ചെങ്ങന്നൂരില്‍ സിപിഎമ്മിന്റെ കണ്ണൂര്‍ മോഡല്‍ അക്രമം

Wednesday 4 April 2018 2:00 am IST

 

വൃദ്ധ ദമ്പതികളുടെ വീടിന്റെ വാതില്‍ തീയിട്ട് നശിപ്പിച്ചു

ചെങ്ങന്നൂര്‍: ചെറിയനാട്ടില്‍ വൃദ്ധ ദമ്പതികളുടെ വീടിനുനേരെ സിപിഎം ആക്രമണം. കഴിഞ്ഞ ദിവസം ചെറിയനാട്ടില്‍ വീടിനുനേരെ നടന്ന അക്രമത്തിന് പിന്നാലെയാണ് വീണ്ടും സിപിഎം അക്രമണം നടത്തിയത്. 

  ബിഎംഎസ് പ്രവര്‍ത്തകനായ തേവര്‍പാടത്ത് മഹേഷ് ഭവനത്തില്‍ മോഹനന്‍നായരുടെ വീടിനു നേരെയാണ് തിങ്കളാഴ്ച രാത്രി അക്രമം നടന്നത്. അക്രമികള്‍ വീടിന്റെ അടുക്കളവാതില്‍ തീയിട്ടു നശിപ്പിച്ചു. ഇന്നലെ രാവിലെ ആറുമണിയോടെയാണ് വിവരം ശ്രദ്ധയില്‍പ്പെട്ടത്. 

  വാതിലിനോട് ചേര്‍ത്ത് തുണികള്‍ കൂട്ടിയിട്ട് കത്തിച്ച നിലയിലായിരുന്നു. ഇവര്‍ ഭയപ്പെട്ട് സമീപവാസികളെ വിവരമറിയിച്ചു. 

  തുടര്‍ന്ന് ചെങ്ങന്നൂര്‍ സിഐ ദിലീപ്ഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മോഹനന്‍നായരും മണിയമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ഒന്നാം തീയതിയും ഈ വീടിനു നേരെ അക്രം നടത്തിയിരുന്നു. 

  അന്ന് കിണറിന്റെ മേല്‍മൂടി അക്രമികള്‍ നശിപ്പിച്ചിരുന്നു. കൂടാതെ സമീപം താമസിക്കുന്ന ലക്ഷ്മി സദനത്തില്‍ പങ്കജാക്ഷകുറുപ്പിന്റെ വീടിനുനേരെയും ആക്രമണം നടന്നിരുന്നു. വീടിന്റെ പറമ്പില്‍ അതിക്രമിച്ചു കടന്നു കൊടിതോരണങ്ങള്‍ കെട്ടുകയും കിണറ്റില്‍ കരിഓയില്‍ ഒഴിച്ച് നശിപ്പിക്കുകയും ചെയ്തു. 

  ഏറെക്കാലമായ ചെറിയനാട്ടില്‍ സിപിഎം നടത്തുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണിത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമുതല്‍ ബിജെപി നേട്ടമുണ്ടാക്കിയതോടെയാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ തുടങ്ങിയത്. 

  അന്ന് ബിജെപി സ്ഥാനാര്‍ത്ഥിയുടെ സഹോദരിയെയും ഭര്‍ത്താവിനെയും വീട്ടില്‍കയറി സിപിഎം അക്രമിസംഘം വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. എട്ട് മാസം മുമ്പ് മഹിള മോര്‍ച്ച ആലപ്പുഴ  ജില്ല വൈസ് പ്രസിഡന്റ് അമ്പിളിയെ പട്ടാപ്പകല്‍ സിപിഎം പ്രദേശിക നേതാവിന്റെ നേതൃത്വത്തില്‍ നടുറോഡില്‍ അക്രമിച്ച സംഭവവും,  ബിജെപി പ്രവര്‍ത്തകനായ ഇലഞ്ഞിമേല്‍ കാവുങ്കല്‍ കെ.പി ഹരിദാസിനെയും ബിഎംഎസ് മേഖലാ വൈസ് പ്രസിഡന്റ് പെരിങ്ങേലിപ്പുറം തോടയില്‍ ബാലചന്ദ്രനെയും ആയുധങ്ങളുമായി എത്തിയ ഡിവൈഎഫ്ഐ  സംഘം നടുറോഡില്‍ അക്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.