ഹൊ! അതൊരു ഒന്നൊന്നര യാത്രയായിരുന്നു!!

Wednesday 4 April 2018 3:59 pm IST
മണ്ണാര്‍ക്കാട് നിന്നു അട്ടപ്പാടി റൂട്ടില്‍ കേറിയതോടെ റോഡിനും ചുറ്റുപാടിനും വ്യത്യാസം വന്നു തുടങ്ങി. ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കോണ്‍ക്രീറ്റ് വനം പെട്ടെന്നപ്രത്യക്ഷമായി. അങ്ങിങ്ങായി കാണുന്ന ചെറിയ വീടുകള്‍, പിന്നങ്ങോട്ട് നീങ്ങുന്തോറും കുടിലുകളായി രൂപമാറി
"undefined"

 
എവിടെ പോയാലും നമ്മെ കാത്തു രക്ഷിക്കാന്‍ നമ്മളറിയാതെ ഒരു അദൃശ്യ ശക്തി നമ്മോടൊപ്പം ഉണ്ടാവും. എന്നാല്‍ അത് നേരിട്ട് അനുഭവിക്കേണ്ടി വന്നാലോ. ആ സുരക്ഷാ കവചം ലഭിച്ച ഒരു യാത്രാനുഭവമാണ് ഇത്തവണ പറയാനുള്ളത്.
 
എവിടെക്ക് യാത്ര വേണം ആലോചനയിലായിരുന്നുഓഫീസിലെ സുഹൃത്തക്കള്‍. 
''പൊള്ളാച്ചി വാല്‍പ്പാറ മലക്കപ്പാറ അതിരപ്പിള്ളി ചാലക്കുടി വഴി തിരിച്ചു പട്ടാമ്പിക്ക്,'' ഞാന്‍ അഭിപ്രായപ്പെട്ടു. 
 
''അത് ബുദ്ധിമുട്ടാകും. പകരം നമുക്ക് സൈലന്റ് വാലീ ആക്കാം, എന്താ'' രതീഷ് അഭിപ്രായപ്പെട്ടു. 
ഏയ്, ഇപ്പോ വനത്തിലേക്കുള്ള യാത്ര നിരോധിച്ചിരിക്യാ. തേനി കുരങ്ങണി കുളുക്ക്മലയില്‍ തീപ്പിടിത്തം ഉണ്ടായ ശേഷം വനയാത്രയ്ക്ക് കേരള ഫോറസ്റ്റും വിലക്ക് ഏര്‍പ്പെടുത്തി.'' ഞാനറിയിച്ചു. ''ഊട്ടിയില്‍ ഇതുവരെ പോയിട്ടില്ല. എന്നാപ്പിന്നെ യാത്ര ഊട്ടിയിലേക്ക് ആക്കിയാലോ.'' 
 
"undefined"
തന്റെ സ്വതസിദ്ധമായ തിരുവനന്തപുരം ശൈലിയില്‍ സുമോദ് തട്ടിവിട്ടു 'കാട്ടിക്കേറാതെ എന്തര് ടൂര്‍ അണ്ണാ', ''മണ്ണാര്‍ക്കാട് അട്ടപ്പാടി വഴി. ഊട്ടിക്ക് ഒരു വഴിയുണ്ട്. കുറച്ചു സാഹസികവും രസകരവുമായ കാനന യാത്രയാണ്,'' സുധീര്‍ അറിയിച്ചു 
 
