പാര്‍ലമെന്റ് സ്തംഭനം തുടരുന്നു: അഴിമതി നിരോധന ബില്‍ പാസാക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷം

Thursday 5 April 2018 3:03 am IST
"undefined"

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന അഴിമതി നിരോധന ബില്‍ പാസാക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭയില്‍ ബില്‍ പരിഗണിക്കുകയാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യന്‍ ഉച്ചകഴിഞ്ഞ് 3.30ന് അറിയിച്ചതോടെ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ഇതോടെ സഭ അല്‍പ്പ നേരത്തേക്ക് പിരിഞ്ഞു. തുടര്‍ന്ന് നാലു തവണ സഭ ചേര്‍ന്നെങ്കിലും ബില്ലവതരിപ്പിക്കാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. 

പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ചര്‍ച്ചയ്‌ക്കെടുക്കാനുള്ള ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്റെ തീരുമാനം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പിന്‍വലിച്ചു. ഇന്നലെ രണ്ടുതവണ അവിശ്വാസപ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടുത്തളത്തിലിറങ്ങിയുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. 

സഭയിലെ ബഹളവും പ്രതിഷേധവും അവസാനിപ്പിച്ചാല്‍ അവിശ്വാസം ചര്‍ച്ചയ്‌ക്കെടുക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെയും സ്പീക്കറിന്റെയും ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശം പ്രതിപക്ഷ കക്ഷികള്‍ തള്ളി. എഐഎഡിഎംകെ, ടിഡിപി എന്നിവര്‍ക്ക് പുറമേ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ബഹളം തുടര്‍ന്നതോടെയാണ് സഭ തുടര്‍ച്ചയായ ഇരുപതാം ദിവസവും സ്തംഭിച്ചത്. രാജ്യസഭയിലും സമാനമായ സ്ഥിതിവിശേഷമാണ് ഇന്നലെ അരങ്ങേറിയത്. 

കാവേരി ബോര്‍ഡ് രൂപീകരണം വൈകുന്നതില്‍ എഐഎഡിഎംകെ അംഗങ്ങളും ദളിതര്‍ക്കെതിരെ അരങ്ങേറിയ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് തൃണമൂല്‍ അംഗങ്ങളും പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. ദളിത് സമൂഹത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ദളിതര്‍ക്കൊപ്പം ശക്തമായി നില്‍ക്കുകയാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസാണ് ജനങ്ങളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അക്രമങ്ങള്‍ക്ക് ശ്രമിക്കുന്നതെന്നും അനന്ത്കുമാര്‍ പറഞ്ഞു.

എസ്.പി ടിക്കറ്റില്‍ വിജയിച്ച ജയാ ബച്ചന്‍, ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് തുടങ്ങി 12 എംപിമാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് രാജ്യസഭാംഗങ്ങളായി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.