നാലുദിനംകൊണ്ട് അവര്‍ നേടിയത്

Wednesday 4 April 2018 6:35 am IST
സാംസ്‌കാരിക വൈവിധ്യങ്ങളാല്‍ സമ്പുഷ്ടമായ നിരവധി ശാസ്ത്രീയ, നാടന്‍ കലാരൂപങ്ങള്‍ നമുക്ക് സ്വന്തമാണ്. എന്നാല്‍ പുതുതലമുറയുടെ കലാസ്വാദനവും കലാപഠനവും കലോത്സവ വേദികളില്‍ മാത്രമായി ഒതുങ്ങുന്ന ഇക്കാലത്ത് ഒരു മാറ്റം സൃഷ്ടിക്കുകയാണ് സ്പിക്മാക്കെ എന്ന സന്നദ്ധ സംഘടന. രാജ്യമൊട്ടാകെയുള്ള അയ്യായിരത്തില്‍പ്പരം പ്രഗത്ഭ കലാകാരന്മാരാണ് വിവിധയിടങ്ങളിലായി സ്പിക്മാക്കെയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിശീലന കളരികളില്‍ ഗുരുക്കന്മാരായെത്തുന്നത്.
"undefined"

 

സാംസ്‌കാരിക വൈവിധ്യങ്ങളാല്‍ സമ്പുഷ്ടമായ നിരവധി ശാസ്ത്രീയ, നാടന്‍ കലാരൂപങ്ങള്‍ നമുക്ക് സ്വന്തമാണ്. എന്നാല്‍ പുതുതലമുറയുടെ കലാസ്വാദനവും കലാപഠനവും കലോത്സവ വേദികളില്‍ മാത്രമായി ഒതുങ്ങുന്ന ഇക്കാലത്ത്  ഒരു മാറ്റം സൃഷ്ടിക്കുകയാണ് സ്പിക്മാക്കെ എന്ന സന്നദ്ധ സംഘടന.

രാജ്യമൊട്ടാകെയുള്ള അയ്യായിരത്തില്‍പ്പരം പ്രഗത്ഭ കലാകാരന്മാരാണ് വിവിധയിടങ്ങളിലായി സ്പിക്മാക്കെയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിശീലന കളരികളില്‍ ഗുരുക്കന്മാരായെത്തുന്നത്.  അടുത്തിടെ കൊച്ചി അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 'സമീക്ഷ 2018' എന്ന പേരില്‍ നടത്തിയ ചതുര്‍ദിന കലാപരിശീലന ശില്‍പശാലയില്‍ പതിനാല് കലാരൂപങ്ങളിലായി പങ്കെടുത്തത് 578 കുട്ടികള്‍.

കഥകളി, മോഹിനിയാട്ടം, തോല്‍പ്പാവക്കൂത്ത്, കളരിപ്പയറ്റ്, കര്‍ണ്ണാടക സംഗീതം, തബല, ഹിന്ദുസ്ഥാനി സംഗീതം, ചുമര്‍ചിത്ര രചന, ശില്‍പകല, കഥക്, ഒഡീസി, ഭരതനാട്യം, കുച്ചിപ്പുടി, ചെറിയല്‍ പെയിന്റിങ്ങ് എന്നീ പതിനാല് കലാരൂപങ്ങളാണ് കുട്ടികളെ പരിചയപ്പെടുത്തിയത്. അതത് കലകളിലെ അതികായന്മാര്‍ തന്നെയാണ് കലാപാഠങ്ങള്‍ പകര്‍ന്ന് കൊടുക്കാന്‍ എത്തിയതും. ചുരുങ്ങിയ സമയം കൊണ്ട് സ്വായത്തമാക്കിയ കലാപാഠങ്ങളുടെ അരങ്ങേറ്റവും സമാപന ദിവസം വിദ്യാര്‍ത്ഥികള്‍ നടത്തി.

ആദ്യമായാണ്, പക്ഷെ...

ഗുരുക്കന്മാര്‍ക്ക് മുന്നിലേക്ക് എത്തുമ്പോള്‍ കലാമോഹം മാത്രമാണ് കുട്ടികള്‍ക്ക് കൈമുതലായുണ്ടായിരുന്നത്. ശില്‍പശാലയില്‍ നൃത്തയിനങ്ങള്‍ അഭ്യസിച്ച പലരും ജീവിതത്തില്‍ ആദ്യമായാണ് ചിലങ്കയണിയുന്നതും നൃത്തച്ചുവട് വെയ്ക്കുന്നതും. ജീവിതത്തില്‍ അതുവരെ തബലയില്‍ സ്പര്‍ശിച്ചിട്ടേ ഇല്ലാത്തവരാണ് നാലു നാളുകള്‍കൊണ്ട് പിഴയ്ക്കാതെ താളം പിടിക്കാന്‍ പ്രാപ്തരായത്. ആഗ്രഹമുണ്ടായിട്ടും പല കാരണങ്ങളാല്‍ നിറമണിയാതെ പോയ കുട്ടികളുടെ കലാവാസനയെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു സ്പിക്മാക്കെ തങ്ങളുടെ ചതുര്‍ദിന പരിശീലന ശില്‍പശാലയിലൂടെ.  