''എന്നാല്‍ വേറെ ഒന്നും ആലോചിക്കേണ്ട. അതുവഴിത്തന്നെ ആവാം യാത്ര.'' അങ്ങനെ ഞങ്ങള്‍ മാര്‍ച്ച് 25 നു വെളുപ്പിന് 5.30 നു തൃത്താലയില്‍ നിന്നു പുറപ്പെട്ട് പട്ടാമ്പി-ചെര്‍പ്ലശ്ശേരി വഴി മണ്ണാര്‍ക്കാട് എത്തിയപ്പോള്‍ സമയം 7.30. ''പ്രാതല്‍ ഇവിടന്ന് ആക്കിയാലോ. ഇവിടം വിട്ടാല്‍ പിന്നെ അടുത്തെങ്ങും ആഹാരം കിട്ടികൊള്ളണമെന്നില്ല.'' ഞാന്‍ അഭിപ്രായപ്പെട്ടത്തിന്റെ അടിസ്ഥാനത്തില്‍ പ്രാതല്‍ മണ്ണാര്‍ക്കാട് നിന്ന് കഴിച്ചിട്ടായി തുടര്‍ യാത്ര. 
 
അട്ടപ്പാടി റൂട്ടിലൂടെ
 
"undefined"
മണ്ണാര്‍ക്കാട് നിന്നു അട്ടപ്പാടി റൂട്ടില്‍ കേറിയതോടെ റോഡിനും ചുറ്റുപാടിനും വ്യത്യാസം വന്നു തുടങ്ങി. ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കോണ്‍ക്രീറ്റ് വനം പെട്ടെന്നപ്രത്യക്ഷമായി. അങ്ങിങ്ങായി കാണുന്ന ചെറിയ വീടുകള്‍, പിന്നങ്ങോട്ട് നീങ്ങുന്തോറും കുടിലുകളായി രൂപമാറി ''കൃഷി'' മാത്രം ഉപജീവനമാക്കി സ്വപ്നലോകത്ത് ജീവിക്കുന്ന ആധുനിക മലയാളി പ്രമാണികളില്‍ നിന്നു ഉപജീവനത്തിന് വേണ്ടി കൃഷി ചെയുന്ന പച്ചയായ മനുഷ്യനിലേക്കുള്ള വലിയൊരു മാറ്റത്തിലാണ് എത്തിയത്. ഈ കൊടും വേനലിലും അട്ടപ്പാടിയിലെ താഴ്‌വരകളെ ഹരിതാഭമാക്കിയ മണ്ണിന്റെ മക്കളെ പ്രണമിച്ചുകൊണ്ടു യാത്ര തുടര്‍ന്നു. 
 
വളഞ്ഞു പുളഞ്ഞു കിടക്കുന്ന പാത ടാര്‍ ചെയ്തതാണെങ്കിലും പലഭാഗത്തും പൊളിഞ്ഞു പോയി മണ്ണ് മാത്രം. തെങ്കര, മുക്കാലി, താവളം, പുദൂര്‍, എലാച്ചിവഴി എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് മുള്ളിയിലേക്ക് പോകുന്ന ഈ പാതയില്‍ ഒരു വണ്ടിക്ക് പോകാവുന്ന വീതി മാത്രമേയുള്ളൂ. മണ്ണാര്‍ക്കാട് വിട്ട ശേഷം അപൂര്‍വ്വം ചില പ്രധാന കവലകളില്‍ മാത്രമേ കുറച്ചു കടമുറികളും കച്ചവടവും തിരക്കും ഉള്ളൂ. പാതയില്‍ തിരക്കും കുറവാണ്. ഏകദേശം ഒമ്പതു മണിക്ക് ഞങ്ങള്‍ മുള്ളിയിലെ ചെക്ക്‌പോസ്റ്റില്‍ എത്തി. ഇവിടെ കര്‍ശനപരിശോധനയാണ് പോലീസ് നടത്തുന്നത്. ആര്‍സി ബുക്ക്, ലൈസന്‍സ്, ഇന്‍ഷുറന്‍സ് എന്നിവയും വാഹനവും പരിശോധനക്ക് വിധേയമാക്കും. ഒരു വാഹനം പോകുമോ എന്നു സംശയം തോന്നിക്കത്തക്ക പാതയിലേക്കാണ് പരിശോധന കഴിഞ്ഞ് മുന്നോട്ട് നീങ്ങുക. പരിശോധന കഴിഞ്ഞ് ചെക്ക്‌പോസ്റ്റ് തുറന്നു മുന്നോട്ട് ഒരു 200 മീറ്റര്‍ പോകുമ്പോഴേക്കും തമിഴ്‌നാടിന്റെ പരിശോധന കേന്ദ്രമാണ്. 
ഇവിടെ റോഡ് രണ്ടായി തിരിയുന്നു. ഇടത്തോട്ടു ഒരു പാലം കടന്നാല്‍ ഉടനെ കാനന പാതയായി. തുടര്ന്ന ങ്ങോട്ടും പൊട്ടിപ്പൊളിഞ്ഞ റോഡ് തന്നെ.
 
