പുഞ്ചകൃഷിയില്‍ വിളവ് കുറവ്; ഭക്ഷ്യ സുരക്ഷയെ ബാധിക്കും

Wednesday 4 April 2018 2:16 am IST
സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയെ പോലും ബാധിക്കുന്നതാണ് നെല്ലുത്പാദനത്തിന്റെ കുറവ്. ഫെബ്രുവരി ആദ്യആഴ്ചയാണ് പുഞ്ചക്കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചത്. മെയ് 10 ഓടെ വിളവെടുപ്പ് പൂര്‍ത്തിയാക്കും. 1,20,000 മെട്രിക് ടണ്‍ നെല്ലിന്റെ ഉത്പാദനം പ്രതീക്ഷിച്ചാണ് 23,000ത്തോളം ഹെക്ടര്‍ പാടശേഖരത്തില്‍ കൃഷിയിറക്കിയത്. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ വിളവ് കൂടുതല്‍ ലഭിക്കുന്ന ഉമ വിത്തും അപ്പര്‍ കുട്ടനാട് പ്രദേശങ്ങളിലെ ചിലയിടങ്ങളില്‍ ജ്യോതി വിത്തുമാണിറക്കിയത്.
"undefined"

ആലപ്പുഴ: കാര്‍ഷിക കലണ്ടര്‍ നടപ്പാക്കാത്തതും കാലാവസ്ഥാവ്യതിയാനവും കുട്ടനാട്ടിലെ പുഞ്ചക്കൃഷി വിളവിനെ ബാധിച്ചു.  ഇതുവരെ കൊയ്ത്ത് നടന്ന പാടശേഖരങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചതിലും കുറവ് വിളവാണ് ലഭിച്ചത്. 

 20,000 ടണ്‍ വിളവ് കുറയുമെന്നാണ് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നത്. പുഞ്ചക്കൃഷിയുടെ 60 ശതമാനത്തോളം സംഭരണവും വിളവെടുപ്പും പൂര്‍ത്തിയായി. താമസിച്ച് വിളവിറക്കിയതും ആവശ്യത്തിനു മഴ ലഭിക്കാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കൂടാതെ ഓരുവെള്ളമെത്തിയെന്ന ആശങ്കയില്‍ വെള്ളം കയറ്റിയിറക്കാതിരുന്നതും അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിച്ചതും വിളവുകുറയാന്‍ കാരണമായി.

 സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയെ പോലും ബാധിക്കുന്നതാണ് നെല്ലുത്പാദനത്തിന്റെ കുറവ്. ഫെബ്രുവരി ആദ്യആഴ്ചയാണ് പുഞ്ചക്കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചത്. മെയ് 10 ഓടെ വിളവെടുപ്പ് പൂര്‍ത്തിയാക്കും. 1,20,000 മെട്രിക് ടണ്‍ നെല്ലിന്റെ ഉത്പാദനം പ്രതീക്ഷിച്ചാണ് 23,000ത്തോളം ഹെക്ടര്‍ പാടശേഖരത്തില്‍ കൃഷിയിറക്കിയത്. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ വിളവ് കൂടുതല്‍ ലഭിക്കുന്ന ഉമ വിത്തും അപ്പര്‍ കുട്ടനാട് പ്രദേശങ്ങളിലെ ചിലയിടങ്ങളില്‍ ജ്യോതി വിത്തുമാണിറക്കിയത്. 

    മുന്‍ വര്‍ഷങ്ങളില്‍ ഉമ വിത്ത് ഒരേക്കറില്‍കൃഷി ചെയ്താല്‍ മൂന്നുമുതല്‍ മൂന്നര ടണ്‍വരെ നെല്ല് ലഭിക്കുമായിരുന്നു. ഇത്തവണ വിളവെടുപ്പില്‍ ഒരേക്കറില്‍ നിന്ന് രണ്ടുമുതല്‍ രണ്ടര ടണ്‍ നെല്ല് മാത്രമാണ് ലഭിക്കുന്നത്. കാര്‍ഷിക കലണ്ടര്‍ കൃത്യമായി പാലിച്ച് കൃഷിയിറക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കാലങ്ങളായി സര്‍ക്കാരുകള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും നടപ്പാകുന്നില്ല, പുഞ്ചകൃഷി വൈകുന്നത് പതിവായിരിക്കുകയാണ്. ഇതോടെ കാലാവസ്ഥ വ്യതിയാനവും കീടബാധയും ഉത്പാദനത്തെ ബാധിക്കുന്നു. 

 പുഞ്ചക്കൃഷിയില്‍നിന്ന് സപ്ലൈകോ സംഭരിച്ച ഭൂരിഭാഗം പാടശേഖരങ്ങളിലേയും നെല്ലിന് ഗുണനിലവാരമില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നെല്ലില്‍ പതിരിന്റെ അളവും കൂടുതലാണ്. വൈകി വിളവെടുക്കുന്ന പാടശേഖരങ്ങളില്‍ വിളവു വന്‍തോതില്‍ കുറയുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് ആരംഭിച്ചതോടെ കുട്ടനാട്ടിലും മറ്റും കൊയ്ത്ത് യന്ത്രങ്ങള്‍ക്ക് ചെറിയതോതില്‍ ക്ഷാമം അനുഭവപ്പെടുന്നതും പ്രതിസന്ധി വര്‍ദ്ധിപ്പിച്ചു. ജില്ലയില്‍ പുഞ്ചക്കൃഷിയില്‍നിന്ന് ആറായിരത്തോളം ലോഡ് നെല്ലാണ് ശനിയാഴ്ച വരെ സപ്ലൈകോ സംഭരിച്ചത്. വിലയായി 15 കോടിയോളം രൂപ വിതരണം ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.