കല്യാട് വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് വ്യാപക അഴിമതി നടക്കുന്നതായി പരാതി

Tuesday 3 April 2018 11:30 pm IST

 

ഇരിക്കൂര്‍: കല്യാട് വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് ചില ഉദ്യോഗസ്ഥര്‍ വ്യാപക അഴിമതി നടത്തുന്നതായി പരാതി. വില്ലേജ് ഓഫീസറുടെ പേരില്‍ വ്യാജ ഒപ്പിട്ട് ചെങ്കല്‍പ്പണക്ക് ഒരു വില്ലേജ് അസിസ്റ്റന്റ് അനുമതി നല്‍കിയ സംഭവം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ താലൂക്ക് ഓഫീസ് അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കല്യാട് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് പായം സ്വദേശി എം.ജയരാജനെ കലക്ടര്‍ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.

കൊല്ലം ജില്ലക്കാരനായ വില്ലേജ് ഓഫീസര്‍ അവധിക്ക് നാട്ടില്‍പ്പോയപ്പോള്‍ സ്വകാര്യ വ്യക്തിക്ക് ചെങ്കല്‍പ്പണ തുടങ്ങാനുള്ള സ്ഥലത്തിന്റെ പ്ലാനും സ്‌കെച്ചും വില്ലേജ് ഓഫീസറുടെ പേരില്‍ വ്യാജ ഒപ്പും സീലും പതിപ്പിച്ച് നല്‍കിയ സംഭവത്തിലാണ് കലക്ടറുടെ നടപടി. കല്യാട് വില്ലേജ് ഓഫീസില്‍ വില്ലേജ് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയതായാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. വ്യാജരേഖയുണ്ടാക്കി നല്‍കിയതിന്റെ പേരില്‍ ഇയാള്‍ വന്‍ സാമ്പത്തികലാഭം നേടിയിട്ടുണ്ട്. ഇത്തരത്തില്‍ നേരത്തെയും വ്യാജരേഖകളുണ്ടാക്കിയതായി ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.

കല്യാട് മേഖലയിലെ ചില ഭാഗങ്ങളില്‍ ചെങ്കല്‍ ഖനനം നടത്തുന്നതിന് ഹൈക്കോടതി നിരോധനമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് കാറ്റില്‍പ്പറത്തി വില്ലേജ് അധികൃതരുടെ ഒത്താശയോടെ ഈ മേഖലയില്‍ വ്യാപകമായ ചെങ്കല്‍ ഖനനം നടന്നുവരുന്നുണ്ട്. മിച്ചഭൂമിയായി പ്രഖ്യാപിച്ച ഏക്കര്‍ കണക്കിന് സ്ഥലം ചെങ്കല്‍പ്പണകളായി മാറിയിട്ടുണ്ട്. വില്ലേജ് അധികൃതരും ചെങ്കല്‍ ലോബികളും തമ്മിലുള്ള ഒത്തുകളി മൂലമാണ് ഇത്തരത്തില്‍ അനധികൃത ഖനനം നടക്കുന്നത്. കല്യാട്ടെ മിച്ചഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനാലാണ് ഈ മേഖലയില്‍ ചെങ്കല്‍ ഖനനത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.