം. ആരണ്യകങ്ങളും ഉപനിഷത്തുകളും അവയില്‍ പലതിന്റെയും സമാഹാരം പോലെയാണ് കാണപ്പെടുന്നത്.

ബ്രഹ്മം- ഇതിന് സായണന്‍ പറയുന്ന അര്‍ത്ഥങ്ങള്‍- മന്ത്രം, അനുഷ്ഠാനം, ഹോതാവ് എന്ന പുരോഹിതന്‍, മഹത്തായത്- എന്നിവയാണ്. അമരകോശം പാരമേശ്വരീ വ്യാഖ്യാനത്തില്‍ -ബൃഹി വൃദ്ധൗ എന്ന സംസ്‌കൃതധാതുവില്‍ നിന്നുണ്ടായ നപുംസകരൂപമായ ഈ പദത്തിന്റെ അര്‍ത്ഥം വളരെ വലുത് എന്നാണ്. വേദം, പരമാര്‍ത്ഥ വസ്തു (ചൈതന്യം), തപസ്സ് എന്നിവയെ കുറിക്കാന്‍ ഉപയോഗിക്കുന്നു- എന്നു പറയുന്നു. 

ഋതം, യാഗം, സോമം എന്നിവയുമായി ബന്ധപ്പെട്ടതും, പിഴവുവരാതെയുള്ള മന്ത്രാനുഷ്ഠാനാദികള്‍ കൊണ്ട് ഉണര്‍ത്താവുന്നതുമായ, ഒരു അതീന്ദ്രിയവും അദൃശ്യവും ആയ ശക്തിയായി, ബ്രഹ്മത്തെ ഋഗ്വേദത്തില്‍ പരാമര്‍ശിക്കുന്നു എന്ന് ചില പണ്ഡിതന്മാര്‍ പറയുന്നു. ആരണ്യക-ഉപനിഷത്തുകളില്‍ ഈ സങ്കല്‍പ്പം ക്രമേണ മഹത്തായത് എന്ന അര്‍ത്ഥത്തിലും പിന്നീട് പ്രപഞ്ചത്തിന്റെ അന്തസ്സത്ത എന്ന അര്‍ത്ഥത്തിലും എത്തി നിന്നു എന്ന് ദാസ്ഗുപ്ത സമര്‍ത്ഥിക്കുന്നു.

ആരണ്യകങ്ങളില്‍ യാഗകര്‍മ്മങ്ങള്‍ക്കു പകരം പ്രതീകാത്മകധ്യാനങ്ങള്‍ വിധിക്കുന്നു എന്നു നാം കണ്ടു. അശ്വമേധം എന്ന യാഗം ചെയ്യുന്നതിനു പകരം ആ കാണപ്പെട്ട, ചലനാത്മക പ്രപഞ്ചത്തെ കുതിരയായി സങ്കല്‍പ്പിക്കുന്നു. ഇതുകൊണ്ട് യാഗം കൊണ്ടു നേടേണ്ടതെല്ലാം നേടാന്‍ കഴിയും എന്നു വിധിച്ചിരിക്കുന്നു. ഉഷസ്സ് ഇതിന്റെ തലയും, സൂര്യന്‍ കണ്ണുകളും, വായു ജീവനും, അഗ്നി മുഖവും, സംവത്സരം ആത്മാവും ആണ് എന്നെല്ലാം കല്‍പ്പിക്കുന്നു. ശരീരത്തിലെ അവയവങ്ങളുമായുള്ള താരതമ്യം കൂടാതെ പ്രണവം മുതലായ അക്ഷരങ്ങളുമായും സാദൃശ്യം കണ്ടെത്തുന്നു. 

വിശ്വകര്‍മ്മാവ്, ഹിരണ്യഗര്‍ഭന്‍, പുരുഷന്‍, പ്രജാപതി തുടങ്ങിയ വ്യത്യസ്തദേവതാ കല്‍പ്പനകളെ ക്രമേണ ഒരേ ദേവതയായി കാണാനും ആ ദേവതയുടെ സ്വരൂപം എന്തെന്ന് ആരായാനും ആരംഭിച്ചു. പല ഋഷിമാരും ഓരോരോ വിശദീകരണങ്ങള്‍ നല്‍കി. ക്രമേണ ചാക്രികമായ  ഈ മാറ്റത്തിനു പിന്നില്‍ മാറ്റമില്ലാത്ത ഒരു സത്ത ഉണ്ടെന്ന നിഗമനത്തിന് മുന്‍തൂക്കം കിട്ടിത്തുടങ്ങി. ഈ സത്ത പ്രാണനാണെന്നും ആകാശമാണെന്നും മറ്റും സങ്കല്‍പ്പിച്ചുനോക്കി. അവയ്‌ക്കെല്ലാം പരിമിതികള്‍ ഉണ്ടെന്നും ആ സത്ത ആകാനുള്ള യോഗ്യത അവയ്‌ക്കൊന്നും ഇല്ലെന്നും ക്രമേണ ചിന്തകര്‍ക്കു ബോധ്യമായി. 

