ത്രിഗുണ സമ്പന്നമാരുടെ മരണാനന്തര ഗതികൾ

Thursday 5 April 2018 3:48 am IST

സത്ത്വഗുണ പൂര്‍ണ്ണരായ മനുഷ്യര്‍ വേദം മുതലായ ശാസ്ത്രങ്ങള്‍ യഥാരൂപം അറിയുന്നവരായിരിക്കുമെന്ന് മുമ്പ് പറഞ്ഞുവല്ലോ. അവര്‍ ശാസ്ത്രീയവും സാത്ത്വികവുമായ കര്‍മ്മങ്ങള്‍ മാത്രം അനുഷ്ഠിക്കുന്നു. അങ്ങനെ അവര്‍ മരണാനന്തരം, കര്‍മ്മങ്ങളുടെ താരതമ്യം അനുസരിച്ച് സ്വര്‍ഗലോകം, മഹര്‍ലോകം, ജനലോകം, തപോലോകം എന്നീ ഉര്‍ധ്വലോകങ്ങളില്‍ -ഉന്നതലോകങ്ങളില്‍ ജനിച്ച് ദിവ്യമായ ഉത്തരോത്തരം നൂറുനൂറു ഇരട്ടിയായ-ആനന്ദം അനുഭവിക്കുന്നു.

രജോഗുണ പൂര്‍ണ്ണരായ മനുഷ്യര്‍, അഭീഷ്ട പ്രാപ്തി സങ്കല്‍പിച്ച്, യാഗാദി കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച്, മധ്യലോകങ്ങളായ സ്വര്‍ഗലോകത്തില്‍ ദേവന്മാരായും മനുഷ്യ ലോകത്തില്‍ രാജാക്കന്മാരായും ധനികന്മാരായും ജനിച്ച് ഭൗതികസുഖം അനുഭവിക്കുന്നു.

ജഘന്യഗുണം-ഏറ്റവും നികൃഷ്ടമായ ഗുണം-തമോഗുണം-അതിന്റെ അതില്‍തന്നെ സ്ഥിതിചെയ്യുന്നവരാണ് താമസ സ്വഭാവമുള്ളവര്‍. അവര്‍ അജ്ഞാനികളാണ്, തെറ്റുമാത്രം ചെയ്യുന്നവരാണ്, അധര്‍മ്മികളാണ് എന്ന് മുമ്പ് പറഞ്ഞുവല്ലോ. അവര്‍ മരണാനന്തരം, പട്ടിയായോ പന്നിയായോ കഴുതയായോ പുഴുക്കളായോ ജനിക്കുന്നു. തങ്ങളുടെ പാപകര്‍മ്മങ്ങളുടെ ഫലമായി നരകലോകത്തില്‍ ചെന്ന് ദുഃഖം മാത്രം അനുഭവിക്കുന്നു.

സാത്ത്വിക ഗുണ കര്‍മ്മങ്ങളുടെ ഫലമായി ഉന്നത ലോകങ്ങളിലും രജോഗുണകര്‍മ്മങ്ങളുടെ ഫലമായി മനുഷ്യലോകത്തിലും തമോഗുണ കര്‍മ്മങ്ങള്‍ ചെയ്ത് ജന്തുലോകത്തിലും എത്തിച്ചേരാന്‍ കഴിയും. പരാപ്രകൃതിയുടെ ഊരാക്കുടുക്കില്‍നിന്ന് മോചനം നേടാന്‍ മൂന്നു തരക്കാര്‍ക്കും കഴിയുകയില്ല. സംസാര സമുദ്രത്തില്‍ ജനിച്ചും മരിച്ചും മുങ്ങിയും പൊങ്ങിയും കറങ്ങിക്കഴിയാം അത്രമാത്രം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.