ഗീതാ ജ്ഞാന യജ്ഞത്തില്‍ ലയിച്ച് കുറ്റിയാട്ടൂര്‍

Tuesday 3 April 2018 11:29 pm IST

 

മയ്യില്‍: ശ്രീ ശങ്കര വിദ്യാനികേതനില്‍ നടക്കുന്ന നാലാമത് സമ്പൂര്‍ണ്ണ ശ്രീമദ് ഭഗവത് ഗീതാ ജ്ഞാനയജ്ഞത്തില്‍ ലയിച്ച് കുറ്റിയാട്ടൂര്‍ ഗ്രാമം. സാധാരണ ക്ഷേത്രങ്ങളിലും മറ്റ് ആത്മീയ കേന്ദ്രങ്ങളിലും നടത്തിവരാറുള്ള യജ്ഞമാണ് ശ്രീശങ്കര വിദ്യാനികേതന്‍ വിദ്യാലയത്തില്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ ജാതി മത ഭേദമന്യേ മുഴുവനാളുകളുടേയും പങ്കാളിത്തം യജ്ഞ വേദിയെ സജീവമാക്കുന്നു. 

സര്‍വ്വ ശാസ്ത്രങ്ങളുടേയും മാതാവായ ശ്രീമദ് ഭഗവത് ഗീതയെ എല്ലാവരും അറിയുക, അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത്തരം ഗീതാ പഠനയജ്ഞം ഇവിടെ നടത്തുന്നത്. ഭഗവദ്ഗീതാ പഠനത്തോടൊപ്പം സാധനാപഞ്ചകം, മാതൃപഞ്ചകം, ശ്രീ ശങ്കരാചാര്യ വര്യം, അച്ച്യുതാഷ്ടകം, പ്രാതസ്മരണ, ശിവമാനസപൂജ തുടങ്ങിയ നിരവധി വിഷയങ്ങളേക്കുറിച്ച് നിരവധി സന്യാസ ശ്രേഷ്ഠന്‍മാരുടെ ക്ലാസ്സുകളും, ശബരിമല മുന്‍മേല്‍ശാന്തി ഏഴിക്കോട് കൃഷണദാസ് നമ്പൂതിരിപ്പാട് നടത്തുന്ന പ്രത്യേക പൂജകളും ഹോമങ്ങളും, സ്‌തോത്ര പാരായണങ്ങളും, ഭക്തിനിര്‍ഭരമായ ഭജനകള്‍, കലാപരിപാടികളും പ്രമുഖ സാംസ്‌ക്കാരിക ആദ്ധ്യാത്മികാചാര്യന്‍മാര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങളും യജ്ഞവേദിയെ സജീവമാക്കുന്നു. ശ്രീമദ് ഭഗവദ് ഗീതയെ പാഠ്യവിഷയമാക്കി പ്രവര്‍ത്തിക്കുന്ന ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള ജില്ലയിലെ നിരവധി വിദ്യാലയങ്ങളില്‍ ഒന്നാണ് കുറ്റിയാട്ടൂര്‍ ശ്രീ ശങ്കര വിദ്യാനികേതന്‍. എപ്രില്‍ 1ന് യജ്ഞാചാര്യന്‍ സംപൂജ്യ സ്വാമി വേദാനന്ദ സരസ്വതി നടത്തിയ ധ്വജാരോഹണത്തോടെ സമാരംഭം കുറിച്ച യജ്ഞം 8ന് സമ്പൂര്‍ണ്ണ ഗീതാ മന്ത്രജപഹവനത്തോടെ പൂര്‍ണ്ണാഹുതി, സമൂഹസദ്യ, ധ്വജാവരോഹണത്തോടെ ഈ വര്‍ഷത്തെ യജ്ഞത്തിന് പരിസമാപ്തി കുറിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.