"undefined"
കടുത്ത വേനലില്‍ വന്‍വൃക്ഷങ്ങള്‍ ഒഴികെ ബാക്കി എല്ലാം ഉണങ്ങി വരണ്ടുകഴിഞ്ഞു. കുളുക്ക്മലയില്‍ തീപ്പിടിത്തം ഉണ്ടായത് ഊഹിക്കാവുന്നതേയുള്ളൂ. ചെറിയൊരു തീപ്പൊരി വീണാല്‍ പോലും പെട്ടെന്നു കത്തിപ്പിടിക്കാവുന്ന ഉണക്കം. സൂര്യതാപത്താല്‍ തന്നെ കത്തിഏരിയാവുന്ന അവസ്ഥ. ചുറ്റും മലകളാല്‍ മൂടപ്പെട്ട പ്രദേശത്തിലൂടെയാണ് യാത്ര കണ്ണിന് കുളിര്മമയേകുന്നു. സമുദ്രനിരപ്പില്‍ നിന്നു 2400 മീറ്റര് ഉയരത്തില്‍ ദേവര്ബാട്ട, കരൈകട, കൌലിഗബേട്ട, പൊര്ത്തി മുണ്ട് എന്നിവയണത്രേ ഈ മലനിരകളുടെ പേര്. വളഞ്ഞു പുളഞ്ഞു മുകളിലേക്കു നീങ്ങുന്ന പാതയുടെ വലതു വശത്തെ ഒരു പര്‍വതമുകളില്‍ നിന്നു താഴേക്കു വെള്ളം എത്തിക്കുന്ന പെന്‌സ്റ്റോക്ക് പൈപ്പുകള്‍ കാണാം.
 
അടുത്ത ചെക്ക് പോസ്റ്റില്‍ നിര്‍ത്തിയപ്പോള്‍ റോഡിന്റെ വലതുഭാഗത്ത് മലയിടുക്കില്‍ ഒരു കെട്ടിടം കാണപ്പെട്ടു. അത് മുകളില്‍ നിന്നു ഒഴുകി വരുന്ന വെള്ളം സംഭരിക്കുന്ന ഗെഡായി ഡാം ആണെന്നും തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതിയായ കുണ്ഡഹ് പവര്‍ സ്റ്റേഷന്റെ രണ്ടാമത്തെ പവര്‍ ഹൌസ് ആണ് ആ കാണുന്നത് എന്നും അവിടെ ഉണ്ടായിരുന്ന കാവല്‍ക്കാരന്‍ അറിയിച്ചു. കുണ്ഡഹ് ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ 6 പവര്‍ ഹൌസുകളില്‍ ആകെ ഉല്‍പ്പാദിപ്പിക്കുന്ന 585 മെഗാവാട്ട് വൈദ്യുതിയില്‍ ഈ പവര്‍ സ്റ്റേഷനില്‍ മാത്രം 175 മെഗാവാട്ട്. വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ട്. 1960-64 കാലഘട്ടത്തില്‍ ഇന്ത്യ-കാനഡ സഹകരണത്തോടെ നിര്‍മിച്ചതാണെന്നും അദ്ദേഹം പറഞ്ഞു തന്നു. മാവോവാദി ഭീഷണി ഉള്ള പ്രദേശമായതിനാല്‍ കനത്ത സുരക്ഷാ നിയന്ത്രണത്തിലാണു ഈ പ്രദേശം എന്നും അദ്ദേഹം അറിയിച്ചു. 
 
