കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കണം: പി.കെ.കൃഷ്ണദാസ്

Tuesday 3 April 2018 11:32 pm IST

 

കീഴാറ്റൂര്‍: കര്‍ഷക പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണവുമായി മുന്നോട്ടു പോകാനുളള സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങളും നിര്‍ത്തിവെയ്ക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. കീഴാറ്റൂരില്‍ നിന്നും ഇന്നലെ കണ്ണൂരിലേക്ക് നടത്തിയ മാര്‍ച്ചിന്റെ ഉദ്ഘാടന വേദിയില്‍ ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയില്‍ നിന്നും സമരപതാക ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ മുഖ്യമന്ത്രി തയ്യാറാവണം. നേരിന്റെയും സത്യത്തിന്റെയും കാവല്‍ക്കിളികളാണ് കീഴാറ്റൂരിലെ സമരത്തിന് നേതൃത്വം നല്‍കുന്ന വയല്‍ക്കിളികള്‍. പാടവും സംസ്‌ക്കാരവും പാരമ്പര്യവും നശിപ്പിക്കുന്ന സിപിഎമ്മുകാര്‍ വെട്ടുകിളികളാണ്. സിപിഎം ബൈപ്പാസല്ല മാഫിയാപാസാണ് കീഴാറ്റൂരില്‍ നിര്‍മ്മിക്കുന്നത്. ഒരു കാലത്ത് കര്‍ഷകര്‍ക്ക് വേണ്ടി നിലകൊണ്ടുവെന്ന് അവകാശപ്പെടുന്ന സിപിഎം ഇന്ന് ഭൂമാഫിയകാളുടെ പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കീഴാറ്റൂരിലെ സമരം മണ്ണിനും അന്നത്തിനും വായുവിനും വേണ്ടിയുളള പോരാട്ടമാണെന്നും കൃഷ്ണദാസ് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.