ഫോട്ടോ മോര്‍ഫിംഗ് കേസ്: മുഖ്യ പ്രതി അറസ്റ്റില്‍

Thursday 5 April 2018 4:25 am IST

വടകര: കല്ല്യാണ ഫോട്ടോകളില്‍ നിന്നും സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മുഖ്യ പ്രതി അറസ്റ്റില്‍. വടകര സദയം ഷൂട്ട് ആന്‍ഡ് എഡിറ്റിലെ വീഡിയോ എഡിറ്റര്‍  ചീക്കോന്ന് വെസ്റ്റിലെ കൈവേലിക്കല്‍ ബിബീഷിനെ(35)നെയാണ് വടകര സിഐ ടി.മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ഇടുക്കി രാജമലയിലെ റബ്ബര്‍ എസ്‌റ്റേറ്റിലെ തകര്‍ന്ന ഷെഡില്‍ ഒളിവില്‍ കഴിയവെയാണ് പോലീസിന്റെ പിടിയിലാകുന്നത്. മുഷിഞ്ഞ വസ്ത്രങ്ങളോടെ പിടികൂടിയ പ്രതിയെ പോലീസ് കുളിപ്പിച്ച ശേഷമാണ് നാട്ടിലേക്ക് എത്തിച്ചത്.  ഇടുക്കി മുരിക്കാശ്ശേരി പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷൗക്കത്തിന്റെ സഹായത്തോടെയാണ് പ്രതിയെ കീഴടക്കാനായത്. ഭാര്യാ വീട്ടുകാരുടെ സഹായത്തോടെയാണ് ബിബീഷിന് ഇവിടെ താമസിച്ചത്.

ഐ.ടി.ആക്ട്,സ്ത്രീത്വത്തെ അപമാനിക്കല്‍,ഐ.പി.സി.354,66 എ,66ഡി,67 ഡി എന്നീ വകുപ്പുകള്‍ പ്രകാരമാണ്  കേസ്സെടുത്തിരിക്കുന്നത്. വടകരയില്‍ നിന്നും മുങ്ങി വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞശേഷമാണ്  ഇടുക്കി ഒളിത്താവളത്തിലേക്ക് മാറിയത്.  മൊബൈല്‍ നമ്പര്‍ മാറി മാറി ഉപയോഗിച്ചതിനാല്‍ ഇയാളെ കണ്ടെത്താന്‍ പോലീസ് ഏറെ ബുദ്ധിമുട്ടി. മുന്‍കൂര്‍ ജാമ്യത്തിനായി കോഴിക്കോടുള്ള അഭിഭാഷകനെ ബന്ധപ്പെടാന്‍ വിളിച്ചപ്പോഴാണ് സൈബര്‍ സെല്ലിന്റെ സഹായത്താല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

 ഏഴു വര്‍ഷം കഠിന തടവും,രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. അഞ്ചോളം സ്ത്രീകളുടെ ഫോട്ടോകളാണ് മോര്‍ഫ് ചെയ്തത്. വൈക്കിലശ്ശേരിയിലെ നിരവധി കല്യാണ വീടുകളിലെ ഫോട്ടോകളില്‍ നിന്നുമാണ് സ്ത്രീകളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തതെന്ന് പരാതി ഉണ്ടായതിനെ തുടര്‍ന്നാണ് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്.  സ്ഥാപന ഉടമകളായ വൈക്കിലശ്ശേരി സ്വദേശികളായ ദിനേശന്‍, സതീശന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വിദേശത്തേക്ക് അയച്ച്  പണം കൈപ്പറ്റിയതടക്കമുളള പരാതികള്‍ പരിശോധിക്കുമെന്നും എസ്.പി.പറഞ്ഞു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.