ലോകങ്ങളെ സൃഷ്ടിച്ചത് ആത്മാവ്

Wednesday 4 April 2018 2:05 am IST
എന്റെ വാക്ക് മനസ്സില്‍ പ്രതിഷ്ഠിതമാകട്ടെ എന്റെ മനസ്സ് വാക്കില്‍ പ്രതിഷ്ഠിതമാകട്ടെ. സ്വയം പ്രകാശസ്വരൂപാ എനിക്ക് പ്രത്യക്ഷമായി പ്രകാശിച്ചാലും എനിക്ക് വേദമന്ത്രങ്ങളുടെ ആനേതാക്കളായി വാക്കും മനസ്സും മാറട്ടെ. ഞാന്‍ കേട്ട് പഠിച്ചത് എന്നെ വിട്ടുപോകാതിരിക്കട്ടെ. വേദാന്തവിചാരംകൊണ്ട് ഞാന്‍ പകലും രാത്രിയും കഴിയട്ടെ. ഞാന്‍ മാനസികവും വാചികവുമായ സത്യത്തെ പറയട്ടെ. ബ്രഹ്മം എന്നെ രക്ഷിക്കട്ടെ.

ഐതരേയ ഉപനിഷത്ത്-2

കേവലവും നിഷ്‌ക്രിയവുമായ ബ്രഹ്മവും ആത്മാവും ഒന്നാണെന്ന് ഉറപ്പിക്കാനായി ഐതരേയ ഉപനിഷത്ത് ആരംഭിക്കുന്നു.

ശാന്തി മന്ത്രം

ഓം വാങ്ങ്‌മേ മനസി പ്രതിഷ്ഠിതാ 

മനോ മേ വാചി പ്രതിഷ്ഠിതം

ആവിരാവിര്‍മ്മ ഏധിഃ വേദസ്യ മ 

ആണീസ്ഥഃ ശ്രുതാ മേ മാ പ്രഹാസീഃ

അനേനാധീതേ നാഹോരാത്രാന്‍ 

സന്ദധാമി ഋതം വദിഷ്യാമി

സത്യം വദിഷ്യാമി തന്മാമവതു 

തദ്‌വക്താരമവതു അവതു മാം

അവതു വക്തമനു അവതുവക്താരാ 

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

എന്റെ വാക്ക് മനസ്സില്‍ പ്രതിഷ്ഠിതമാകട്ടെ എന്റെ മനസ്സ് വാക്കില്‍ പ്രതിഷ്ഠിതമാകട്ടെ. സ്വയം പ്രകാശസ്വരൂപാ എനിക്ക് പ്രത്യക്ഷമായി പ്രകാശിച്ചാലും എനിക്ക് വേദമന്ത്രങ്ങളുടെ ആനേതാക്കളായി വാക്കും മനസ്സും മാറട്ടെ. ഞാന്‍ കേട്ട് പഠിച്ചത് എന്നെ വിട്ടുപോകാതിരിക്കട്ടെ. വേദാന്തവിചാരംകൊണ്ട് ഞാന്‍ പകലും രാത്രിയും കഴിയട്ടെ. ഞാന്‍ മാനസികവും വാചികവുമായ സത്യത്തെ പറയട്ടെ. ബ്രഹ്മം എന്നെ രക്ഷിക്കട്ടെ. വക്താവായ ആചാര്യനെ രക്ഷിക്കട്ടെ എന്നെ രക്ഷിക്കട്ടെ. ആചാര്യനെ രക്ഷിക്കട്ടെ. വക്താവിനെ രക്ഷിക്കട്ടെ.

എന്റെ വാക്കും മനസ്സും തമ്മില്‍ ഉറച്ചിരിക്കട്ടെയെന്നും ആത്മചൈതന്യത്തെ പ്രത്യക്ഷമായി അനുഭവമാകട്ടെയന്നുമുള്ള പ്രാര്‍ത്ഥനയോടെയാണ് ഉപനിഷത്തും ശാന്തിമന്ത്രവും ആരംഭിക്കുന്നത്. ആവീ എന്നത് സ്വയംപ്രകാശമായ ആത്മചൈതന്യത്തെയാണ് കുറിക്കുന്നത്. ഞാന്‍ പഠിച്ചത് ഓര്‍മ്മിക്കാനും അതിനൊത്തവണ്ണം ജീവിതം നയിക്കാനും എനിക്ക് കഴിയണം. വിപരീതമായത് ധരിക്കാന്‍ ഇടവരരുത്. മനസ്സുകൊണ്ട് തത്ത്വത്തെ അറിഞ്ഞ് വാക്കുകൊണ്ട് പറയാനാകണം. പഠിക്കുവാന്‍ പോകുന്ന ബ്രഹ്മതത്ത്വം ശിഷ്യനായ എനിക്ക് ശരിയായ ബോധത്തെ തന്ന് രക്ഷിക്കട്ടെ. പഠിപ്പിക്കാനുള്ള കഴിവിനെ കൊടുത്ത് ആചാര്യനേയും രക്ഷിക്കട്ടെ. പഠനത്തിന്  തടസ്സമുണ്ടാകാനിടയുള്ള താപത്രയങ്ങളായ ആധിദൈവീകം, ആധിഭൗതീകം, ആദ്ധ്യാത്മികം എന്നീ ദുഃഖങ്ങളെ ഇല്ലാതാക്കി ശാന്തി നല്‍കട്ടെയെന്ന പ്രാര്‍ത്ഥനയോടെ ഉപനിഷത്ത് ആരംഭിക്കാം.

