വേദാന്തങ്ങളായ ഉപനിഷത്തുകളിലൂടെ

Thursday 5 April 2018 4:00 am IST

പുനര്‍ജന്മ സിദ്ധാന്തം- മരണം സംഭവിച്ചു കഴിഞ്ഞാല്‍ മരിച്ച ആളിന്റെ കണ്ണുകള്‍ സൂര്യനിലേക്കും പ്രാണന്‍ വായുവിലേക്കും വാക്ക് അഗ്നിയിലേക്കും മറ്റ് അവയവങ്ങള്‍ ലോകത്തിന്റെ പല അംശങ്ങളിലേക്കും പോകും, എന്നു വൈദിക ജനത കരുതിയിരുന്നു. നല്ലതും ചീത്തയും ആയ കര്‍മ്മങ്ങളുടെ ഫലങ്ങള്‍ മറ്റ് ലോകങ്ങളില്‍ വെച്ച് അനുഭവിക്കപ്പെടും എന്നുമെല്ലാം അവര്‍ കരുതി. ആ കാലത്തും പുനര്‍ജന്മ•സിദ്ധാന്തം വ്യക്തമായി രൂപപ്പെട്ടിരുന്നില്ല.

പക്ഷേ, ഉപനിഷത്തുകളില്‍ ഈ ആശയം തെളിവാര്‍ന്നതായി കാണാം. ഈ ലോകത്ത് കിണര്‍കുഴിക്കുക മുതലായ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്ന വ്യക്തി പിതൃക്കളുടെ വഴിയേ (പിതൃയാനം) പോയി ചന്ദ്രലോകത്ത് എത്തുന്നു. ആ യാത്രയുടെ ക്രമം ആദ്യം പുക (ധൂമം), പിന്നെ രാത്രി, അതു കഴിഞ്ഞ് കറുത്തപക്ഷം, ദക്ഷിണായനം എന്നിങ്ങനെ സഞ്ചരിച്ച് ചന്ദ്രനില്‍ എത്തുന്നു എന്നതാണ്. കര്‍മ്മഫലം അനുഭവിച്ചു തീരും വരെ അവിടെ തങ്ങി പിന്നീട് ആകാശം, വായു, പുക, മഞ്ഞ്, മേഘം, മഴ, സസ്യം, ഭക്ഷണം, വിത്ത് എന്ന ക്രമത്തില്‍ മനുഷ്യന്‍ കഴിക്കുന്ന ആഹാരത്തിലൂടെ അമ്മയുടെ ഉദരത്തിലെത്തി പുനര്‍ജ്ജനിക്കുന്നു. ഈ വിവരണത്തില്‍ കര്‍മ്മഫലം, പുനര്‍ജ്ജനി എന്നീ ആശയങ്ങള്‍ വ്യക്തമാണ്.

 ഛാന്ദോഗ്യം എന്ന ഉപനിഷത് അനുസരിച്ച് രമണീയകര്‍മ്മങ്ങള്‍ (സത്കര്‍മ്മങ്ങള്‍) അനുഷ്ഠിച്ചാല്‍ ത്രൈവര്‍ണ്ണിക (ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ വര്‍ണ്ണങ്ങള്‍) യോനിയിലും കപൂയകര്‍മ്മങ്ങള്‍ (ദുഷ്‌കര്‍മ്മങ്ങള്‍) ചെയ്തവര്‍ ശ്വ, സൂകര, ചണ്ഡാളയോനികളിലും പുനര്‍ജനിക്കും. 

ശ്രദ്ധയും തപസ്സും സമ്പാദിച്ച വ്യക്തി മരിച്ചാല്‍ അയാള്‍ ദേവയാനം വഴിയാണു പോകുക. അഗ്നിജ്വാല, പകല്‍, വെളുത്ത പക്ഷം, ഉത്തരായനം, സൂര്യന്‍, ചന്ദ്രന്‍, മിന്നല്‍ എന്നീ വഴി സഞ്ചരിച്ച് ബ്രഹ്മത്തില്‍ എത്തുന്നു. പിന്നെ തിരിച്ചു വരവില്ല.