ഹെയര്‍പിന്‍ വളവുകള്‍
 
"undefined"
ഹെയര്‍‌പിന്‍  വളവുകള്‍ താണ്ടി ഞങ്ങള്‍ യാത്ര തുടര്‍ന്നു. മുള്ളിയില്‍ നിന്നു മാഞ്ഞൂര്‍ എത്തുന്നതിനിടയില്‍ 43 ഹെയര്‍പിന്‍ വളവുകള്‍ ഉണ്ട്. ഇടക്ക് ഒന്നു നിറുത്തി പുറത്തിറങ്ങി. പ്രകൃതിയുടെ അഭൌമ ദൃശ്യവിസ്മയത്തില്‍ അല്‍പനേരം മതിമറന്നിങ്ങനെ നിന്നു പോയി. നമ്മുടെ പൂര്‍വികര്‍ കാത്തു പരിപാലിച്ചു നമുക്ക് കൈമാറി തന്ന ഈ അമൂല്യ സമ്പത്തിനെ ഇടുങ്ങിയ ചിന്താഗതിയാല്‍ സ്വന്തം സമ്പാദ്യമാക്കുന്നതിനായി നിഷ്‌കരുണം നമ്മള്‍ പീഡിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പ്രകൃതിയുടെ ഈ വിനാശത്തില്‍ പരോക്ഷമായി ഞാനും ഭാഗമാണല്ലോ എന്നോര്ത്തു മനസ്സ മാപ്പപേക്ഷിച്ചു യാത്ര തുടര്ന്നും. ഹെയര്‍‌പിന്‍  വളവുകള്‍ താണ്ടി നീങ്ങിയ വണ്ടി പതുക്കെ ജനവാസ കേന്ദ്രത്തിലേക്ക് അടുത്തു തുടങ്ങി. ഒരു കൊച്ചു പട്ടണത്തിന്റെ  ഭാവത്തിലേക്കാണ് അത് മാറി വരുന്നത്. 
 
ഒരു ചെറു പട്ടണമാണ് മാഞ്ഞൂര്‍. ഇവിടെ നിന്നു വലത്തോട്ട് തിരിഞ്ഞാല്‍ കൂനൂരിലേക്കും ഇടത്തോട്ടു തിരിഞ്ഞാല്‍ ഊട്ടിയിലേക്കും ഏകദേശം തുല്യ ദൂരം ആണ്. 30 കിലോ മീറ്റര്‍. തട്ടുതട്ടായി തേയില കൃഷിയിടം, കളിവീട് പോലെ തോന്നിക്കുമാര്‍ തട്ടുതട്ടായി ഓടിട്ട ഒരു കൂട്ടം ചെറു കൂരകള്‍. അങ്ങനെയുള്ള മനോഹര ദൃശ്യങ്ങളാണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുക. കയറ്റിറക്കങ്ങളും വളവുതിരിവുകളും നിറഞ്ഞ പാതയിലൂടെ യാത്ര തുടര്ന്നു . ഏകദേശം പന്ത്രണ്ടരയോടെ ഞങ്ങള്‍ ഊട്ടി കായല്‍ കരയില്‍ എത്തി. 
ഉച്ചയാണെങ്കിലും ബോട്ട് ജെട്ടി പരിസരത്ത് നല്ല തിരക്കാണ്. വഴിയോര കച്ചവടക്കാരെ കൊണ്ടും കുതിര സവാരികരെകൊണ്ടും സഞ്ചാരികളെകൊണ്ടും നിറഞ്ഞ പ്രദേശത്ത് വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഇല്ലാത്തതിനാല്‍ വീതിയില്ലാത്ത റോഡ് സൈഡില്‍ നിറുത്തി പതുക്കെ ഞാന്‍ കായല്‍ കരയിലേക്ക് നീങ്ങി.
 