അപ്പോള്‍ മേല്‍ക്കണ്ട ദേവതകളും പ്രാണനും ആകാശവും എന്നു വേണ്ട എല്ലാം ബ്രഹ്മം എന്ന സത്തയില്‍ നിന്നുണ്ടായി, വായുവും മറ്റു പ്രകൃതിശക്തികളും ഇതിനെ ഭയന്നാണ് താന്താങ്ങളുടെ പ്രവൃത്തി ചെയ്യുന്നത്, ഇത് സച്ചിദാനന്ദസ്വരൂപമാണ് എന്നെല്ലാമുള്ള നിഗമനങ്ങളില്‍ ആ വൈദികചിന്തകര്‍ എത്തിച്ചേര്‍ന്നു എന്ന് ഉപനിഷത്തുകളില്‍ കാണാം. ഇതിനെ വാക്കുകള്‍ കൊണ്ടു വിശദമാക്കാനോ, ബുദ്ധി, മനസ്സ് എന്നിവ കൊണ്ട് അറിയാനോ കഴിയില്ല. ഇതല്ല, ഇതല്ല (നേതി, നേതി) എന്ന തരത്തിലുള്ള നിഷേധാത്മകമായ സമീപനത്തിലൂടെ ചൂണ്ടിക്കാണിക്കാന്‍ കഴിയൂ എന്നും ഉപനിഷത് വ്യക്തമാക്കുന്നു.

 മണ്‍പാത്രങ്ങളെല്ലാം മണ്ണു കൊണ്ട് ഉണ്ടാക്കപ്പെട്ടതാകയാല്‍ മണ്ണിനെ അറിഞ്ഞാല്‍ മണ്‍പാത്രങ്ങളെ എല്ലാം അറിയാം. സ്വര്‍ണ്ണാഭരണങ്ങളെ എല്ലാം സ്വര്‍ണ്ണത്തിനെക്കുറിച്ചുള്ള ഒറ്റ അറിവു കൊണ്ടു തന്നെ അറിയാം. അതുപോലെ ഈ പ്രപഞ്ചവും അതിലുള്ള അചേതനവും സചേതനവും ആയ എല്ലാ വസ്തുക്കളും ബ്രഹ്മത്തില്‍ നിന്നും ഉണ്ടായവ ആയതിനാല്‍ ബ്രഹ്മത്തെ അറിഞ്ഞാല്‍ എല്ലാറ്റിനേയും അറിഞ്ഞു. തന്‍മൂലം ബ്രഹ്മത്തെ അറിയലാണ്, ബ്രഹ്മജ്ഞാനം നേടല്‍ ആണ് ജീവിതത്തിലെ ഏറ്റവും മുഖ്യമായ ലക്ഷ്യം എന്ന് ഉപനിഷത്ത് പ്രഖ്യാപിക്കുന്നു. ഈ ജ്ഞാനം നേടാനുള്ള ത്വരയും അന്വേഷണവും, പ്രയത്‌നവും, ഈ ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ അനുഭവപ്പെടുന്ന സംതൃപ്തിയും ഉപനിഷത്തുകളില്‍ നിറഞ്ഞുനില്‍ക്കുന്നതു കാണാം. 

ആത്മാവ്- ഋഗ്വേദത്തില്‍ ആത്മശബ്ദം പ്രപഞ്ചത്തിന്റെ അന്തസ്സത്ത, മനുഷ്യരിലെ പ്രാണന്‍ എന്നു രണ്ട് അര്‍ത്ഥത്തിലും പ്രയോഗിച്ചിട്ടുണ്ട്. ഉപനിഷത്തിലാകട്ടെ ആത്മാവിനെ മനുഷ്യന്റെ അന്തസ്സത്തയായും ബ്രഹ്മത്തെ പ്രപഞ്ചത്തിന്റെ അന്തസ്സത്തയായും കല്‍പ്പിച്ചിരിക്കുന്നു. 

 മനുഷ്യന്‍ എന്നത് അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നിങ്ങനെ പഞ്ച (അഞ്ച്) കോശങ്ങള്‍ ചേര്‍ന്ന സത്തയാണ്. ഈ അഞ്ചാമത്തെ തലമാണ് യഥാര്‍ത്ഥ ആത്മസ്വരൂപം. ഇതുതന്നെ ബ്രഹ്മസ്വരൂപവും. ഈ സത്യം ഉള്‍ക്കൊള്ളുന്നവന് തന്നെക്കുറിച്ച് ഭയം എന്നത് ഒരിക്കലും ഉണ്ടാകില്ല.

