എൻ.എസ്.മാധവൻ്റെ പതനം

Thursday 5 April 2018 4:10 am IST
വിശ്വാസത്തകര്‍ച്ച എന്നത് എന്‍.എസ്. മാധവനേയും കെ. സച്ചിദാനന്ദനേയും പോലുള്ളവരുടെ വിഷയമല്ല. ഇടതുപക്ഷത്തിനൊപ്പം ഇസ്ലാമിക മതമൗലികവാദ പക്ഷത്തും മെയ്‌വഴക്കത്തോടെ നിലയുറപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നു. വിശ്വാസ പ്രമാണവും എഴുത്തും ഇഴചേര്‍ന്ന എം. സുകുമാരന്റെ ജീവിതം ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്നതായിരുന്നില്ല. 'പിതൃതര്‍പ്പണ'ത്തിലെ കഥാപാത്രം ജീവനൊടുക്കുംമുന്‍പേ പുനര്‍ജനി തേടുകയായിരുന്നു. കഥയുടെ ഈ സ്വരഘടനയ്ക്ക് ചേരാത്ത ഒരു വാക്ക് മാറ്റുകയാണ് എസ്. ജയചന്ദ്രന്‍ നായര്‍ എന്ന എഡിറ്റര്‍ ചെയ്തത്. ഇത്തരം തിരുത്തുകള്‍ എന്‍.എസ്. മാധവനെപ്പോലുള്ളവര്‍ക്ക് അസഹനീയമാവുന്നത് സ്വാഭാവികം.

മലയാളത്തിലെ എണ്ണം പറഞ്ഞ ചെറുകഥകളില്‍ ചിലത് എന്‍.എസ്. മാധവന്റേതാണ്. ഹിഗ്വിറ്റ, തിരുത്ത് എന്നീ കഥകള്‍ ഒഴിവാക്കിയാണ് ഈ നിരീക്ഷണം. വാഴ്ത്തപ്പെട്ട ഈ കഥകളേക്കാള്‍ രചനയുടെ മാന്ത്രികത നിറഞ്ഞുനില്‍ക്കുന്നത് ചൂളൈമേട്ടിലെ ശവങ്ങള്‍, കാര്‍മന്‍, നിലവിളി തുടങ്ങിയ കഥകളിലാണ്. ശില്‍പ്പഭദ്രതയാര്‍ന്ന ഈ കഥകള്‍ ആസ്വാദനത്തിന്റെ അനന്തസാധ്യതകള്‍ തുറന്നിടുന്നു. മാധവന്റെ രാഷ്ട്രീയത്തോട് വിയോജിപ്പുള്ളവര്‍പോലും ഇന്നും കൊതിയോടെ വായിക്കുന്ന കഥകളാണിത്. 

കഥകളിലൂടെ വായനക്കാരുടെ മനസ്സില്‍ കയറിപ്പറ്റിയ മാധവന്റെ ഒരു ചിത്രമുണ്ട്. വായിക്കുന്തോറും തിളക്കമേറുന്ന ചിത്രം. ഐഎഎസ്സുകാരനായ മാധവന്‍ 'ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വ'ത്തിന്റെ ഭാഗമായിരുന്നപ്പോഴും കഥാകാരന്റെ പ്രഭാവലയത്തിന് മങ്ങലേറ്റില്ല. എന്നാല്‍ കഥ(യെഴുത്ത്)അവസാനിപ്പിച്ച മാധവന്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ഇസ്ലാമിക മതമൗലികവാദികളുടെ ഇഷ്ടക്കാരനും രാഷ്ട്രീയ അസഹിഷ്ണുതയുടെ ഉപകരണവുമായി മാറിയതോടെ വല്ലാത്തൊരു പതനം സംഭവിച്ചിരിക്കുന്നു.