തമിഴ്‌നാട് ടൂറിസം ഡെവലപ്‌മെന്റ് കോര്പ്പറേഷന്‍ ആണ് ഈ ബോട്ട് ജെട്ടിയുടെ നടത്തിപ്പ് ചുമതല. ഊട്ടിയിലെ മലയിടുക്കുകളില്‍ നിന്നു താഴ്വരയിലേക്ക് ഒഴുകിയെത്തിയിരുന്ന അരുവികളെ അണകെട്ടി തടഞ്ഞു നിര്ത്തി 1824ല്‍ ജോണ്‍ സുലിവാന്‍ ആണ്‍ ഈ കൃത്രിമ തടാകം നിര്മിച്ചത്. ഇപ്പോഴുള്ള ബസ് സ്റ്റാന്ഡ്, റേസ് കോഴ്‌സ്, ലേക് പാര്‍ക്ക് , എന്നിവ എല്ലാം മുന്‍ കാലത്ത് ഈ തടാകത്തിന്റെ ഭാഗമായിരുന്നു. യൂക്കാലി മരത്തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശം ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ മനസിലാക്കി 1973 ല്‍ തമിഴ്‌നാട് ടൂറിസം ഡെവലപ്‌മെന്റ് കോര്പ്പറേഷന്‍ ഏറ്റെടുക്കുകയായിരുന്നു. സമയകുറവു മൂലം ബോട്ടിങ്ങിന് നില്കാോതെ കുറച്ചു സമയം അവിടെ എല്ലാം ചുറ്റികറങ്ങി ഞങ്ങള്‍ അടുത്ത സ്ഥലം ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.
 
റോഡ് ഒരു പാടാണ്...
 
"undefined"
തെക്കേ ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണെങ്കിലും ഇവിടെയും റോഡ് യാത്ര ദുഷ്‌കരമാണ്. പലയിടത്തും റോഡില്‍ കുഴിയെടുത്ത ശേഷം പിന്നീട് ടാര്‍ ചെയ്യാതെ ഇട്ടിരിക്കയാണ്. വേനലിന്റെ കാഠിന്യത്താല്‍ വരണ്ടു കിടക്കുന്ന പ്രദേശം കൂടി ആയതിനാല്‍ പൊടിപടലങ്ങള്‍ പൊങ്ങുന്നതും യാത്രക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. നാല് കിലോമീറ്റര്‍ യാത്ര ചെയ്ത ഞങ്ങള്‍ ഊട്ടി ബൊട്ടാണിക്കല്‍ ഗാര്ഡനില്‍ എത്തി. 2 മണിയോ കൊടും വെയിലോ ഒന്നും സഞ്ചാരികള്ക്ക് ഒരു പ്രശ്‌നമേ അല്ല. തിങ്ങി നിറഞ്ഞ റോഡുകള്‍.
 
