പുതിയ സ്വിഫ്റ്റ് ഞെട്ടിച്ചു

Wednesday 4 April 2018 2:41 am IST
"undefined"

മാരുതി സുസുക്കിയുടെ കാറുകള്‍ക്ക് എന്നും ആവശ്യക്കാരേറെയാണ്. പുതിയ കാര്‍ വന്നാലും പഴയതിന്റെ പരിഷ്‌കരിച്ച പതിപ്പിറക്കിയാലും മാരുതിയുടെ കാറുകള്‍ക്ക് ഡിമാന്റ് കൂടിയിട്ടേയുള്ളൂ. പുതിയ സ്വിഫ്റ്റിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.  10 ആഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷത്തോളം ബുക്കിങ്ങാണ് പുതിയ സ്വിഫ്റ്റിനെ തേടിയെത്തിയത്. സ്വിഫ്റ്റിന്റെ ബുക്കിംഗ് കണ്ട് വാഹനലോകം ശരിക്കും ഞെട്ടി. അതിനേക്കാളേറെ ഞെട്ടിയത് മാരുതി സുസുക്കി തന്നെയാണ്. കാരണം, ഇത്രയധികം കാറുകള്‍ എന്ന് നിര്‍മ്മിച്ച് നല്‍കാനാകുമോയെന്നാണ് അവരുടെ ആശങ്ക. 

ഗുജറാത്തിലെ കാര്‍ നിര്‍മ്മാണ കേന്ദ്രത്തിലാണ് പുതിയ സ്വിഫ്റ്റും ബെലോനോയും മാരുതി സുസുകി ഉത്പാദിപ്പിച്ചിരുന്നത്. പുതിയ സ്വിഫ്റ്റിന് ആവശ്യക്കാരേറിയതോടെ ബലേനോയുടെ ഉത്പാദനം ഹരിയാനയിലേക്ക് മാറ്റി. ഗുജറാത്തിലെ നിര്‍മ്മാണം പൂര്‍ണ്ണമായും സ്വിഫ്റ്റിന്റേത് മാത്രമാക്കി. പ്രതിമാസം ഇവിടെ നിന്ന് 20,000 കാറുകള്‍ മാത്രമാണ് ഇപ്പോള്‍ ഉത്പാദിപ്പിക്കാനാകുന്നത്. വര്‍ഷം ഇത് 1.40 ലക്ഷം യൂണിറ്റാണ്. ഇത് രണ്ടരലക്ഷമാക്കി ഉയര്‍ത്താനാണ് ശ്രമം.

പുതിയ സ്വിഫ്റ്റിന് ഇത്രയേറെ ആവശ്യക്കാരുണ്ടാകാന്‍ കാരണമെന്താണെന്ന് പലരും ആലോചിക്കുന്നുണ്ട്. അതിന്റെ ലുക്കും പെര്‍ഫോമന്‍സും തന്നെ കാരണം. ആദ്യ സ്വിഫ്റ്റിനേക്കാള്‍, സൗന്ദര്യത്തില്‍ ഏറെ മുന്നിലാണ് പുതിയത്.  പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍(എഎംടി)അവതരിപ്പിച്ചതാണ് പുതിയ സ്വിഫ്റ്റിന്റെ പ്രധാന നേട്ടം. ഒപ്പം, വിലക്കുറവും ആളുകളെ ആകര്‍ഷിച്ചു. ബേസ് മോഡലിന് 4.99 ലക്ഷം മുതല്‍ വിലയേ വരൂ.

കൂടുതല്‍ സ്ഥലസൗകര്യവും പുതിയ സ്വിഫ്റ്റിനെ വ്യത്യസ്തമാക്കി. ആന്‍ഡ്രോയ്ഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഉള്‍പ്പെടെ സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും യാത്രക്കാരെ ആകര്‍ഷിക്കുന്നു. കൂടാതെ, സുരക്ഷയ്ക്കായി എയര്‍ബാഗും, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനവും (എബിഎസ്) ഉണ്ട്. കൂടുതല്‍ സുരക്ഷയില്‍ കുറഞ്ഞ വിലയില്‍ ആഢംബരയാത്ര നല്‍കുന്ന മറ്റൊരു കാറില്ലെന്ന് വേണം പറയാന്‍. പുതിയ സ്വിഫ്റ്റിന്റെ ബുക്കിംഗ് ഇനിയും ഉയര്‍ന്നാല്‍, കൂടുതല്‍ നിര്‍മ്മാണശാലകള്‍ തുറക്കുന്നതിനെക്കുറിച്ച് പോലും മാരുതിക്ക് ചിന്തിക്കേണ്ടിവരും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.