വഴിപിഴയ്ക്കുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയം

Thursday 5 April 2018 4:02 am IST

സ്തുത്യര്‍ഹമായ സേവനത്തിനൊടുവില്‍ പാലക്കാട് വിക്‌ടോറിയ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സരസുവിന് എസ്എഫ്‌ഐ ചിതയൊരുക്കിയാണ് യാത്രയയപ്പ് നല്‍കിയത്. എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ അപമാനിച്ചത് അവരുടെ കസേര മുറ്റത്തുകൊണ്ടുവന്ന് കത്തിച്ചാണ്.  ഇതും ചെയ്തത് അതേ സംഘടനതന്നെ. കഴിഞ്ഞ ആഴ്ച കാസര്‍കോട് പ്രിന്‍സിപ്പലിനുള്ള യാത്രയയപ്പ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും പടക്കം പൊട്ടിച്ചുമായിരുന്നു. സന്തോഷം സഹിക്ക വയ്യാതെ മധുരപലഹാര വിതരണവും ഉണ്ടായി.

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളില്‍ ഏറിയ ഭാഗവും നേതാക്കന്മാരെ പേടിച്ചാണ് ഇതിനിറങ്ങുന്നത്. നിര്‍ബന്ധത്തിന് വഴങ്ങാതിരിക്കാന്‍ അക്കൂട്ടര്‍ക്ക് ധൈര്യമില്ല. പോരാത്തതിന് എസ്എഫ്‌ഐ കൂടാതെ വേറൊരു സംഘടനയും ഈ കോളജുകളിലില്ല. ഉണ്ടെങ്കില്‍ തന്നെ നാമമാത്രമാണ് അതിന്റെ സാന്നിദ്ധ്യം. ഇടതുചിന്താഗതിയുള്ള കുറച്ച് അധ്യാപകരാണ് ഇതിന്റെയെല്ലാം പിന്നില്‍. പോരാത്തതിന് ഭരണവും ഇടതിന്റേതാണല്ലോ കേരളത്തില്‍.

കോളജില്‍ പഠിക്കാനെന്ന പേരില്‍ ഈ നേതാക്കന്മാര്‍ വരുന്നുവെന്നു മാത്രം. ഗുരുനിന്ദ നടത്തുന്ന ഇക്കൂട്ടരുടെ സംസ്‌കാരത്തിന്റെ നിലവാരം ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്നും ഊഹിക്കാവുന്നതേയുള്ളൂ.

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മൗനം പാലിക്കുന്ന സാംസ്‌കാരിക നായകന്മാര്‍ ഇടതുപക്ഷ ഭരണത്തിനെതിരെ ഒരു വാക്ക് ഉരിയാടാതിരിക്കാന്‍ പല കാരണങ്ങളുമുണ്ട്. സ്ഥാനമാനങ്ങള്‍, അവാര്‍ഡുകള്‍ എന്നിവ ലഭിക്കാന്‍ തടസ്സമാകുമല്ലോ എന്നതാണ് ഒരു കാരണം. കിട്ടിയതിന്റെ കടപ്പാട് മറക്കാന്‍ പാടില്ലല്ലോ എന്നതാണ് മറ്റൊരു കാരണം. പ്രതികൂലമായി പ്രതികരിച്ചാല്‍ കിട്ടിയ സ്ഥാനങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നവര്‍ക്കറിയാം. കഴിയുന്നത്ര കാലം നല്ല കുട്ടിയായിരിക്കുകയല്ലേ ഭേദമെന്ന് അവര്‍ ചിന്തിക്കുന്നു. മൂന്നാമത്തെ കാരണം എതിരായി പറയാനുള്ളപേടി.

എന്നാല്‍ ഈ സാംസ്‌കാരിക നായകന്മാര്‍ ഇടതു യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ വാചാലമായി പ്രതികരിക്കുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. മാര്‍ച്ചുമാസാന്ത്യത്തില്‍ യേശുദാസിനെ ഗുരുവായൂരില്‍ തൊഴീപ്പിക്കാന്‍ എത്ര  മഹാസാംസ്‌കാരിക നായകന്മാരാണ് വാചാലമായി ചാനലിനു മുന്നില്‍ വന്നത്.

വീണ്ടും ഗുരുനിന്ദയെ പറ്റിയും കലാലയങ്ങളില്‍ നടമാടുന്ന തെമ്മാടിത്തത്തെപ്പറ്റിയുമുള്ള വിഷയത്തിലേക്ക് വരട്ടെ. ഇതിനെല്ലാം അറുതിവരാന്‍ ഒരു വഴിയേയുള്ളൂ. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിശിതമായും നിര്‍ബന്ധമായും കോളജുകളില്‍ നിയമംവഴി നിര്‍ത്തലാക്കുക. കലാലയങ്ങള്‍ പഠിക്കാനുള്ള സ്ഥലമാണ്. പഠിക്കാന്‍ മാത്രം. ഇത് നിലവില്‍ വരാത്തിടത്തോളം കാലം ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇതിലും വഷളായ സംഭവങ്ങള്‍ ഉണ്ടായാല്‍ അദ്ഭുതപ്പെടാനില്ല.

തളി ശങ്കരന്‍ മൂസ്സത്

ഇടപ്പള്ളി, കൊച്ചി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.