 ബ്രഹ്മവും ലോകവും- ഈ ലോകം ബ്രഹ്മത്തില്‍ നിന്നുണ്ടായി, അതില്‍ നിലനില്‍ക്കുന്നു, അതില്‍തന്നെ തിരിച്ചു ചേരുകയും ചെയ്യുന്നു എന്നതാണ് ഉപനിഷത്തിന്റെ കാഴ്ചപ്പാട്. ഛാന്ദോഗ്യത്തില്‍ ഇപ്രകാരം പറയുന്നു- പ്രപഞ്ചഘടകങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു. ജീവനുള്ളവയ്‌ക്കെല്ലാം- സസ്യങ്ങള്‍ക്കും ജീവികള്‍ക്കും- ആത്മാവുണ്ട്. ബ്രഹ്മം പലതാകാന്‍ ആഗ്രഹിച്ചപ്പോള്‍ അഗ്നി, ജലം, ഭൂമി എന്നിവയെ സൃഷ്ടിച്ച് അവയില്‍ പ്രവേശിച്ചു. ഈ മൂന്നെണ്ണത്തിന്റെ പലതരത്തിലുള്ള കൂടിച്ചേരലുകളിലൂടെയാണ് പല വസ്തുക്കളും ശരീരങ്ങളും ഉണ്ടായത്. പ്രശ്‌നോപനിഷത്തില്‍ ഇവയുടെ സ്ഥൂല, സൂക്ഷ്മ തലങ്ങളെ പറയുന്നു- പൃഥ്വിയും പൃഥ്വീമാത്രയും. തൈത്തിരീയത്തില്‍ ആകാശം, അതില്‍ നിന്നു വായു, അതില്‍നിന്ന് അഗ്നി, അതില്‍നിന്ന് ജലം, അതില്‍ നിന്നും ഭൂമി എന്ന സൃഷ്ടിക്രമം പറയുന്നു.

ബ്രഹ്മവും ലോകവും തമ്മിലുള്ള ബന്ധത്തെ വിശദമാക്കുന്ന ശങ്കരാചാര്യരുടെ വിവര്‍ത്തവാദം, രാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതം, നിംബാര്‍ക്കന്റെ ദ്വൈതാദ്വൈതം, വല്ലഭാചാര്യരുടെ ശുദ്ധാദ്വൈതം, മാധ്വാചാര്യരുടെ ദ്വൈതസിദ്ധാന്തം എന്നിവയുടെ ബീജരൂപങ്ങള്‍ ഉപനിഷച്ചിന്തകളില്‍ നിഴലിക്കുന്നുണ്ട് എന്ന് ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു.

 മനുഷ്യശരീരത്തിന് ആത്മാവ് ഉള്ളതുപോലെ ലോകത്തിന്റെ ആത്മാവ് എന്നൊരു സങ്കല്‍പ്പം ഋഗ്വേദത്തില്‍ (10.121 .1) പറയുന്നുണ്ട്. അതനുസരിച്ച് തുടക്കത്തിലുണ്ടായിരുന്ന ജലധിയില്‍ നിന്നുമാണ് ഈ ഹിരണ്യഗര്‍ഭന്‍ എന്ന ആദ്യസൃഷ്ടി ഉണ്ടായത്. ശ്വേതാശ്വതരത്തില്‍ രണ്ടു തവണ (3.4, 4.12) ഇതു പരാമര്‍ശിക്കപ്പെടുന്നു. ഡസ്സന്‍ എന്ന വിദേശപണ്ഡിതന്‍ തന്റെ ഫിലോസഫി ഓഫ് ദി ഉപനിഷദ്‌സ് എന്ന പുസ്തകത്തില്‍ ഈ ഹിരണ്യഗര്‍ഭ സിദ്ധാന്തത്തിനു പ്രാധാന്യം കൊടുത്ത് വിവരിക്കുന്നുണ്ട്. എന്നാല്‍ മേല്‍പ്പറഞ്ഞ ആദ്യകാല ഉപനിഷത്തുകളില്‍ ഈ ഹിരണ്യഗര്‍ഭന്‍ എന്ന ആദ്യസൃഷ്ടിയെ പറയുന്നില്ല എന്നു ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഋഗ്വേദത്തില്‍ ഈ ഹിരണ്യഗര്‍ഭനു കൊടുത്തിരിക്കുന്ന പദവിയില്‍ നിന്നും താഴ്ത്തി ഈ ഉപനിഷത്തില്‍ സൃഷ്ടിയിലെ ആദ്യത്തെ അംഗം ആയി മാറ്റപ്പെട്ടു. ഋഗ്വേദത്തിന്റെ അവസാനഭാഗത്തുള്ള ഈ ഹിരണ്യഗര്‍ഭന്‍ എന്ന സങ്കല്‍പ്പമോ, വിശ്വകര്‍മ്മാവ്, പുരുഷന്‍ എന്നീ ഏകദൈവപരമായ ആശയങ്ങളോ ഉപനിഷദ് ചിന്തകളെ സ്വാധീനിച്ചിട്ടില്ല എന്നാണ് ദാസഗുപ്തയുടെ അഭിപ്രായം. 

(തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.