 മലയാളിയുടെ സ്വകാര്യ അഹങ്കാരമായ കഥകളിയെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ തയ്യാറായി നിരവധി കുട്ടികളാണ് ഉണ്ടായിരുന്നത്. പലരും കഥകളി നേരിട്ട് കണ്ടിട്ട് കൂടിയില്ലാത്തവര്‍. കണ്ടിട്ടുള്ളവരോ കലോത്സവ വേദികളിലെ മിനിട്ടുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന കഥകളി അവതരണവും. 

"undefined"

എന്നിട്ടും കഥകളി പഠിക്കാന്‍ കുട്ടികള്‍ താത്പര്യം പ്രകടിപ്പിക്കുന്നത് ആ കലാരൂപത്തിന്റെ പൂര്‍ണ്ണത കൊണ്ടാണെന്ന് കഥകളിയെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയ ആചാര്യന്‍ ഫാക്ട് ജയദേവവര്‍മ്മ പറയുന്നു. ഇത്തരം പരിശീലന കളരികള്‍ കഥകളി എന്താണെന്ന് മനസ്സിലാക്കാനെങ്കിലും ഉതകുന്നതാകുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 

 ജീവിതത്തില്‍ ഒരു പ്രാവശ്യം പോലും നൃത്തം ചെയ്തിട്ടില്ലാത്ത കുട്ടികള്‍ എത്തിയത് ഒഡീസി അഭ്യസിക്കാന്‍!. ഒറീസയുടെ തനത് കലാരൂപമായ ഒഡിസി പഠിപ്പിക്കാന്‍ കേരളത്തില്‍ കലാകാരന്മാര്‍ ഇല്ലാത്തതിനാലാകാം നൂറിലേറെ കുട്ടികളാണ് ഉത്തര അന്തര്‍ജനത്തിന് കീഴില്‍ ഒഡീസി അഭ്യസിക്കാനെത്തിയത്. തുടര്‍ന്നും പഠനം മുന്നോട്ട് കൊണ്ടുപോകണമെന്നാണ് പലരുടെയും ആഗ്രഹം. 

ഹിന്ദുസ്ഥാനി സംഗീത പാഠങ്ങള്‍ പകര്‍ന്ന് നല്‍കി അംജത് അലിഖാനും  കര്‍ണ്ണാടക സംഗീത പാഠങ്ങള്‍ പഠിപ്പിച്ച് വിവേക് മൂഴിക്കുളവും ശില്‍പശാലയെ സംഗീത സാന്ദ്രമാക്കി. 

ഭരതനാട്യം, കഥക്, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ ഇനങ്ങളില്‍ യഥാക്രമം ശ്വേത പ്രചണ്ഡെ, വിദ്യാ ഗൗരി അഡ്ഗര്‍, വിദ്യാ പ്രദീപ്, ദീപാ ശശീന്ദ്രന്‍ എന്നിവര്‍ നയിച്ച സോദാഹരണ ക്ലാസുകള്‍ക്ക് ശേഷമുള്ള കുട്ടികളുടെ അരങ്ങേറ്റം ചടുലതയാര്‍ന്ന നൃത്തച്ചുവടുകള്‍ കൊണ്ടും ലാസ്യഭാവം കൊണ്ടും മികവുറ്റതായിരുന്നു. 

കളിമണ്‍ ശില്‍പങ്ങളും കളരിപ്പയറ്റും

കളരിപ്പയറ്റ് പഠിക്കാനും ശില്‍പശാലയില്‍ കുട്ടികള്‍ക്ക് സൗകര്യം ഒരുക്കിയിരുന്നു. കളരിപ്പയറ്റിനായി മുന്നോട്ട് വന്ന കൂടുതല്‍ പേരും പെണ്‍കുട്ടികളായിരുന്നു. പെണ്‍കുട്ടികള്‍ ആയോധന കലകള്‍ അഭ്യസിക്കേണ്ടത് അനിവാര്യമാണെന്ന് കളരി ഗുരുക്കള്‍ പറയുന്നു. കുട്ടികളുടെ മെയ്‌വഴക്കവും ക്ഷീണം പോലുമറിയാതെയുള്ള പരിശീലനവും തന്നെ അത്ഭുതപ്പെടുത്തിയെന്നും വല്ലഭട്ട കളരി ഗുരുക്കള്‍ അഭിപ്രായപ്പെട്ടു. 

