കരാര്‍ തൊഴില്‍ നിയമം കേരളത്തില്‍ നിലവിലുള്ളത്

Wednesday 4 April 2018 3:28 am IST

തിരുവനന്തപുരം: കേരളത്തിലെ തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനും കേന്ദ്രസര്‍ക്കാരിനെതിരായ പണിമുടക്കിനും കാരണമായ നിശ്ചിതകാല കരാര്‍ തൊഴിലിനുള്ള ചട്ടം കേരളം 2005ല്‍ നടപ്പിലാക്കിയത്. 2005ല്‍ കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊണ്ടുവന്നതും പിന്നീട് വന്ന ഇടതു സര്‍ക്കാര്‍ പിന്തുടരുന്നതുമായ നിയമത്തിലുള്ള അതേവ്യവസ്ഥകളാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നു എന്ന് പ്രചരിപ്പിക്കുന്ന നിയമത്തിലുമുള്ളത്. 

തൊഴിലുടമയുടെ ഇഷ്ടാനുസരണം ഏതു സമയവും ഒരു കാരണവും കൂടാതെ തൊഴിലാളികളെ ജോലിയില്‍ നിന്നു പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്കു സ്വാതന്ത്ര്യമുള്ള കാലത്താണ് 1946ലെ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മെന്റ് (സ്റ്റാന്റിങ് ഓര്‍ഡേഴ്സ്) ആക്റ്റും 1947ലെ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്സ് ആക്റ്റും അന്നത്തെ ഭരണകൂടം കൊണ്ടുവന്നത്. ഏതുസമയത്തും ജോലി പോകാവുന്ന അസ്ഥിരതയ്‌ക്കെതിരായി തൊഴിലാളികള്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമായിരുന്നു രണ്ട് നിയമങ്ങള്‍. എന്നാല്‍ പിന്നീട് സര്‍ക്കാരുകള്‍ മാറിമാറി വരികയും വ്യാവസായിക പുരോഗതിയിലേക്ക് രാജ്യം കുതിക്കുകയും ചെയ്തപ്പോള്‍ വാണിജ്യവ്യവസായ മേഖലകളുടെ വളര്‍ച്ചയ്ക്കു വലിയ പ്രതിബന്ധങ്ങള്‍ ഈ നിയമം സൃഷ്ടിക്കുക്കുന്നുണ്ടെന്ന അവസ്ഥ വന്നു. വാണിജ്യ, വ്യവസായ വികസനത്തിന് ആക്കം കൂട്ടണമെങ്കില്‍ തൊഴിലുടമകള്‍ക്കുണ്ടായിരുന്ന പഴയ സ്വാതന്ത്ര്യം തിരിച്ചുകിട്ടേണ്ടതുണ്ടെന്നും തൊഴിലുടമകളും അവരുടെ സംഘടനകളും ആവശ്യപ്പെട്ടു. 

തൊഴിലുടമകളുടെ ഈ ആവശ്യം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ 2003 ഡിസംബര്‍ 10ലെ വിജ്ഞാപനപ്രകാരം 1946ലെയും 1947ലെയും നിയമത്തിന്റെ ഭാഗമായ സെന്‍ട്രല്‍ റൂള്‍സിലെ ഷെഡ്യൂള്‍ ഒന്നില്‍ ഖണ്ഡിക രണ്ടില്‍ 3എ എന്ന ഒരു അനുച്ഛേദം വഴി 'നിശ്ചിതകാല തൊഴില്‍' കൂട്ടിച്ചേര്‍ത്തു. അതിനെ തുടര്‍ന്നു ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള സര്‍ക്കാര്‍ കേരളാ റൂള്‍സിലും 2005 ഒക്‌ടോബര്‍ 28ലെ വിജ്ഞാപനം വഴി കേന്ദ്രസര്‍ക്കാരിന്റെ വഴിയെ നിശ്ചിതകാല തൊഴില്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. 

പിന്നീട് തൊഴിലാളി സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ 2007ലെ വിജ്ഞാപനം വഴി 2003ല്‍ കൂട്ടിച്ചേര്‍ത്ത നിശ്ചിതകാല തൊഴില്‍ എന്ന അനുച്ഛേദം പിന്‍വലിച്ചെങ്കിലും കേരളം അത് പിന്‍വലിച്ചില്ല. 2005ല്‍ കൂട്ടിച്ചേര്‍ത്ത നിശ്ചിതകാല തൊഴില്‍ എന്ന അനുച്ഛേദം കേരളം ഒഴിവാക്കിയില്ല. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്ന ഭേദഗതി കേരളത്തില്‍ 2005 മുതല്‍ നിലവിലുണ്ട്. 

കേന്ദ്രത്തിന്റെ ഭേദഗതിപ്രകാരം നൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നതും മിനിമം വേജസ് ആക്ട് ബാധകവുമായ സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്രനിയമം ബാധകമായിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതിലും മാറ്റം വരുത്തി. 100 തൊഴിലാളികളെന്നത് 50 ആക്കി ചുരുക്കി. കേരളത്തെ സംബന്ധിച്ചിടത്തോളം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഭേദഗതിക്ക് ഒരു പ്രസക്തിയും ഇല്ല. പിന്നീടുവന്ന ഇടതു സര്‍ക്കാരുകളും ഇത് തിരുത്തിയില്ല. അന്ന് സംസ്ഥാനം കൊണ്ടുവന്ന ഭേദഗതികള്‍ അറിയാതിരിക്കുകയോ, അറിഞ്ഞില്ലെന്ന് നടിക്കുകയോ ചെയ്തവരാണ് ഇന്നിപ്പോള്‍ കേന്ദ്രത്തിനെതിരെ സമരത്തിനിറങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.