ഈ വിഷയത്തില്‍ യാജ്ഞവല്‍ക്യന്‍ (ബൃഹദാരണ്യകോപനിഷത്) നല്‍കുന്ന വിശദീകരണം ഇതാണ്- ആശകള്‍ ഇനിയും തീരാത്ത വ്യക്തി മരണാസന്നനായി ശരീരം ക്ഷീണിച്ച് അബോധാവസ്ഥയില്‍ കിടക്കുമ്പോള്‍ പ്രകാശകണങ്ങള്‍ പോലുള്ള ഇന്ദ്രിയങ്ങള്‍ ആ വ്യക്തിയുടെ ആത്മാവിനെ സമീപിക്കുന്നു. ആത്മാവ് അവയെ സ്വീകരിച്ച് തന്നിലാക്കി ഹൃദയത്തില്‍ നിലക്കൊള്ളുന്നു. അവിടെ നിന്നും പ്രാണനും ഇന്ദ്രിയങ്ങളും പ്രജ്ഞയും ആഗ്രഹങ്ങളും സഹിതം ദേഹത്തിനു പുറത്തുവരുന്നു. അനുയോജ്യമായ മറ്റൊരു ശരീരം (പിതൃക്കള്‍, ഗന്ധര്‍വന്‍, ദേവതകള്‍, പ്രജാപതി, ബ്രഹ്മാവ് തുടങ്ങിയവരുടെ സൂക്ഷ്മശരീരം പോലുള്ളത്) കൈക്കൊണ്ട് കര്‍മ്മഫലം അനുഭവിച്ച് വീണ്ടും ആഗ്രഹങ്ങള്‍ സാധിക്കാനായി തിരിച്ച് ഭൂലോകത്തു വരുന്നു. ആശകളില്ലാത്ത ഒരാള്‍ മരിച്ചാല്‍ ആ ആത്മാവ് നേരെ ബ്രഹ്മപദം പൂകുന്നു. 

 ഉപനിഷത്തിലെ പുനര്‍ജ്ജന്മ•സിദ്ധാന്തം അനുസരിച്ച് കാമം (ഏതു തരത്തിലുള്ള ആഗ്രഹവും ഇതില്‍പെടും) ആണ് പുനര്‍ജ്ജന്മത്തിനു കാരണം. ആഗ്രഹം സാധിക്കാനായി കര്‍മ്മം ചെയ്യുന്നു. ആ കര്‍മ്മത്തിന്റെ നന്മ തിന്മകള്‍ക്കനുസൃതമായ സൂക്ഷ്മഫലം മറ്റു സൂക്ഷ്മലോകങ്ങളില്‍ സൂക്ഷ്മ ശരീരികളായി എത്തിച്ചേര്‍ന്ന് അനുഭവിക്കുന്നു. കാമത്തെ ഇല്ലാതാക്കാന്‍ വേണ്ടത് ശരിയായ അറിവ് (ജ്ഞാനം) ആണ്.

മോക്ഷം- ജനനമരണചക്രത്തില്‍ നിന്നും ഉള്ള മോചനം ആണ് മോക്ഷം. ആത്മാവ് ഈ ഭൗതികകരീരത്തില്‍ കുടികൊള്ളുന്ന അഹങ്കാരമല്ല, മറിച്ച് ബ്രഹ്മം ആണ് എന്ന അറിവ് കൈവരുമ്പോള്‍, അപ്പോള്‍ മാത്രം, മോക്ഷം ലഭിക്കുന്നു. ഇതിനുള്ള ഒരേയൊരു വഴി ഗുരൂപദേശത്തിന്റെ ശ്രവണം, അതിനെക്കുറിച്ചുള്ള യുക്തിപൂര്‍വമായ മനനം, നിദിധ്യാസനം എന്ന തത്ത്വജ്ഞാനത്തില്‍ അടി യുറയ്ക്കല്‍ എന്നതാണ്. ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മമായിത്തീരുന്നു, അതോടെ സംസാരചക്രത്തില്‍ നിന്നും മുക്തനായി ആനന്ദമയനായിത്തീരുന്നു എന്ന് ഉപനിഷത്ത് ഉറപ്പിച്ചുപറയുന്നു.

   വേദാദിയായ വൈദികത്തിന്റെ ഇഹപരലോകങ്ങളിലെ ഭൗതികസുഖലബ്ധി എന്ന ലക്ഷ്യത്തില്‍ നിന്നും അതിന്റെ കര്‍മ്മബഹുലമായ ജീവിതചര്യയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ബ്രഹ്മവാദവും മോക്ഷമെന്ന പരമലക്ഷ്യവും ഏകാന്തത്തിലനുഷ്ഠിക്കേണ്ട ശ്രവണ, മനന, നിദിധ്യാസനാദികളായ സാധനാപദ്ധതിയും ചേര്‍ന്ന മറ്റൊരു വിശ്വാസപദ്ധതിയാണ് വേദാന്തമായ ഉപനിഷത്തുകളില്‍ വെളിവാകുന്നത് എന്നു കാണാം. 

(തുടരും)

വേദാന്തങ്ങളായ ഉപനിഷത്തുകളിലൂടെ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.