ബിഎംഎസ് സംസ്ഥാന സമ്മേളനം നാളെ മുതല്‍; തൊഴില്‍സുരക്ഷയ്ക്കായി ആറു പ്രമേയങ്ങള്‍

Thursday 5 April 2018 2:30 am IST
"undefined"

കൊല്ലം: തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും  മുറുകെപ്പിടിക്കുന്ന, തൊഴില്‍സുരക്ഷ ഉറപ്പാക്കുന്ന ആറ് പൊതുപ്രമേയങ്ങള്‍ ഉള്‍പ്പെടെ 30 പ്രമേയങ്ങള്‍ കൊല്ലത്ത് നടക്കുന്ന ബിഎംഎസ് സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിക്കും. 

സുവര്‍ണ്ണജൂബിലി നിറവിലെത്തിയ സംഘടനയുടെ സംസ്ഥാനസമ്മേളനം നിര്‍ണായകതീരുമാനങ്ങളുടെ മഹാസമ്മേളനമായിരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ ബി.ശിവജി സുദര്‍ശന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

കാര്‍ഷിക-വ്യാവസായിക നിലനില്‍പ്പും തൊഴില്‍സുരക്ഷയും അധികരിച്ചാകും മുപ്പതില്‍പരം പ്രമേയങ്ങള്‍. തൊഴില്‍മേഖലയില്‍ അശാന്തി പടര്‍ത്തുന്ന ഏത് സര്‍ക്കാര്‍ നടപടിയേയും രാഷ്ട്രീയമോ ഭരണപക്ഷപാതമോ നോക്കാതെ  നേരിടുക തന്നെ ചെയ്യുമെന്ന് നേതാക്കള്‍ പറഞ്ഞു. 

ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിരാശാജനകമാണ്. കെഎസ്ആര്‍ടിസിയില്‍  പെന്‍ഷന്‍കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് കൊടുംവീഴ്ചയും വാഗ്ദാന ലംഘനവുമാണ്. കശുവണ്ടി തൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ മറന്നു.  ഫാക്ടറികള്‍ തുറക്കാനും ശ്രമമില്ല.  ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ അവകാശത്തിന് കൂച്ചുവിലങ്ങിടുന്ന ഓര്‍ഡിനന്‍സും സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിന് ഉദാഹരണമാണ്. 

കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍പരിഷ്‌കരണ നയത്തിനെതിരെ മറ്റ് തൊഴിലാളിസംഘടനകള്‍ നടത്തിയ പണിമുടക്കില്‍നിന്നും ബിഎംഎസ് വിട്ടുനിന്നെങ്കിലും പോരാട്ടത്തിന്റെ പാതയില്‍ തെന്നയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ബിഎംഎസിന് പ്രത്യയശാസ്ത്രവും പ്രവൃത്തിയും ഒന്നുതന്നെയാണ്. 

നാളെ വൈകിട്ട് നാലിന് കാല്‍ലക്ഷം തൊഴിലാളികള്‍ പങ്കെടുക്കു പ്രകടനത്തോടെ ത്രിദിന സമ്മേളനത്തിന് തുടക്കമാകും. പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ഏഴിന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനം അഖിലേന്ത്യാ അധ്യക്ഷന്‍ സി.കെ.സജി നാരായണന്‍ ഉദ്ഘാടനം ചെയ്യും. പത്ര സമ്മേളനത്തില്‍ ജില്ലാസെക്രട്ടറി വി.വേണു, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി.രാജേന്ദ്രന്‍പിള്ള, മീഡിയാ കമ്മിറ്റി ചെയര്‍മാന്‍ കല്ലട ഷണ്‍മുഖന്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.