 

"undefined"

കളിമണ്‍ ശില്‍പ നിര്‍മ്മാണ പരിശീലന കളരിയില്‍ ശില്‍പിയും ചിത്രകാരനുമായ പ്രൊഫ. സി.എസ് ജയറാം എന്ന പ്രഗത്ഭനായ ഗുരുവിന്റെ ശിക്ഷണത്തില്‍ തമിഴ്‌നാട്ടിലെ പ്രശസ്ത ശില്‍പനിര്‍മാണ ശൈലിയായ അയ്യനാര്‍ കുതിരകളടക്കം നിരവധി കളിമണ്‍ ശില്‍പ്പങ്ങളാണ് വിദ്യാര്‍ത്ഥികളുടെ കരവിരുതിനാല്‍ പിറവികൊണ്ടത്.  ചുമര്‍ ചിത്രകലയും ചെറിയല്‍ പെയിന്റിങ്ങും കളിമണ്‍ ശില്‍പനിര്‍മ്മാണവും അഭ്യസിച്ചവരുടെ സൃഷ്ടികളുടെ  പ്രദര്‍ശനവും നടന്നു.

പൊതുവെ ശില്‍പശാലകളില്‍ അത്ര കണ്ടിട്ടില്ലാത്ത ഒന്നാണ് തോല്‍പ്പാവക്കൂത്ത്. നാല് ദിവസം എന്ന ചുരുങ്ങിയ കാലയളവില്‍ വിശ്വനാഥ പുലവരുടെ മേല്‍നോട്ടത്തില്‍ തോല്‍പ്പാവക്കൂത്ത് പഠിച്ചെടുത്ത കുട്ടികള്‍ മുപ്പത് മിനിട്ട് നീണ്ട് നില്‍ക്കുന്ന കലാ പ്രകടനവും കാഴ്ചവച്ചു.  സ്വയം നിര്‍മ്മിച്ച തോല്‍പ്പാവകള്‍ കൊണ്ട് സീതാ സ്വയംവരം കഥയാണ് കുട്ടികള്‍ അവതരിപ്പിച്ചത്.

സ്പിക്മാക്കെ

ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തേയും സംസ്‌കാരത്തെയും യുവതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് സ്പിക്മാക്കെ.

"undefined"
1977-ല്‍ ഡോ. കിരണ്‍ സേത്ത് രൂപം നല്‍കിയ സ്പിക്മാക്കെ 1990-കളിലാണ് കേരളത്തില്‍ എത്തിയത്. ചിന്മയ മിഷനാണ് ആദ്യമായി സ്പിക്മാക്കെ ചാപ്റ്റര്‍ കേരളത്തിലെത്തിച്ചത്. എയര്‍ ഇന്ത്യ, ജെസിബി, ഇന്ത്യന്‍ ഓയില്‍, തക്ഷില എന്നിങ്ങനെ നിരവധി സംഘടനകളില്‍ നിന്നും  വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന   സാമ്പത്തിക സഹായത്തോടെയാണ് സ്പിക്മാക്കെ പ്രവര്‍ത്തിക്കുന്നത്.

"undefined"
ബിര്‍ജു മഹാരാജ്, അടൂര്‍ ഗോപാലകൃഷ്ണന്‍,  ടി.എം. കൃഷ്ണ,  അലര്‍മേല്‍ വള്ളി, കപിലാ വേണു, സുധാ രഘുനാഥന്‍, ഗിരിജാ ദേവി എന്നിങ്ങനെ എണ്ണമറ്റ പ്രശസ്തരായ കലാകാരന്മാരാണ് സ്പിക്മാക്കെയുടെ  സോദാഹരണ ക്ലാസുകള്‍ നയിക്കാന്‍ എത്താറുള്ളത്. ഒരു കാര്യാലയമില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളും www.spicmacay.com  എന്ന വെബ്‌സൈറ്റ് മുഖേനയാണ് നടക്കുന്നത്. 

"undefined"
കലയുമായി ചങ്ങാത്തം കൂടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിലേക്കുള്ള വാതായനങ്ങള്‍ തുറന്നുകൊടുക്കുകയാണ് സ്പിക്മാക്കെ. കേവലം ഒരു ആഗ്രഹപൂര്‍ത്തീകരണമോ കലാജീവിതം തുടരണമോ എന്നത് വ്യക്തികളുടെ സ്വാതന്ത്ര്യം. പക്ഷെ സ്പിക്മാക്കെ മുന്നോട്ടുവയ്ക്കുന്ന സാധ്യതകള്‍ ഏറെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.