ദോഡബെട്ട കുന്നിന്‍ താഴ്വരയിലെ 55 ഹെക്ടര്‍ വിസ്തൃതിയില്‍ പുഷ്പ, ഫല, വൃക്ഷ, ലതാദികളാല്‍ അലംകൃതമായ ഈ ഭൂപ്രദേശം വിശിഷ്ടമായ ഒട്ടേറെ സസ്യസമ്പത്താല്‍ സമൃദ്ധമായിട്ടാണ് ഈ ആരണ്യകത്തെ കണക്കാക്കുന്നത്. പ്രവേശന ഫീസ് 30 രൂപ. വിദേശികള്ക്ക് ചുരുങ്ങിയ ചിലവില്‍ 1840ല്‍ സ്ഥാപിതമായതാണ് ഈ ഉദ്യാനം. ബ്രിട്ടിഷ് അധീനതയില്‍ ആയിരുന്ന ഈ ഉദ്യാനം 1848ല്‍ വിപുലീകരിച്ചു. വില്യം ഗ്രഹാം മ്‌ക്ലോവ് ആയിരുന്നു ഈ വിപുലീകരണത്തിന്റെ് ശില്പി. 10 വര്ഷം കൊണ്ടാണ് അദ്ദേഹം ഈ പ്രദേശത്തെ ഇത്രയും മനോഹാരമായ ഉദ്യാനമാക്കി മാറ്റിയത്. ഉദ്യാനത്തിന്റെ മുകള്‍ ഭാഗം വ്യത്യസ്തത നിറഞ്ഞ സമ്പുഷ്ടമായ വൃക്ഷങ്ങളെയാണ് നാം കാണുന്നത് എങ്കില്‍ താഴെ ഭാഗം പുല്ത്തകിടിയാലും ചെറുപുഷ്പങ്ങളാലും അപൂര്‍വം വന്‍ വൃക്ഷങ്ങളാലും അലംകൃതമാണ്. കുറഞ്ഞത് ഒരു ദിവസമെങ്കിലും ചെലവഴിക്കാനുള്ള ദൃശ്യവിരുന്നു ഈ ഉദ്യാനത്തില്‍ ഉണ്ടെങ്കിലും സമയകുറവു മൂലം ഒരു മണിക്കൂര്‍ കൊണ്ട് ഓട്ട പ്രദക്ഷിണം നടത്തി 3 മണിയോടെ ഞങ്ങള്‍ പുറത്തു കടന്നു. 
 
സൂയിസൈഡ് പോയിന്റ് കാണണമെന്ന് ആവശ്യം കണക്കിലെടുത്ത് യാത്ര തുടര്ന്ന് ഞങ്ങള്‍ വഴിതെറ്റി ലാംബ്‌സ് റോക് വരെയെത്തി. ഊട്ടിയില്‍ നിന്നു 20 കി.മീ മാറി സ്ഥിതി ചെയുന്ന കൂനൂരില്‍ നിന്നു വീണ്ടും 10 കി.മീ കൂടി യാത്ര ചെയ്താലേ ലാംബ്‌സ് റോക് പോയിന്റില്‍ എത്തുകയുള്ളൂ. വഴിതെറ്റി സമയം കളഞ്ഞതിന് പരസ്പരം പഴിചാരികൊണ്ടായിരുന്നു ഞങ്ങളുടെ യാത്ര. എന്നാല്‍ ഇവിടെ വരാതെ പോയാല്‍ ഒരു വലിയ നഷ്ടം തന്നെ ആയേനെ. കാപ്പി തോട്ടങ്ങള്‍, തേയില തോട്ടങ്ങള്‍, ഘോരവനാന്തരങ്ങള്‍, ചെറിയ ചാലുപോലെ റോഡുകള്‍, പൈതൃക റെയില്‍ പാത, അങ്ങനെ അങ്ങനെ ഒരു മനോഹര ദൃശ്യ വിസ്മയം ഇവിടെ കാണുമാറായി. വിദൂരതയില്‍ പട്ടണ സമാനമായ ഒരു പ്രദേശം കാണുന്നത്   മേട്ടുപാളയം നഗരമാണെന്ന് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. പഴിചാരിയവര്‍ അന്യോന്യം മാപ്പ് പറഞ്ഞിറങ്ങുമ്പോ സമയം 5.30.
 
"undefined"
തിരികെ പോരുന്നതിന് എളുപ്പ വഴി ഊട്ടി-ഗൂഡല്ലൂര്‍- നിലമ്പൂര്‍ ആണെന്ന് മനസിലാക്കിയ ഞങ്ങള്‍ 30 കി.മീ യാത്ര ചെയ്തു 6.30 നു ഊട്ടിയില്‍ എത്തി. ഒരു ചായ കുടിക്കുന്നതിനിടയില്‍ ഞാന്‍ പുറത്തിറങ്ങി ഊട്ടി നഗരം ഒന്നു വീക്ഷിച്ചു. 
 