ഓം ആത്മാവാ ഇദമേക ഏവാഗ്ര ആസിത്, 

നാന്യത് കിഞ്ചന മിഷത്.

സൃഷ്ടിക്കു മുമ്പ് ഈ ജഗത്ത് ആത്മാവ് ഒന്നു മാത്രമായിരുന്നു. മിഴിക്കുന്നതോ അല്ലാത്തതോ ആയ യാതൊന്നും വേറെ ഉണ്ടായിരുന്നില്ല.

പ്രപഞ്ചം എങ്ങനെയുണ്ടായി? ഏതില്‍നിന്ന് എപ്പോള്‍ ഉണ്ടായി തുടങ്ങിയ ശിഷ്യന്റെ ചോദ്യങ്ങള്‍ക്കുള്ള ആചാര്യന്റെ ഉത്തരം എന്ന നിലയ്ക്കാണ് ഉപനിഷത്ത് ആരംഭിക്കുന്നത്. സൃഷ്ടിക്കു മുന്‍പ് എന്താണ് ഉണ്ടായിരുന്നതെന്ന് ആദ്യം പറയുന്നു. നിത്യശുദ്ധവും ഏറ്റവും അദ്വയവുമായ പരമാത്മാവ് മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. 'ബ്രഹ്മാ' എന്നതിനു പകരം 'ആത്മാ' എന്നാണ് ഉപയോഗിച്ചിരുന്നത്. മിഷത് എന്ന വാക്കിന് മിഴിക്കുന്നത് അഥവാ വ്യാപാരമുള്ളത് എന്നാണ് അര്‍ത്ഥം. സൃഷ്ടിക്കു മുമ്പ് വ്യാപാരമുള്ളതോ അല്ലാത്തതോ ആയ യാതൊന്നും ഉണ്ടായിരുന്നില്ല. ആത്മാവല്ലാതെ വേറെ ഒരു രൂപവുമില്ലായിരുന്നു. ആത്മാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സൃഷ്ടിക്കുമുണ്ട് നാമരൂപഭേദങ്ങളൊന്നുമില്ലാതെ അവ്യാകൃതമായിരുന്ന ആത്മാവ്. സൃഷ്ടിക്കുശേഷം അനേകം നാമരൂപഭേദങ്ങളുടെ വ്യാകൃത അവസ്ഥയില്‍ പലതെന്നു തോന്നിച്ചു വിളങ്ങുന്നു. വെള്ളം തന്നെ നുര, പത, പോള എന്നിങ്ങളെ പലതായി തോന്നുന്നതുപോലെയാണിത്. ഒരേ ആത്മാവ് മാത്രമാണ് ഇപ്പോഴും എപ്പോഴും ഉള്ളത്. ആത്മാവ് മാത്രമാണ് എന്നുമുള്ളത് എന്ന് സമര്‍ത്ഥിക്കുമ്പോള്‍ സാംഖ്യന്മാരുടെ പ്രധാനവാദവും വൈശേഷികന്മാരുടെ പരമാണുവാദവും ശരിയല്ല എന്നുകൂടി കാണിക്കുന്നു.

സ ഈക്ഷത ലോകാന്‍ നു സൃജാ ഇതി

ആ ആത്മാവ് എനിക്ക് ലോകങ്ങളെ സൃഷ്ടിക്കണം എന്ന് ആലോചിച്ചു (വിചാരിച്ചു)

ആത്മാവിന് ശരീരമോ മനസ്സോ ഇന്ദ്രിയങ്ങളോ ഇല്ലാത്തതായതിനാല്‍ എങ്ങനെയാണ് വിചാരിക്കുന്നത് എന്ന് സംശയമുണ്ടാകാം. സര്‍വ്വജ്ഞനായ ആത്മാവ് ചൈതന്യ സ്വരൂപമായതിനാല്‍ ഇന്ദ്രിയങ്ങളൊന്നും കൂടാതെ തന്നെ അറിയുന്നതിനും ചിന്തിക്കുന്നതിനും ആത്മാവിന് സാധിക്കും. 'ഈക്ഷത' എന്ന വാക്കുകൊണ്ടാണ് ആത്മാവ് ലോകങ്ങളെ സൃഷ്ടിക്കണം എന്നു 'വിചാരിച്ചു' എന്നതിനെ പറയുന്നു. ആത്മാവിന്റെ, ഈഷതത്വത്തെ നമ്മുടെ സാധാരണയുള്ള ആലോചനയോടോ ആഗ്രഹത്തോടോ തുലനം ചെയ്യാനാകില്ല. എങ്കിലും നമ്മള്‍ എന്തെങ്ങനെയെങ്കിലും ചെയ്യണമെങ്കില്‍ ആദ്യം അതിനെക്കുറിച്ച് ആലോചിക്കുമല്ലോ.

സ ഇമാന്‍ ലോകാനസൃജത

ആ ആത്മാവ് ഈ ലോകങ്ങളെ സൃഷ്ടിച്ചു. നന്നായി ആലോചിച്ചശേഷം ആത്മാവ് താന്‍ ഉദ്ദേശിച്ച തരത്തിലുള്ള ലോകങ്ങളെ ഉണ്ടാക്കി. ഒരു കെട്ടിടം ഉണ്ടാക്കാന്‍ അതിന്റെ ശില്‍പി എങ്ങനെ രൂപരേഖ തയ്യാറാക്കി പിന്നീട് അതിനെ മനോഹരമായി നിര്‍മാണത്തില്‍ കൊണ്ടുവരുന്നതുപോലെയാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.