തിരുവനന്തപുരം: മയക്കുമരുന്നുമായി പിടിക്കപ്പെടുന്ന വ്യക്തി ഏതു പ്രായത്തിലായാലും ശിക്ഷാ കാലാവധിയും പിഴയും വര്‍ധിപ്പിക്കുന്നതിനായി നിയമം ഭേദഗതിചെയ്യണമെന്ന് നിയമസഭാ സമിതി. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനായ സമിതി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നുവെന്ന് സമിതി ചൂണ്ടിക്കാട്ടി. ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ദൂഷ്യവശങ്ങള്‍ സംബന്ധിച്ച് ഒന്നാം ക്ലാസു മുതലുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. മയക്കുമരുന്ന് കേസുകളില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നല്കുന്ന ഏഴു വര്‍ഷത്തെ തടവുശിക്ഷ നടപ്പാക്കാന്‍ എക്സൈസ് വകുപ്പിനെക്കൂടി അധികാരപ്പെടുത്തണം. കോട്പാ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണം. വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നുമായി പിടിക്കപ്പെട്ടാല്‍ അവര്‍ക്കെതിരെയും അവര്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ ഉടമയ്ക്കെതിരെയും വാഹനം ഓടിക്കുന്ന ആളിനെതിരെയും നിയമനടപടികള്‍ സ്വീകരിക്കണം. ലഹരിക്ക് അടിമയായ കുട്ടികളെ ചികിത്സിക്കുന്നതിന് ഓരോ ജില്ലാ ആസ്ഥാനത്തും കുട്ടികള്‍ക്ക് മാത്രമായി ഡി- അഡിക്ഷന് സെന്ററുകള്‍ സ്ഥാപിക്കണമെന്നും എല്ലാ സ്കൂളുകളിലും ലഹരിവിരുദ്ധ ക്ലബുകള്‍ ആരംഭിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
വിദ്യാര്‍ത്ഥികള്‍ ലഹരിവസ്തുക്കള്‍ പരിചയപ്പെടുന്നത് പലപ്പോഴും വീടുകളിലാണെന്നും വീടുകളിലെ സല്‍ക്കാരങ്ങളില്‍ ലഹരിവസ്തുക്കളും മദ്യവും ഒഴിവാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു. സ്കൂള്‍ പരിസരത്തും ലഹരിപദാര്‍ത്ഥങ്ങള്‍ വ്യാപകമാണ്. മിഠായി, പശ, ഗുളികകള്‍ എന്നിവയുടെ രൂപത്തില്‍ സ്കൂള്‍ പരിസരങ്ങളിലെ കടകളില്‍ ലഹരി സമൃദ്ധമാണ്. അതിനാല്‍ വിദ്യാലയങ്ങള്‍ക്ക് അടുത്ത് സ്ഥിതിചെയ്യുന്ന കടകളില്‍ പോലീസ്, എക്സൈസ് വകുപ്പുകള്‍ മിന്നല്‍ പരിശോധന നടത്തണം. സ്കൂള്‍ പരിസരത്തിനടുത്ത് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന ദൂരപരിധി 100 മീറ്ററില്‍നിന്നും 500 മീറ്ററായി വര്‍ധിപ്പിക്കണം. ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങള്‍ ഒന്നിലധികം തവണ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കണം. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കോളേജ് ഹോസ്റ്റലുകളില്‍ അപ്രതീക്ഷിത പരിശോധന നടത്തണം.
കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിന് പാഠേ്യതര വിഷയങ്ങള്‍ക്കുകൂടി പാഠ്യപദ്ധതിയില്‍ സ്ഥാനം നല്‍കണം. പഠന വൈകല്യമുള്ള കുട്ടികളെ മുഖ്യധാരയിലെത്തിക്കാന്‍ നടപടി വേണം. ഗ്രാമപഞ്ചായത്തുകള്‍ മുന്‍കൈ എടുത്ത് കളിസ്ഥലങ്ങള്‍ നിര്‍മ്മിച്ചു നല്‍കണം. സമിതി ശുപാര്‍ശ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: