കണ്ണൂര്‍ ജയില്‍ ഭരിക്കുന്നത് സിപിഎം തടവുകാര്‍

Wednesday 4 April 2018 2:43 am IST

കണ്ണൂര്‍: കണ്ണൂര്‍ ജയില്‍ ഭരിക്കുന്നത് സിപിഎം തടവുകാരും പാര്‍ട്ടിക്കാരായ ഉദ്യോഗസ്ഥരും.അതിനാല്‍ പാര്‍ട്ടിക്കാരായ തടവുകാര്‍ ചട്ടങ്ങളും നിയമങ്ങളും ലംഘിക്കുന്നത് തുടരുകയാണ്. ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥരും പാര്‍ട്ടി നേതാക്കളും ഇതിന് ഒത്താശ നല്‍കുകയും ചെയ്യുന്നു. 

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരവധി വിവാദങ്ങളാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. അനധികൃത പരോള്‍ മുതല്‍ തടവുകാര്‍ പിരിവെടുത്ത് ടെലിവിഷന്‍ വാങ്ങിയതുവരെ ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. പാര്‍ട്ടിക്കാരായ കൊടും ക്രിമിനലുകളാണ് ജയിലിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മറ്റ് തടവുകാര്‍ പാര്‍ട്ടിക്കാരുടെ ഭീഷണിയുടെ നടുവിലാണ്.

പാര്‍ട്ടി ജില്ലാ സെക്രട്ടറി ഉപദേശകനായ സമിതിയെ ഉപയോഗിച്ചാണ് ജയിലില്‍ പല നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. സിപിഎം തടവുകാര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച് അടിയന്തര പരോള്‍ അനുവദിക്കുന്നത് വ്യാപകമാണ്. പാര്‍ട്ടി ക്വട്ടേഷന്‍ ടീമംഗങ്ങളായ കൊടും ക്രിമിനലുകള്‍ക്കാണ് കൃത്യമായ ഇടവേളകളില്‍ പരോള്‍ നല്‍കുന്നത്. 

ടിപി കേസ് പ്രതികള്‍ക്ക് ആയുര്‍വ്വേദ ആശുപത്രിയില്‍ ആഴ്ചകളോളം സുഖ ചികിത്സാ സൗകര്യം ഒരുക്കിയിരുന്നു. ഷുഹൈബ് വധക്കേസ് പ്രതി സിപിഎമ്മുകാരനായ ആകാശിന് യുവതിയുമായി സല്ലപിക്കാന്‍ ജയിലിനുളളില്‍ പല ദിവസങ്ങളിലായി മണിക്കൂറുകളോളം അവസരം ഒരുക്കി. ഈ കേസില്‍ തിരിച്ചറിയല്‍ പരേഡിന് ജയിലിലെത്തിയ സാക്ഷികളെ സിപിഎം തടവുകാര്‍ ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം പാര്‍ട്ടി തടവുകാര്‍ പിരിവെടുത്ത് ടെലിവിഷന്‍ സെറ്റ് വാങ്ങി ജയിലിനകത്ത് എത്തിച്ചതാണ് ഒടുവിലത്തെ വിവാദം. 

എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയതുമുതല്‍ ടിപി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ സര്‍ക്കാരും പാര്‍ട്ടിയും നീക്കം നടത്തി വരികയാണ്. 70 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ആനുകൂല്യം മറയാക്കി ശിക്ഷയിളവ് നല്‍കാനാണ് നീക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.