ഓസീസിന് കൂറ്റന്‍ തോല്‍വി

Wednesday 4 April 2018 3:04 am IST
"undefined"

ജോഹന്നസ്ബര്‍ഗ്: പേസര്‍ വെര്‍നോണ്‍ ഫിലാന്‍ഡറിന്റെ മാരക ബൗളിങ്ങില്‍ ഓസീസ് തകര്‍ന്ന് തരിപ്പണമായ ഓസീസിന് കൂറ്റന്‍ തോല്‍വി. പന്ത് ചുരണ്ടിയതിനെ തുടര്‍ന്ന് വിവാദത്തില്‍ കുടുങ്ങിയ ഓസീസ് നാലാം ടെസ്റ്റില്‍ 492 റണ്‍സിനാണ് തോറ്റത്. റണ്‍സ് അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഓസീസിന്റെ ഏറ്റവും വലിയ തോല്‍വിയാണിത്. 

ഈ തകര്‍പ്പന്‍ വിജയത്തോടെ ദക്ഷിണാഫ്രിക്ക നാലു ടെസ്റ്റുകളുടെ പരമ്പര 3-1 ന് കീശയിലാക്കി.

612 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് അവസാന ദിനത്തില്‍ 119 റണ്‍സിന് ബാറ്റ് താഴ്ത്തി. തകര്‍ത്തെറിഞ്ഞ് ഓസീസിന്റെ നടുവൊടിച്ച ഫിലാന്‍ഡര്‍ 21 റണ്‍സിന് ആറു വിക്കറ്റുകള്‍ വീഴ്ത്തി. മോണ്‍ മോര്‍ക്കല്‍ രണ്ട് വിക്കറ്റും നേടി.

ഓസ്‌ട്രേലിയയുടെ രണ്ടാമത്തെ ഏറ്റവും വലിയ തോല്‍വിയാണിത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാലാം തോല്‍വിയും ഇതു തന്നെ. 1970 നു ശേഷം ഇത് ആദ്യമായാണ് ദക്ഷിണാഫ്രിക്ക സ്വന്തം മണ്ണില്‍ ഓസീസിനെതിരെ ടെസ്റ്റ്്  പരമ്പര നേടുന്നത്.

മൂന്നിന് 88 റണ്‍സെന്ന നിലയില്‍ അവസാനദിനം കളിയാരംഭിച്ച ഓസീസ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു. ഓപ്പണര്‍ ബേണ്‍സും (42), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പും (24) മാത്രമാണ് അല്‍പ്പസമയം പിടിച്ചു നിന്നത്. മറ്റ് ബാറ്റ്‌സ്മാന്മാരൊന്നും രണ്ടക്കം കടന്നില്ല. വാലറ്റനിരക്കാരാനായ ലിയോണിനെ (9) ഡൂ പ്ലെസിസും മാര്‍ക്രമും ഡിക്കോക്കും ചേര്‍ന്ന് റണ്‍ ഔട്ടാക്കിയതോടെ ഓസീസിന്റെ ഇന്നിങ്ങ്‌സ് അവസാനിച്ചു.

ദക്ഷിണാഫ്രിക്കയുടെ പേസര്‍മാരായ വെര്‍നോണ്‍ ഫിലാന്‍ഡര്‍ കളിയിലെ കേമനായും കഗിസോ റബഡ പരമ്പരയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.

കേപ്ടൗണിലെ മൂന്നാം ടെസ്റ്റില്‍ പന്തു ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരുടെ അഭാവം നാലാം ടെസ്റ്റില്‍ ഓസീസിന് തിരിച്ചടിയായി.

സ്‌കോര്‍: ദക്ഷിണാഫ്രിക്ക 488, ആറുവിക്കറ്റില്‍ 344 ( ഡിക്ലയേഡ്), ഓസീസ് 221, 119.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.