അനുഗൃഹീതനായ എഴുത്തുകാരനും മൂല്യബോധം മുറുകെപ്പിടിക്കുന്ന പത്രാധിപരുമായ എസ്. ജയചന്ദ്രന്‍ നായരെക്കുറിച്ച് തീര്‍ത്തും അനാവശ്യമായി നടത്തിയ പരാമര്‍ശം കഥാകാരനില്‍നിന്ന് വേറിട്ട് ക്ഷുദ്രമായ ഒരു വ്യക്തിത്വം എന്‍.എസ്. മാധവനുള്ളതായി തെളിയിക്കുന്നു. അന്തരിച്ച കഥാകൃത്ത് എം.സുകുമാരനെ അനുസ്മരിച്ച് നിരൂപകന്‍ കെ.എസ്. രവികുമാര്‍ 'മാതൃഭൂമി' വാരികയില്‍ എഴുതിയ ലേഖനത്തില്‍ നടത്തിയ ഒരു വെളിപ്പെടുത്തലാണ് മാധവനെ സംസ്‌കാര ശൂന്യമായി പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്.

എം. സുകുമാരന്റെ 'പിതൃതര്‍പ്പണം' എന്ന കഥയില്‍ 'മുഷിഞ്ഞു നാറിയ ഗാന്ധിത്തൊപ്പി' എന്നൊരു വാക്യമുണ്ടായിരുന്നു. കഥ പ്രസിദ്ധീകരിച്ച 'കലാകൗമുദി'യുടെ പത്രാധിപരായ എസ്. ജയചന്ദ്രന്‍ നായര്‍ ഈ വാക്യത്തിലെ 'നാറിയ' എന്ന വാക്ക് വെട്ടിമാറ്റിയെന്നാണ് രവികുമാര്‍ വെളിപ്പെടുത്തിയത്. മാധവന് ഇത്രയും മതിയായിരുന്നു. ഉടന്‍വന്നു ട്വീറ്റ്. ''എം. സുകുമാരന്റെ കഥയില്‍നിന്ന് 'നാറിയ'എന്ന വാക്ക് വെട്ടിമാറ്റിയ എഡിറ്റര്‍ 'എം' ജയചന്ദ്രന്‍ നായര്‍, ആ പണിക്ക് പറ്റാത്ത, മലയാളമറിയാത്ത, മാര്‍വാടി പത്രമുടമയുടെ ശേവുകനായിരുന്നു'' എന്ന് മാധവന്‍ പൊട്ടിത്തെറിച്ചു.

ജയചന്ദ്രന്‍ നായരുടെ ഇനിഷ്യല്‍ 'എസ്' ആണല്ലോ. തന്റെ ട്വീറ്റില്‍ 'എം' എന്നാണ് മാധവന്‍ ചേര്‍ത്തത്. ഇത് ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ''എം അല്ല, എസ്. ജയചന്ദ്രന്‍ നായര്‍ എന്നാണ് പത്രാധിപ ചെറ്റയുടെ ഇനീഷ്യല്‍'' എന്ന് മാധവന്‍ വീണ്ടും ട്വീറ്റ് ചെയ്തു. 

തികച്ചും അനാവശ്യവും ഒട്ടും ഔചിത്യമില്ലാത്തതുമാണ് മാധവന്റെ പ്രതികരണങ്ങളെന്ന് പ്രത്യക്ഷത്തില്‍ത്തന്നെ വ്യക്തം. തന്റെ കഥയിലെ 'നാറിയ' എന്ന വാക്ക് വെട്ടിമാറ്റിയത് ഉചിതമായി എന്നാണ് സുകുമാരന്‍ പറഞ്ഞതെന്ന് രവികുമാര്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. പത്രാധിപരുടെ നടപടി ശരിയാണെന്ന് എഴുത്തുകാരന്‍ തന്നെ സമ്മതിക്കുമ്പോള്‍, അത് ചെയ്ത പത്രാധിപരെ 'ചെറ്റ' എന്നു വിളിക്കുന്നതിന്റെ മാനസികാവസ്ഥ ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വികലമാണ്.

