മായാമയമാണ് ശരീരം

Wednesday 4 April 2018 2:10 am IST

രസാദിപഞ്ചീകൃത ഭൂതസംഭവം 

ഭോഗാലയം ദുഃഖസുഖാദികര്‍മ്മണാം 

ശരീരമാദ്യന്തവദാദികര്‍മ്മജം

മായാമയം സ്ഥൂലമുപാധിമാത്മനഃ (26)

ശബ്ദം സ്പര്‍ശം രൂപം രസം ഗന്ധം എന്നിങ്ങനെ പഞ്ചീകൃതമായ ഭൂതങ്ങളെക്കൊണ്ട് അതായത് പഞ്ചഭൂതങ്ങളെക്കൊണ്ട് നിര്‍മ്മിച്ചതും സുഖദുഃഖാദികളായ കര്‍മ്മങ്ങളുടെ അനുഭവസ്ഥാനവും, ആദിയും അന്ത്യവുമുള്ളതും, ആദ്യംതന്നെ കര്‍മ്മത്തില്‍ നിന്നും ജനിച്ചതും, മായാമയവുമാണ് ഈ ശരീരം. ഇത് ആത്മാവിന് ഇരിക്കാനുള്ള സ്ഥുലോപാധിയാണ് എന്നറിയണം.

കുറിപ്പ്- ശരീരം എന്ന പദത്തിനര്‍ത്ഥം ക്ഷയിച്ചുകൊണ്ടിരിക്കുന്നത് അഥവാ നശിച്ചുകൊണ്ടിരിക്കുന്നത് എന്നാണ്.  ഇത് ജഡവസ്തുക്കളായ പഞ്ചഭൂതങ്ങള്‍കൊണ്ടും ഇന്ദ്രിയങ്ങള്‍ പ്രാണന്‍ എന്നിവകൊണ്ടുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. കര്‍മ്മത്തിന്റെ ഫലമായുണ്ടായതും മായാമയവുമാണ് ശരീരം. അത് ആത്മാവിനിരിക്കാനുള്ള ഉപാധി മാത്രമാണ്. ഉപാധി നശിച്ചാലും ആത്മാവു നശിക്കുന്നില്ല.  

സൂക്ഷ്മം മനോബുദ്ധിദശേന്ദ്രിയൈര്‍യുതം 

പ്രാണൈരപഞ്ചീകൃത ഭൂതസംഭവം

ഭോക്തും സുഖാദേരനുസാധനം ഭവേല്‍ 

ശരീരമന്യദ്വിദുരാല്‍ മനോ ബുധാഃ   (27)

ബുദ്ധി, കര്‍മ്മജന്യമായ പത്തിന്ദ്രിയങ്ങള്‍, പഞ്ചപ്രാണന്മാര്‍ എന്നിവയോടുകൂടിയതും പഞ്ചഭൂതങ്ങള്‍കൊണ്ട് നിര്‍മ്മിക്കപ്പെടാത്തതുമായ മനസ്സ് ആത്മാവിന്റെ സൂക്ഷ്‌മോപാധിയാണ്. മനസ്സ് സുഖദുഃഖങ്ങള്‍ അനുഭവിക്കാനുള്ള ഉപകരണം മാത്രമാണ്. ഇവയെല്ലാം ചേര്‍ന്ന ശരീരം ആത്മാവില്‍ നിന്നും ഭിന്നമാണ് എന്ന് വിദ്വാന്മാര്‍ പറയുന്നു.

അനാദ്യനിര്‍വ്വാച്യമപീഹകാരണം 

മായാപ്രധാനം തു പരം ശരീരകം 

ഉപാധിഭേദാത്തു യതഃ പൃഥക്സ്ഥിതം 

സ്വാത്മാനമാത്മനവധാരയേല്‍ ക്രമാല്‍. (28)

  അനാദിയും അനിര്‍വചനീയവുമാണെങ്കിലും ശരീരം ഇഹലോകത്തിനുകാരണമാണ്. മായാപ്രധാനവുമാണ്. അത് ഉപാധിഭേദംകൊണ്ട് ഉണ്ടായതാണ്. എന്നാല്‍ ഉപാധികളില്‍ നിന്നു വേറിട്ടതാണ് ആത്മാവ് എന്ന് ക്രമത്തില്‍ ധരിച്ച് മനസ്സില്‍ ഉറപ്പിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.