അചഞ്ചലത-പ്രക്ഷുബ്ധ സാഗരത്തിലെ കരിമ്പാറപോലെ

Thursday 5 April 2018 3:50 am IST

നിഷ്‌കളങ്ക ഭക്തികൊണ്ടും ഈശ്വര വിശ്വാസംകൊണ്ടും ആദ്ധ്യാത്മിക സാധനകൊണ്ടും സിദ്ധിക്കുന്ന പ്രയോജനമെന്താണ്?   നിങ്ങള്‍ പ്രക്ഷുബ്ധമായ സാഗരത്തില്‍ തലപൊക്കി നില്‍ക്കുന്ന കൂറ്റന്‍ കരിമ്പാറയെ കണ്ടിരിക്കുമല്ലോ. ശക്തിപൂണ്ടാര്‍ത്തിരമ്പി അതിന്റെമേല്‍ തിരമാലകള്‍ നിരന്തരം ആഞ്ഞടിക്കുന്നു. പക്ഷേ പാറയ്ക്കിളക്കമില്ല. അത് അലിഞ്ഞു പോകുന്നുമില്ല. സുസ്ഥിരതയുടെ പ്രതീകമായി അചഞ്ചലമായി അതു നിലകൊള്ളുന്നു. അതുപോലെ (ആത്മാര്‍ത്ഥമായി)ഈശ്വരനെ ഭജിക്കുന്നവരുടെ ഹൃദയവും ധീരമായി നിലകൊള്ളുന്നു. പരമഭീകരമായ തിക്താനുഭവങ്ങള്‍ ഉണ്ടായാല്‍പോലും ആ ഹൃദയം അചഞ്ചലമായി വര്‍ത്തിക്കും. ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും രൂക്ഷമായ വെല്ലുവിളികളെ നേരിടേണ്ടി വരുമ്പോള്‍പോലും നിങ്ങളുടെ ഹൃദയം പതറിപ്പോകരുത്. ഏതു പരിതസ്ഥിതിയിലും നിങ്ങളുടെ മുഖത്തുനിന്നും മന്ദസ്മിതം മായരുത്. ധൈര്യവും സുസ്ഥിരതയും പ്രശാന്തതയും ഒരിക്കലും കൈവെടിയരുത്.

   ബാഹ്യമായ ഒരു സംവിധാനംകൊണ്ടും ശാന്തി ലഭിക്കുകയില്ല. അത് ആന്തരികമായ ക്രമീകരണംകൊണ്ടും പരിവര്‍ത്തനംകൊണ്ടും ശിക്ഷണംകൊണ്ടും മാത്രം വന്നുചേരുന്നതാണ്. ശാന്തി മാനസികമായ ഒരു സാമ്യാവസ്ഥയാണ്. ചിലപ്പോള്‍ പരിസരം പ്രശാന്തമായെന്നു വരാം. മറ്റു ചിലപ്പോള്‍ അന്തരീക്ഷമാകെ വികാരവിജൃംഭിതമായെന്നും വരാം. പക്ഷേ നിങ്ങള്‍ ആന്തരികമായി ശാന്തനിരതരാണെങ്കില്‍  ബാഹ്യമായി എന്തു സംഭവിച്ചാലും അതു നിങ്ങളെ സ്പര്‍ശിക്കാന്‍ പോകുന്നില്ല. എന്നു തന്നെയല്ല നിങ്ങളുടെ മാനസികശാന്തി പരിസരങ്ങളെക്കൂടിയും സ്വാധീനിക്കാന്‍ ശക്തമായിത്തീരും. 

    ഒരിക്കല്‍ ആത്മപ്രബുദ്ധത അഥവാ ഈശ്വരദര്‍ശനം നേടിയെങ്കില്‍ ഈ അവസ്ഥയില്‍ എവിടെ വേണമെങ്കിലും നിങ്ങള്‍ക്കു ജീവിക്കാം. എത്ര തിരക്കേറിയ പ്രവൃത്തിയുടെ മദ്ധ്യത്തിലും ഏകാന്തത ആസ്വദിക്കാം, യാതൊരാള്‍ക്കും യാതൊരു സംഭവത്തിനും എന്നല്ല യാതൊന്നിനുംതന്നെ നിങ്ങളുടെ മനസ്സിലെ പ്രശാന്തതയെ ചലിപ്പിക്കുവാന്‍ ശക്തിയുണ്ടാവില്ല. 

(സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.