തന്റെ കഥ തിരുത്തുന്നതില്‍ എതിര്‍പ്പുള്ളയാളായിരുന്നില്ല എം. സുകുമാരന്‍. രവികുമാറിന്റെ ലേഖനമുള്ള 'മാതൃഭൂമി' വാരികയുടെ ലക്കത്തില്‍ത്തന്നെ സുകുമാരനുമായി കെ.എന്‍.ഷാജി നടത്തിയ അഭിമുഖവുമുണ്ട്. അതിലൊരിടത്ത് സുകുമാരന്‍ പറയുന്നത് ഇങ്ങനെയാണ്: ''കഥ കിട്ടിയാല്‍ മാതൃഭൂമി പത്രാധിപര്‍ എന്‍.വി. കൃഷ്ണവാരിയരുടെ കത്തുവരും. കഥ കിട്ടി. പ്രസിദ്ധീകരിക്കുന്നു. കൂടെ ചില നിര്‍ദ്ദേശങ്ങളും-ഇനിയും എഴുതണം. എഴുത്തില്‍ നല്ലതുപോലെ ശ്രദ്ധിക്കണം. കഥകളില്‍ അത്യാവശ്യം തിരുത്തുകളുമുണ്ടാവും. അതാണ് എന്‍വിയുടെ രീതി.'' ഇത് മാധവനും വായിച്ചിട്ടുണ്ടാവണം.

എഡിറ്റര്‍ എന്ന വാക്കിന്റെ അര്‍ത്ഥം പോലും മാധവന്‍ മറന്നുപോവുകയാണോ? എഡിറ്റ് ചെയ്യുകയെന്നതാണ് ഏത് പത്രാധിപരുടെയും ജോലി. കഥകള്‍ തിരുത്തുന്നതും അതില്‍പ്പെടും. ഇത് ചെയ്ത ജയചന്ദ്രന്‍ നായരെ, ''ഈ പണിക്ക് പറ്റാത്ത, മലയാളമറിയാത്ത, മാര്‍വാടി പത്രമുടമയുടെ ശേവുകനായിരുന്നു'' എന്ന് അധിക്ഷേപിക്കുന്നത് വ്യക്തിയെന്ന നിലയ്ക്കും എഴുത്തുകാരനെന്ന നിലയ്ക്കും മാധവന്റെ മാന്യതയ്ക്ക് നിരക്കാത്തതാണ്.

'ഇന്ത്യന്‍ എക്‌സ്പ്രസ്' ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 'സമകാലിക മലയാളം' വാരികയുടെ പത്രാധിപരായിരുന്നതാവാം ജയചന്ദ്രന്‍ നായരെ മാധവന്‍ ശേവുകനെന്ന് വിളിക്കാന്‍ കാരണം. ഇവിടെ മാധവന് തീര്‍ത്തും തെറ്റിപ്പോയി. അങ്ങേയറ്റം മാന്യനായ, ആര്‍ജവമുള്ള, ധീരനായ പത്രാധിപരായാണ് ആ വാരികയുടെ പടിയിറങ്ങുവോളം ജയചന്ദ്രന്‍ നായര്‍ പ്രവര്‍ത്തിച്ചത്. ഒരിക്കലെങ്കിലും പരിചയപ്പെടാനിടയായ ആരിലും ആദരവ് നിറയ്ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ശാന്തഗംഭീരമായ വ്യക്തിത്വം.

