ബിഎംഎസ് സംസ്ഥാന സമ്മേളനത്തിന് അണിഞ്ഞൊരുങ്ങി കൊല്ലം

Wednesday 4 April 2018 3:01 am IST

കൊല്ലം: ഭാരതീയ മസ്ദൂര്‍സംഘം സംസ്ഥാന സമ്മേളനം ചരിത്രസംഭവമാക്കാനുള്ള അവസാനഘട്ട ഒരുക്കത്തില്‍ സംഘാടകസമിതി. കൊല്ലത്ത് രണ്ടുദശാബ്ദത്തിന് ശേഷം നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി തൊഴിലാളികള്‍ ഉള്‍പ്പെടെ രംഗത്തുണ്ട്. ഈ മാസം ആറുമുതല്‍ എട്ടുവരെയാണ് സമ്മേളനം. കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ കനകജൂബിലി വര്‍ഷം കൂടിയാണിത്. 

ചിന്നക്കടയില്‍ കമാനങ്ങള്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഓച്ചിറ മുതല്‍ പാരിപ്പള്ളി വരെ പാതയില്‍ ബിഎംഎസിന്റെ കൊടികളാണ്. പ്രധാന ജംഗ്ഷനുകളില്‍ ബാനറുകളും ബോര്‍ഡുകളും പതാകകളും നിരന്നു.

സുവര്‍ണജൂബിലി സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സുവര്‍ണഗീതങ്ങള്‍ എന്ന ഓഡിയോ സിഡിയുടെയും നാലു പുസ്തകങ്ങളുടെയും വില്‍പ്പനയും സമ്മേളന നഗരിയില്‍ ഉണ്ടാകും. സമ്മേളനപ്രതിനിധികള്‍ നാളെയും മറ്റന്നാളുമായി  എത്തിച്ചേരും. ഇന്നും നാളെയുമായി 68 പഞ്ചായത്തുകള്‍ ഉള്‍പ്പെടെ 78 കേന്ദ്രങ്ങളില്‍ വിളംബരയാത്രകള്‍ നടക്കും. 

കാല്‍ലക്ഷം തൊഴിലാളികള്‍ അണിനിരക്കുന്ന ജില്ലാറാലി ആറിന് വൈകിട്ട് നാലിന് നടക്കും. ആശ്രാമം മൈതാനിയില്‍  നിന്നും ആരംഭിക്കുന്ന റാലി ചിന്നക്കട, താലൂക്ക് കച്ചേരി, ആശുപത്രിറോഡ്, ചാമക്കട,  മെയിന്റോഡ് വഴി ചിന്നക്കട വൈദ്യ ഹോട്ടലിന് എതിര്‍വശത്തെ മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ ഠേംഗ്ഡിജി നഗറില്‍ സമാപിക്കും.  മഹാസമ്മേളനം അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.കെ. മുരളീധരന്‍നായര്‍ അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ പി. കേശവന്‍ നായര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി. രാജേന്ദ്രന്‍പിള്ള,  ജില്ലാ സെക്രട്ടറി വി. വേണു എന്നിവര്‍ സംസാരിക്കും. 

 ഏഴിന് രാവിലെ 9.30ന് സമ്മേളനനഗരിയായ അമ്മച്ചിവീട് സുമംഗലി ഓഡിറ്റോറിയത്തില്‍ സംസ്ഥാന സമ്മേളനം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാദ്ധ്യായ ഉദ്ഘാടനം ചെയ്യും. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, യുടിയുസി അഖിലേന്ത്യാ സെക്രട്ടറി എ.എ. അസീസ്, എസ്ടിയു സംസ്ഥാന സെക്രട്ടറി അഹമ്മദ്കുട്ടി ഉണ്ണിക്കുളം തുടങ്ങിയവര്‍ സംസാരിക്കും. 

സുവര്‍ണജൂബിലി സമാപനസമ്മേളനം വൈകിട്ട് 5.45ന് കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ്‌കുമാര്‍ ഗംഗ്‌വര്‍ ഉദ്ഘാടനം ചെയ്യും. സമ്മേളത്തില്‍ 29 പ്രമേയങ്ങള്‍ അവതരിപ്പിക്കും. കൂടാതെ ചര്‍ച്ചകളും സെമിനാറുകളും. എട്ടിന് പ്രതിനിധി സമ്മേളനം തുടരുമെന്ന് സംഘാടകസമിതി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.