കൊഗ്‌നൈസന്റ് 420 കോടി അടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി

Thursday 5 April 2018 2:40 am IST
"undefined"

ചെന്നൈ: അമേരിക്കന്‍ കമ്പനിയായ കൊഗ്‌നൈസന്റ് ടെക്‌നോളജി സൊലൂഷന്‍സിനോട് നികുതിയിനത്തില്‍ 420 കോടി രൂപ രണ്ടു ദിവസത്തിനകം അടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി. കൊഗ്‌നൈസന്റ്  2,800 കോടി രൂപ അടയ്ക്കാനുണ്ടെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ 15 ശതമാനമാണ് രണ്ടു ദിവസത്തികം അടയ്ക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതിനായി കമ്പനിക്ക് മുംബൈയിലെ ജെപി മോര്‍ഗന്‍ ചെയ്‌സ് ബാങ്കിലെ അക്കൗണ്ട് മരവിപ്പിച്ച നടപടി താല്‍ക്കാലികമായി നീക്കം ചെയ്ത് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് നേരത്തെ മരവിപ്പിച്ചിരുന്നു. ഇതില്‍ നിന്നുമാണ് മുംബൈയിലെ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സൗകര്യം ചെയ്യണമെന്നു കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ബാക്കിയുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് അങ്ങനെ തന്നെ തുടരും. 

അക്കൗണ്ട് മരവിപ്പിക്കല്‍ നടപടി തുടര്‍ന്നാല്‍ നികുതിയൊടുക്കാന്‍ എങ്ങനെ സാധിക്കുമെന്ന് ചോദിച്ച് കമ്പനി നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതിയുടെ ഉത്തരവ്. കമ്പനിയുടെ 68 ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. ബാങ്കിന്റെ ഉത്തരവ് പാലിക്കുകയും ശേഷിക്കുന്ന തുകയ്ക്ക് ഗ്യാരന്റി കെട്ടിവയ്ക്കുകയും ചെയ്യുകയാണെങ്കില്‍ ആദായ നികുതി വകുപ്പിന്റെ നടപടികളില്‍ നിന്നും ഇടക്കാല സ്റ്റേ അനുവദിക്കുന്ന കാര്യം ആലോചിക്കാമെന്നും കോടതി നിരീക്ഷിച്ചു.

തൊഴിലാളികളുടെ ഡിവിഡന്റ് വിതരണ നികുതിയില്‍ വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കമ്പനിയിലെ ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.