ഈ ലേഖകന്റെ രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കുന്ന ചില ലേഖനങ്ങള്‍ സ്വന്തം പേരിലും മറ്റ് ചില പേരുകളിലും നേരത്തെ 'മലയാളം' പ്രസിദ്ധീകരിച്ചിരുന്നു. അപ്പോഴൊന്നും വാരികയുടെ പത്രാധിപരെ പരിചയപ്പെടാനായില്ല. എന്റെ മാധ്യമ സുഹൃത്തും മലയാളത്തിന്റെ പത്രാധിപസമിതിയംഗവുമായിരുന്ന എന്‍.ജെ. ഗിരീഷ് വഴിയാണ് അതിന് കഴിഞ്ഞത്. അങ്ങനെ ഒരു ദിവസം നേരില്‍ കണ്ട് പരിചയപ്പെട്ടു. സംവിധായകന്‍ ലോഹിതദാസിന്റെ അഭിമുഖം എടുക്കാമോ എന്ന് ജയചന്ദ്രന്‍ നായര്‍ സാര്‍ ചോദിച്ചപ്പോള്‍ എനിക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. എറണാകുളം പാലാരിവട്ടത്തെ ഹോട്ടല്‍ ഹൈവേ ഗാര്‍ഡനില്‍ ലോഹിതദാസിനെ കണ്ടു. വിശദമായി സംസാരിച്ചു. 'അനുഭവത്തിന്റെ തീച്ചൂള' എന്ന പേരില്‍ അത് 'മലയാള'ത്തിന്റെ ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. പിന്നീട് സംവിധായകരായ സിദ്ദിഖ്-ലാലുമാരുടെ ദീര്‍ഘമായ അഭിമുഖം, 'നര്‍മത്തിന്റെ നനവൂറുന്ന വഴികള്‍' പ്രസിദ്ധീകരിച്ചു. സംവിധായകന്‍ സത്യന്‍ അന്തിക്കാടുമായി ചെറിയൊരു വിവാദത്തിന് വഴിവച്ച ആ അഭിമുഖത്തിന്റെ കോപ്പി സാറിന് ഏറെ ഇഷ്ടപ്പെട്ടെന്നറിയാന്‍ കഴിഞ്ഞു. കവി എ.അയ്യപ്പനെക്കുറിച്ചുള്ള 'ഏഴെല്ലുകളുള്ള മഴവില്ല്', ലോഹിതദാസിനെ അനുസ്മരിക്കുന്ന 'അമരാവതിയില്‍ ഒരു ചിത', സംഗീത സംവിധായകന്‍ ജോണ്‍സണെക്കുറിച്ചുള്ള 'പവിഴംപോല്‍ പവിഴാധരം പോല്‍' എന്നീ ലേഖനങ്ങള്‍ കെ.പി. മുരളി എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. 

ലേഖനങ്ങളുടെ കോപ്പിയുമായി ഓരോ തവണ ചെന്നുകാണുമ്പോഴും 'മലയാള'ത്തിന്റെ പത്രാധിപരോടുള്ള ആദരവ് വര്‍ധിക്കുകയാണുണ്ടായത്. നടി സുകുമാരിയുടെ സിനിമാ ജീവിതത്തെക്കുറിച്ച് സമഗ്രമായ 'ഐറ്റം' ചെയ്യണമെന്ന് സാറ് നിര്‍ദ്ദേശിച്ചത് ഞാന്‍ സമ്മതിച്ചുവെങ്കിലും പല കാരണങ്ങളാല്‍ അതിന് കഴിഞ്ഞില്ല. മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ആ മഹാനടി അകാലത്തില്‍ വേര്‍പിരിഞ്ഞപ്പോഴുണ്ടായ ദുഃഖത്തോടൊപ്പം, അവരെക്കുറിച്ച് എഴുതാന്‍ കഴിയാതെ പോയതിന്റെ നഷ്ടബോധവും മനസ്സില്‍ നിറഞ്ഞു.

 പത്രാധിപര്‍ അദൃശ്യനായിരിക്കണം എന്ന പക്ഷക്കാരനാണ് ജയചന്ദ്രന്‍ നായര്‍. 'കലാകൗമുദി'യിലും 'മലയാള'ത്തിലുമായി ദീര്‍ഘകാലം പത്രാധിപരായിരുന്നപ്പോള്‍ ഒരിക്കല്‍പ്പോലും ഈ തത്വദീക്ഷ ഉപേക്ഷിച്ചില്ല. സാഹിത്യം, സിനിമ, രാഷ്ട്രീയം, സംസ്‌കാരം, പരിസ്ഥിതി, തത്വചിന്ത. ഏത് വിഷയത്തെക്കുറിച്ചുള്ള എഴുത്തും വായനക്കാരെ ആഴത്തില്‍ സ്പര്‍ശിച്ചു. അപ്പോഴും പത്രാധിപര്‍ മറഞ്ഞുതന്നെ നിന്നു. യാത്ര ചെയ്യുന്ന കാറില്‍ 'പ്രസ്സ്' എന്ന് വയ്ക്കാന്‍പോലും സമ്മതിച്ചില്ല. സാധാരണ പൗരനു കിട്ടുന്ന അവകാശങ്ങളും പരിഗണനകളും മാത്രം മതിയെന്നായിരുന്നു നിലപാട്. എറണാകുളത്തെ സാഹിത്യ സമ്മേളനങ്ങളില്‍ എപ്പോഴും സദസ്സിലിരിക്കാന്‍ ഇഷ്ടപ്പെട്ടു. സമ്മേളനം തുടങ്ങി അഞ്ച് മിനിറ്റ് വൈകിയെത്തുകയും, അവസാനിക്കുന്നതിന് അഞ്ച് മിനിറ്റ് മുന്‍പെങ്കിലും തിരിച്ചുപോവുകയും ചെയ്തു. ഐഎഎസ് എന്ന ഉന്നത സോപാനത്തിലിരുന്ന മാധവന് ഈ രീതികളൊക്കെ ഉള്‍ക്കൊള്ളാനോ മനസ്സിലാക്കാനോ കഴിഞ്ഞെന്നുവരില്ല.

