വാഗമണ്‍ സിമി ക്യാമ്പ്: ഖുറേഷിയെ 24ന് കൊച്ചിയിലെത്തിക്കും

Thursday 5 April 2018 3:40 am IST
"undefined"

കൊച്ചി: വാഗമണ്‍ സിമി ക്യാംപ് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനായ ഭീകരനേതാവ് അബ്ദുള്‍ സുബ്ഹാന്‍ ഖുറേഷിയെ 24ന് കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.  കുറ്റാരോപിതനായ ഖുറേഷി്വെതിരെ  മാര്‍ച്ച് 27ന് കൊച്ചി എന്‍ഐഎ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അഹമ്മദാബാദ് സ്‌ഫോടന കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ഗുജറാത്ത് പോലീസിന്റെ കസ്റ്റഡിയിലായിരുന്ന ഖുറേഷിയെ കൊച്ചിയില്‍ എത്തിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് 24ന് ഹാജരാക്കാന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചു. 

കേസിലെ 35-ാം പ്രതിയായ ഖുറേഷി ഇപ്പോള്‍ തിഹാര്‍ ജയിലിലാണ.്   അഹമ്മദാബാദില്‍ നടന്ന സ്‌ഫോടനത്തിനുശേഷം ഖുറേഷി സൗദി അറേബ്യയിലും നേപ്പാളിലും ഒളിവില്‍ കഴിഞ്ഞു. സൗദി അറേബ്യയില്‍ നിന്ന് തിരിച്ചെത്തിയ ഖുറേഷിയെ ജനുവരിയില്‍ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

2007 ഡിസംബറിലാണ് വാഗമണില്‍  സിമി ക്യാംപ് സംഘടിപ്പിച്ചത്. കേസിലെ വിചാരണ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ അവസാനഘട്ടത്തിലാണ്, ആകെ 38 പ്രതികളുണ്ട്. മുഖ്യപ്രതികളില്‍ ഒരാളായ വാസിക് ബില്ല ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ വര്‍ഷം ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സമയത്ത് 31-ാം പ്രതിയായ മെഹബൂബ് മാലിക് കൊല്ലപ്പെട്ടു.

അബ്ദുള്‍ സുബ്ഹാന്‍ ഖുറേഷി എന്ന പേര് കൂടാതെ തൗക്കീര്‍ എന്ന പേരിലും അറിയപ്പെട്ടിരുന്ന ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ 'ടെക്കി ബോംബര്‍' ആയിരുന്നു. നിരോധിച്ച തീവ്രവാദ സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ്(സിമി) ആയി വളരെ അടുത്ത ബന്ധമായിരുന്നു ഖുറേഷിക്ക്.

2008 ജൂലൈ 26ന് അഹമ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളിലായി നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഖുറേഷിയായിരുന്നു. തിരക്കേറിയ ചന്ത, ബസ് സ്റ്റേഷനുകള്‍, ആശുപത്രികള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിങ്ങനെ പലയിടങ്ങളിലായി ടിഫിന്‍ കാരിയറുകളിലായി ഇരുപത്തൊന്നു ബോംബുകളാണ് ഖുറേഷിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിരുന്നത്.

ദേശീയ സുരക്ഷ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ പെട്ട ഖുറേഷിക്ക് 2014 ലെ ബെംഗളൂരു സ്‌ഫോടനം, 2010 ല്‍ ദല്‍ഹിയില്‍ നടന്ന സഫോടന പരമ്പര, 2006 ല്‍ മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ നടന്ന സ്‌ഫോടനം എന്നിവയില്‍ പങ്കുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.