മണവാട്ടിയായി അണിഞ്ഞൊരുങ്ങി നില്ക്കുങന്ന ഈ കുന്നിന്‍ താഴ്‌വരകളോ.. അതോ യൂക്കാലി തോട്ടങ്ങള്‍ക്കിനടയിലെ സൌമ്യതയാള്‍ന്നത ജലാശയമോ...അതുമല്ലെങ്കില്‍ ഈ ശീതളഛായയില്‍ ഇവയെയെല്ലാം തഴുകി സ്വയം കുളിരണിയുന്ന ഇളം തെന്നലോ ...ഏതാണ് ഈ നഗരത്തിനു ഇത്ര ചാരുത പകരുന്നത്..
 
ബുദ്ധിമുട്ടുകള്‍ക്കിടയിലും സമയം കണ്ടെത്തിയാണ് ഞങ്ങള്‍ ഈ യാത്രക്ക് ഒത്തുകൂടിയത്. അതോണ്ട് തന്നെ ഓരോ നിമിഷവും വളരെ വിലപ്പെട്ടതാണ്. അതിനാല്‍ തുടര്‍ന്നുള്ള ഞങ്ങളുടെ മടക്കയാത്ര അല്പം വേഗത്തിലാക്കി. 
 
എന്നാല്‍ ആ യാത്ര ഭീതിയുടെ ഒരു കാണാ കയത്തിലേക്കാണ് നീങ്ങുന്നതെന്ന് ഞങ്ങള്‍ ആരും കരുതിയില്ല..
വളവും തിരിവും നിറഞ്ഞ വഴിയിലൂടെ മുന്നില്‍ പോകുന്ന വണ്ടികളെ ശരവേഗത്തില്‍ മറികടന്നു ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഡ്രൈവിങ്ങിന്റെ എല്ലാ സാധ്യതകളും പുറത്തെടുത്തു. എത്രയും വേഗം എത്തുക മാത്രം ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. കുന്നിന്‍ മുകളില്‍ നിന്ന് ദീപപ്രഭയില്‍ ശോഭിതമായ ഗൂഡല്ലൂര്‍ പട്ടണം താഴെ കാണാമെങ്കിലും അത് ആസ്വദിക്കാനുള്ള സാവകാശം ഞങ്ങള്‍ക്ക് ഇല്ലായിരുന്നു.. 
 
ഗൂഡല്ലൂരില്‍ എത്തി ഒന്ന് വിശ്രമിച്ച ശേഷം വീണ്ടും കുതിപ്പ് തുടര്‍ന്നു. ഗൂഡല്ലൂരില്‍ നിന്ന് വഴിക്കടവ് വരെയുള്ള ഭാഗത്തു പണി നടക്കുകയാണ്. ഹെയര്‍പിന്‍ വളവുകളും. റോഡിന്റെ മോശമായ അവസ്ഥയൊന്നും ഞങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. മറ്റു വാഹനങ്ങളെ മാറികിടക്കുന്നതില്‍ റോഡിന്റെ മോശം അവസ്ഥയോ ഹെയര്‍പിന്‍ വളവോ ഒന്നും ഞങ്ങള്‍ക്ക് ഒരു കടമ്പ ആയില്ല. മിന്നിച്ചു തന്നെ പോന്നു.
 
ഒരൊറ്റ നിമിഷം മതിയല്ലോ....
 
"undefined"
10 മണിക്ക് ഞങ്ങള്‍ നിലമ്പൂര്‍ എത്തി. കെടിഡിസി റെസ്റ്റോറന്റില്‍ നിന്ന് അത്താഴവും കഴിച്ചു തകൃതിയില്‍ വീണ്ടും വണ്ടി എടുത്തു. തിരക്ക് കുറഞ്ഞ സമയം. 80 - 90 കി.മീ വേഗതയിലാണ് പോരുന്നത്. ചെറുകോട്, പയ്യപ്പറമ്പ്, പാണ്ടിക്കാട് എന്നീ സ്ഥലങ്ങള്‍ ഇമ വെട്ടുന്നതിനിടയില്‍ പിന്നോട്ട് മാറി. 
മാനത്തുമംഗലം കഴിഞ്ഞുകാണും. പെട്ടെന്നാണ് അത് സംഭവിച്ചത്. 
 
