പ്രതീക്ഷയോടെ കീഴാറ്റൂര്‍; പകച്ചു പോയ സിപിഎം

Thursday 5 April 2018 3:18 am IST

കണ്ണൂര്‍:  ബിജെപിയുടെ നേതൃത്വത്തില്‍ 'കീഴടങ്ങില്ല കീഴാറ്റൂര്‍' എന്ന പേരില്‍ നടത്തിയ കര്‍ഷകരക്ഷാ മാര്‍ച്ചിന്റെ വിജയം സിപിഎമ്മിനെ ഞെട്ടിച്ചു. അതോടെ  കളള പ്രചാരണങ്ങളും തുടങ്ങി.  വയല്‍ നികത്തിയുളള ബൈപ്പാസ് നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുമെന്ന  പ്രതീക്ഷയിലാണ് കീഴാറ്റൂരിലെ  കര്‍ഷകര്‍. 

 വയല്‍ക്കിളികളും നാട്ടുകാരും നടത്തുന്ന സമരങ്ങളെ  പല വിധത്തില്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചുവരികയായിരുന്നു സിപിഎം.  നാട്ടുകാരായ കര്‍ഷകരെ ഭീഷണിപ്പെടുത്തി ഒരു  വിഭാഗത്തെ കൂടെ നിര്‍ത്താന്‍ സാധിക്കുകയും ചെയ്തു.  എന്നാല്‍ മറ്റ് പാര്‍ട്ടികളുടെ കൊടി  കേട്ടാന്‍ പോലും അനുവദിക്കാത്ത പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ ബിജെപിക്ക് പൊതുസമ്മേളനം സംഘടിപ്പിക്കാന്‍ സാധിച്ചത് സിപിഎമ്മിന് കടുത്ത ക്ഷീണമായി. മാത്രമല്ല പാര്‍ട്ടിയുടെ പല സജീവ പ്രവര്‍ത്തകരെയും  ഭൂമി വന്ദനത്തിലും പരിസ്ഥിതി പ്രതിഞ്ജയിലും പങ്കാളിയാക്കാന്‍ ബിജെപിക്ക് സാധിച്ചതും സിപിഎമ്മിന് കനത്ത ആഘാതമാണ്.

വര്‍ഷങ്ങളോളം സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന  വയല്‍ക്കിളി നേതാവ്  സുരേഷ് കീഴാറ്റൂരും സമര നായിക നമ്പ്രാടത്ത് ജാനകിയും ബിജെപി  മാര്‍ച്ചില്‍   സജീവമായി പങ്കെടുത്തതും സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു.  മാര്‍ച്ച് കാണാന്‍പോലും   പാടില്ലെന്ന പാര്‍ട്ടിയുടെ തിട്ടൂരം പാര്‍ട്ടി ഗ്രാമത്തിലെ ജനം ഒന്നാകെ തളളി.

പ്രതിരോധിക്കാന്‍ മേഖലാ റാലികളും തുറന്ന കത്തും

കണ്ണൂര്‍: കീഴാറ്റൂര്‍ വിഷയത്തില്‍ സിപിഎം പ്രതിരോധത്തിലായതോടെ മുഖം രക്ഷിക്കാന്‍ കണ്ണൂരില്‍  ഇന്നലെ രണ്ട് മേഖലാ ജാഥകള്‍ ആരംഭിച്ചു. പാര്‍ട്ടി ഗ്രാമത്തിലെ കര്‍ഷക വിരുദ്ധത രാജ്യം മുഴുവന്‍ ശ്രദ്ധിച്ചതും   അണികളൊന്നാകെ നേതൃത്വത്തിന്റെ നിലപാടിനെതിരെ രംഗത്തു വന്നതും ജാഥകള്‍ നടത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ച ഘടകങ്ങളാണ്. 

കീഴാറ്റൂര്‍ ബൈപ്പാസ്: ഒരു തുറന്ന കത്ത്' എന്ന പേരില്‍ പാര്‍ട്ടിയെ  ന്യായീകരിച്ചും വയല്‍ക്കിളികളേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ചും സിപിഎം ജില്ലാ കമ്മിറ്റി നാല് പേജുളള കുറിപ്പും പുറത്തിറിക്കി. കത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിനേയും രൂക്ഷമായി വിമര്‍ശിക്കുന്നു.  ബിജെപിയുടെ മാര്‍ച്ചില്‍  ആളില്ലെന്ന  പ്രചാരണവുമായി ദേശാഭിമാനിയും എത്തി.

സമര വേദി പങ്കിട്ടതോടെ വയല്‍ക്കിളികള്‍ ഒറ്റപ്പെട്ടു,  ഇവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂപം കൊണ്ടു, ബിജെപി സമരത്തെ ഹൈജാക്ക് ചെയ്തു തുടങ്ങിയ കള്ള വാര്‍ത്തകളാണ്  പാര്‍ട്ടി  പത്രത്തില്‍.  ആറന്മുളയില്‍ സിപിഎമ്മിനും ആര്‍എസ്എസിനും ഒന്നിച്ച് സമരം ചെയ്യാമെങ്കില്‍ കീഴാറ്റൂരിലുമാവാമെന്നും വയല്‍ ഏറ്റെടുക്കുന്നതിനെതിരെ വയല്‍ക്കിളി കൂട്ടായ്മ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കുന്ന ആരുമായും സഹകരിക്കുമെന്നും സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍ ആദ്യ ഘട്ടത്തില്‍തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനെയെല്ലാം മറച്ചുവെച്ചാണ് കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.