സിപിഎം സംഘം ബിജെപി നേതാവിനെ അമ്മയുടെ മുന്നിലിട്ട് വെട്ടി

Wednesday 4 April 2018 3:32 am IST

വടക്കഞ്ചേരി (പാലക്കാട്): ബിജെപി നേതാവും മുന്‍ സൈനികനുമായ യുവാവിനെ അമ്മയുടെ മുന്നിലിട്ട് സിപിഎമ്മുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആലത്തൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും കിഴക്കഞ്ചേരി കളവപ്പാടം വീട്ടില്‍ പരേതനായ ബാലകൃഷ്ണന്റെ മകനുമായ ഷിബു(38)ആണ് ആക്രമണത്തിനിരയായത്. 

  20ഓളം വെട്ടുകളേറ്റ് ഒരുകൈയും കാലും അറ്റു തൂങ്ങിയ നിലയിലാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലെത്തിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വടക്കഞ്ചേരി പോലീസ് കേസെടുത്തു. സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മൂലങ്കോട്, കളവപ്പാടം മനോജ്, അഖില്‍ജിത്, ലെനിന്‍, പ്രദീപ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കുമെതിരെയാണ് മംഗലംഡാം പോലീസ് കേസെടുത്തത്. 

സംഘടനാ പ്രവര്‍ത്തനം കഴിഞ്ഞ് രാത്രി വീട്ടിലേക്കുമടങ്ങിയ ഷിബുവിനെ വീടിന്റെ പരിസരത്ത്  ഒളിഞ്ഞിരുന്ന ഒമ്പതംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടിയും വടിവാളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി മകനെ ആക്രമിക്കുന്നത് കണ്ട് അമ്മ ശിരോമണി നിലവിളിച്ചു കരെഞ്ഞങ്കിലും അക്രമികള്‍ പിന്മാറിയില്ല. തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റ് രക്തത്തില്‍കുളിച്ചു കിടന്ന ഷിബുവിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

കിഴക്കഞ്ചേരി മേഖലയില്‍ കുറേ മാസങ്ങളായി നിരവധി പ്രവര്‍ത്തകര്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന്റെ പകപോക്കലാണിതെന്ന് കരുതുന്നു. വികസനപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കാണുന്ന സിപിഎം പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിനെതിരെ ജനങ്ങളെ അണിനിരത്തി ഷിബു നടത്തിയ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തെ സിപിഎം നേതാക്കളുടെ കണ്ണലെ കരടാക്കി. ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി നിയോജകമണ്ഡലം കമ്മിറ്റി ചൊവ്വാഴ്ച നാലുപഞ്ചായത്തുകളില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.