വാഹനം റോഡില്‍ നിന്ന് ഏകദേശം 10 മീറ്ററോളം ഇടത്തേക്ക് തെന്നി മാറി. നിയന്ത്രണം വിട്ടു എന്നായപ്പോള്‍ വലത്തോട്ട് വെട്ടിതിരിച്ചു. അപ്പോഴേക്കും എല്ലാം കൈവിട്ടു കഴിഞ്ഞിരുന്നു. എന്താണ് സംഭവിച്ചത് എന്ന് ചിന്തിക്കും മുമ്പ് റോഡിന്റെ വലതു ഭാഗത്തേക്ക് പാഞ്ഞു കയറി ഒരു കരിങ്കല്‍ മതിലില്‍ പോയി ശക്തമായി ഇടിച്ചു വണ്ടി നിലമ്പൂര്‍ ഭാഗത്തേക്ക് തിരിഞ്ഞു നിന്നു. ഒരു നിമിഷം ശൂന്യത. 
രാത്രിയാണെങ്കിലും ജനങ്ങള്‍ നാലു ഭാഗത്തുനിന്നും ഓടിക്കൂടി. ഒരു നിമിഷം വേണ്ടിവന്നു ആ ഞെട്ടലില്‍ നിന്ന് ഞങ്ങള്‍ക്ക് കരകയറാന്‍. ഓരോരുത്തരായി പുറത്തിറങ്ങി.
 
ഗുരുകാരണവന്മാരുടെ അനുഗ്രഹമോ, വീട്ടിലുള്ളവരുടെ പ്രാര്‍ത്ഥനയോ, അതോ ഞങ്ങളില്‍ ആരെങ്കിലും ചെയ്ത പുണ്യത്തിന്റെ ഫലമോ എന്താണെന്നറിയില്ല... ഒരു അദൃശ്യ ശക്തി ഞങ്ങള്‍ക്ക് സുരക്ഷാ കവചം തീര്‍ത്തു. 
 
ആര്‍ക്കും ഒരു പോറല്‍ പോലും സംഭവിച്ചില്ല. നാട്ടുകാരും ഇത് കണ്ട അന്ധാളിപ്പിലാണ്. എന്താണ് സംഭവിച്ചത് എന്നാണ് എല്ലാവരുടേയും ചോദ്യം. ഞങ്ങള്‍ക്കും അറിയില്ല എന്താ നടന്നത് എന്ന്. വണ്ടിയുടെ സ്ഥിതി നോക്കി. ഇടതുവശത്തെ മുന്‍വെളിച്ചം ആകെ തകര്‍ന്നു. ബമ്പര്‍ പൊട്ടിയിട്ടുണ്ട്. വേറെ ബാഹ്യമായി ഒന്നും കാണാനില്ല. വണ്ടി എടുത്തപ്പോള്‍ ഓടിക്കാന്‍ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. അതും കുഴപ്പമില്ല കൂടുതല്‍ സംസാരത്തിനു നില്‍ക്കാതെ വേഗം വണ്ടിയെടുത്തു പോന്നു. 
 
അത്രയും നേരം ചിരിയും കളിയും തമാശയും നിറഞ്ഞ അന്തരീക്ഷം മാറി. ശ്മശാനമൂകമായി. തൃത്താലയെത്തുംവരെ ആര്‍ക്കും പേടിയൊഴിഞ്ഞിരുന്നില്ല.  ഇപ്പോഴും, ഇതെഴുതുമ്പോഴുമ ഉള്ളുനിറഞ്ഞ് പ്രണമിക്കുകയാണ് ആ അദൃശ്യ ശക്തിയെ...

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.