'പിതൃതര്‍പ്പണ'ത്തിലെ മുഖ്യകഥാപാത്രമായ വേണുകുമാര മേനോന്‍ വിശ്വാസ ദുരന്തത്തിന്റെ പ്രതീകമാണ്. അതുവരെ വിശ്വസിച്ചുപോന്നിരുന്ന പ്രത്യയശാസ്ത്ര ഗ്രന്ഥങ്ങള്‍ അലമാരയുടെ അടിത്തട്ടിലേക്ക് മാറ്റി, പകരം ഭാഗവതവും ഭഗവദ്ഗീതയും അഷ്ടാംഗഹൃദയവും പ്രതിഷ്ഠിക്കുന്നതില്‍നിന്ന് ഇത് വ്യക്തമാണ്. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന അച്ഛന്റെ ഗാന്ധിത്തൊപ്പി, വേണുകുമാര മേനോന്‍ ധരിക്കുന്നതിനെ മകള്‍ പരിഹസിക്കുന്നുണ്ടെങ്കിലും ഒരു വിപ്ലവകാരിക്ക് വരുന്ന ജനിതകമാറ്റമാണത്. ഈ കഥാപാത്രം പിതൃതര്‍പ്പണം ചെയ്യുന്നത് അച്ഛന് മാത്രമല്ല, സ്വന്തം വിശ്വാസപ്രമാണത്തിനുമാണ്. ലെനിന്‍ ബലിക്കാക്കയായി എത്തുന്ന കഥാസന്ദര്‍ഭം ഇതിന്റെ കൃത്യമായ സൂചനയാണ്.

വിശ്വാസത്തകര്‍ച്ച എന്നത് എന്‍.എസ്. മാധവനേയും കെ. സച്ചിദാനന്ദനേയും പോലുള്ളവരുടെ വിഷയമല്ല. ഇടതുപക്ഷത്തിനൊപ്പം ഇസ്ലാമിക മതമൗലികവാദ പക്ഷത്തും മെയ്‌വഴക്കത്തോടെ നിലയുറപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നു. വിശ്വാസ പ്രമാണവും എഴുത്തും ഇഴചേര്‍ന്ന എം. സുകുമാരന്റെ ജീവിതം ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്നതായിരുന്നില്ല. 'പിതൃതര്‍പ്പണ'ത്തിലെ കഥാപാത്രം ജീവനൊടുക്കുംമുന്‍പേ പുനര്‍ജനി തേടുകയായിരുന്നു. കഥയുടെ ഈ സ്വരഘടനയ്ക്ക് ചേരാത്ത ഒരു വാക്ക് മാറ്റുകയാണ് എസ്. ജയചന്ദ്രന്‍ നായര്‍ എന്ന എഡിറ്റര്‍ ചെയ്തത്. ഇത്തരം തിരുത്തുകള്‍ എന്‍.എസ്. മാധവനെപ്പോലുള്ളവര്‍ക്ക് അസഹനീയമാവുന്നത് സ്വാഭാവികം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.