പട്ടികവിഭാഗക്കാരുടെ വികസനപദ്ധതികളില്‍ അഴിമതിയുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് മന്ത്രി

Thursday 5 April 2018 3:30 am IST
"undefined"

തിരുവനന്തപുരം: പട്ടികവിഭാഗക്കാര്‍ക്കുവേണ്ടി നടപ്പാക്കുന്ന വികസനപദ്ധതികളില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാല്‍  അന്വേഷിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ നിയമസഭയില്‍ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപ വനവാസി ക്ഷേമത്തിനായി അനുവദിക്കാറുണ്ടായിട്ടും വനവാസി മേഖലയില്‍ പട്ടിണി മരണങ്ങള്‍ സംഭവിക്കുന്നുവെന്നും വനവാസികള്‍ക്കായി നീക്കിവെച്ച ഫണ്ടുകള്‍ ചെലവഴിച്ചതിനെ പറ്റി സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ട് ഒ.രാജഗോപാല്‍ എംഎല്‍എ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

മന:സാക്ഷിയില്ലാത്ത രാഷ്ട്രീയക്കാരും അഴിമതിക്കാരായ ഉദ്യോഗസ്ഥരും ലാഭത്തിനുവേണ്ടി നിലകൊള്ളുന്ന കരാറുകാരും ചേര്‍ന്ന് വനവാസികളെ പറ്റിക്കുകയാണെന്ന് രാജഗോപാല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അന്ത്യോദയ അന്നയോജന പ്രകാരം വനവാസി മേഖലയില്‍ റേഷന്‍ വിഹിതം വിതരണമുണ്ട്. കോടികളുടെ ഫണ്ട് ചെലവഴിക്കുന്നു. എന്നിട്ടും പട്ടിണിമരണങ്ങള്‍ നടക്കുന്നു. വനവാസികള്‍ക്കുള്ള ഫണ്ട് ചെലവഴിക്കുമ്പോള്‍ അവരെ കൂടി അതില്‍ പങ്കാളികളാക്കുന്നതിനുള്ള സംവിധാനങ്ങള്‍ വേണമെന്ന് രാജഗോപാല്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ മേഖലയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും  കൃത്യമായി പ്രതിമാസം വകുപ്പ് തലത്തിലും എല്ലാ ആഴ്ചയിലും മന്ത്രിതലത്തിലും പദ്ധതി അവലോകനം നടത്തിവരുന്നുണ്ടെന്നും മന്ത്രി എ.കെ.ബാലന്‍ അവകാശപ്പെട്ടു. കേരളത്തില്‍ ആദിവാസി ജനസംഖ്യ 1.45 ശതമാനമാണ്. അഞ്ച് ലക്ഷം ആദിവാസികളാണുള്ളത്. സര്‍ക്കാര്‍  2016-17 ല്‍ 751 കോടി അനുവദിച്ചതില്‍ 95 ശതമാനം ചിലവഴിച്ചു. ഈ വര്‍ഷം 826 കോടി അനുവദിച്ചതില്‍ ഇതുവരെ 90 ശതമാനവും ചിലവഴിച്ചു.  പട്ടികവര്‍ഗ്ഗ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആയിരക്കണക്കിന് കോടി രൂപ നല്‍കുന്നുവെന്നും കേരള സര്‍ക്കാര്‍ തുക  ലാപ്‌സാക്കി കളയുന്നുവെന്നുമുള്ള പ്രചരണം രാഷ്ട്രീയ ദുഷ്ടലാക്കോട് കൂടിയാണ്.   

വനവാസി മേഖലയില്‍  ഒരിടത്തും പോഷകാഹാരക്കുറവ് കൊണ്ടോ പട്ടിണി കൊണ്ടോ മരണങ്ങള്‍  സംഭവിക്കുന്നില്ല. റേഷന്‍കടകളിലൂടെ ആവശ്യാനുസരണം പലവ്യജ്ഞനവും സമൂഹ അടുക്കളയിലൂടെ വേവിച്ച ഭക്ഷണവും വീട്ടിലെത്തിക്കുന്നു. എന്നാല്‍ അട്ടപ്പാടിയിലെ ജനങ്ങള്‍ പൊതുവെ ഇഷ്ടപ്പെടുന്ന വെള്ള അരി ചിലപ്പോള്‍ നല്‍കാന്‍ കഴിയാത്ത പ്രശ്‌നം ഉണ്ട്.  

അട്ടപ്പാടിയില്‍ മധുവിന്റെ മരണം പട്ടിണി മൂലമല്ല. മധുവിന്റെ വീട്ടില്‍ അമ്മ മല്ലിയും ഒരു സഹോദരിയും അംഗന്‍വാടി ജീവനക്കാരാണ്. ബികോം കഴിഞ്ഞ മറ്റൊരു സഹോദരി സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനുള്ള ഇന്റര്‍വ്യൂ കഴിഞ്ഞിരിക്കുകയാണ്. സഹോദരിയുടെ ഭര്‍ത്താവ് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സിലെ ജീവനക്കാരനുമാണ്. ധനസഹായമായി 18.25 ലക്ഷമാണ് നല്‍കിയത്. സാധാരണ ജനങ്ങളില്‍ നിന്നും വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അകന്ന് നില്‍ക്കുകയായിരുന്നു മധു.

മധുവിനെപ്പോലെ ഒറ്റപ്പെട്ട് താമസിക്കുന്ന ആളുകളെ പുനരധിവസിപ്പിക്കുവാനുള്ള പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്.   അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഒരു ഡെപ്യൂട്ടി ഡയറക്ടറെ ഇപ്പോള്‍ ഐടിഡിപി പ്രൊജക്ട് ഓഫീസറായി നിയമിച്ചിട്ടുമുണ്ട്. പട്ടികവികസന ഫണ്ടുപയോഗത്തില്‍ ക്രമക്കേടുള്ളതായി ഓഡിറ്റ് വിഭാഗങ്ങള്‍ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.