കൊട്ടാരത്തില്‍ ശങ്കുണ്ണി ജന്മദിനാഘോഷം പ്രകൃതിയുടെ നിറച്ചാര്‍ത്തായി 'മ്യൂറല്‍ ചിത്ര പ്രദര്‍ശനം'

Thursday 5 April 2018 2:00 am IST
പ്രകൃതിയുടെ നിറച്ചാര്‍ത്തില്‍ 22 കലാകാരന്മാര്‍ ഒരുക്കിയ മ്യൂറല്‍ പെയിന്റിങ് പ്രദര്‍ശനം കൊട്ടാരത്തില്‍ ശങ്കുണ്ണി ജന്മദിനാഘോഷത്തിന് വ്യത്യസ്ത അനുഭവം പകര്‍ന്നു. നീലയമരിച്ചെടി, കരി, വെട്ടുകല്ല് എന്നിവയില്‍ നിന്ന് വേര്‍തിരിച്ച അഞ്ച് നിറങ്ങളില്‍ ചാലിച്ച ചിത്രങ്ങളായിരുന്നു പ്രദര്‍ശനത്തിന് ഉണ്ടായിരുന്നത്.

 

കോട്ടയം: പ്രകൃതിയുടെ നിറച്ചാര്‍ത്തില്‍ 22 കലാകാരന്മാര്‍ ഒരുക്കിയ മ്യൂറല്‍ പെയിന്റിങ് പ്രദര്‍ശനം കൊട്ടാരത്തില്‍ ശങ്കുണ്ണി ജന്മദിനാഘോഷത്തിന് വ്യത്യസ്ത അനുഭവം പകര്‍ന്നു. നീലയമരിച്ചെടി, കരി, വെട്ടുകല്ല് എന്നിവയില്‍ നിന്ന് വേര്‍തിരിച്ച അഞ്ച് നിറങ്ങളില്‍ ചാലിച്ച ചിത്രങ്ങളായിരുന്നു പ്രദര്‍ശനത്തിന് ഉണ്ടായിരുന്നത്.

സാധാരണയായി പുരാണങ്ങളെ ആസ്പദമാക്കിയാണ് മ്യൂറല്‍ പെയിന്റിങുകള്‍. അതിന് വ്യത്യസ്തമായി രണ്ട് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു. കോട്ടയംകാരി അന്‍ജുവിന്റെയും വണ്ടിപ്പെരിയാര്‍ സ്വദേശിനി ശൈലജയുടെയും ചിത്രങ്ങള്‍. കോട്ടയം പുത്തനങ്ങാടി, ശരണ്യയില്‍ നാലാം വയസില്‍ ചിത്രരചനയ്ക്ക് മുഖ്യമന്ത്രിയുടെ അവാര്‍ഡ് നേടിയ അഞ്ജു വി.എസ്. ഒരുക്കിയ 'ഗേള്‍ ഇന്‍ ലോട്ടസ് സ്‌പോട്ട്' എന്ന പെയിന്റിങ് വ്യത്യസ്ത പുലര്‍ത്തി. സാധാരണ മനുഷ്യ ജീവിതത്തെ ലളിതമായി അവതരിപ്പിക്കാന്‍ കലാകാരിക്ക് സാധിച്ചു. 

ഒരു വര്‍ഷം മുമ്പ് കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക ട്രസ്റ്റില്‍ നിന്ന് മ്യൂറല്‍ പെയിന്റിങ് പഠിച്ചിറങ്ങിയ അഞ്ജു ഇപ്പോള്‍ നിരവധി ചിത്രപ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്നു. ഭര്‍ത്താവ് പ്രസാദ് ഡിഎഫ്ഒ ആയി എറണാകുളത്ത് ജോലി ചെയ്യുന്നു. മക്കള്‍: ശ്രീഹരി, ശന്തനു.

ഒരു സ്ത്രീയുടെ ബാല്യവും നാട്ടുപശ്ചാത്തലവും കോറിയിട്ട ചിത്രവുമായാണ് വണ്ടിപ്പെരിയാര്‍ സ്വദേശിനി ശൈലജ പി.ജെ. എത്തിയത്. മലയോര നാട്ടിലെ പുല്‍ച്ചെടികളും ചെമ്പകമരവുമെല്ലാം ഗ്രാമീണ ഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്നു. 

ചിത്രരചനയില്‍ ഏറെ പ്രോത്സാഹനം നല്‍കിയ ഭര്‍ത്താവ് അഞ്ച് വര്‍ഷം മുമ്പ് മരണത്തിന് കീഴടങ്ങിയപ്പോഴും തളരാതെ കലാകുടുംബത്തിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കാന്‍ ശൈലജയ്ക്കായി. 2014ല്‍ മ്യൂറല്‍ പെയിന്റിങ് പഠിച്ചിറങ്ങിയ ശൈലജയുടെ പതിമൂന്നാമത്തെ ഗ്രൂപ്പ് പ്രദര്‍ശനമായിരുന്നു ഇന്നലെ നടന്നത്. 

പിതാവ് ആര്‍ട്ടിസ്റ്റ് ജമാലുദ്ദീന്‍ പാതയിലൂടെ ചെറുപ്പകാലം മുതല്‍ സഞ്ചരിക്കുന്ന ശൈലജ വണ്ടിപ്പെരിയാറ്റിലെ രണ്ട് സ്‌കൂളുകളില്‍ ക്രാഫ്റ്റ് അദ്ധ്യാപികകൂടിയാണ്. യാത്രയിലെ സ്ത്രീജീവിതങ്ങളാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. മൂന്ന് മക്കളുണ്ട്. സബീന, ഹസീന, ബാദുഷ. കൊട്ടാരത്തില്‍ ശങ്കുണ്ണി 163-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്. യോഗത്തില്‍ കെഎസ്എസ് ട്രസ്റ്റ് പ്രസിഡന്റ് എ. അരവിന്ദന്‍ അദ്ധ്യക്ഷനായി. സ്വാതിതിരുനാള്‍ മ്യൂസിയം ഡയറക്ടര്‍ ഡോ. എം.ജി. ശശിഭൂഷണ്‍ മുഖ്യപ്രഭാഷണം നടത്തി. 

ട്രസ്റ്റിന്റെ ആരംഭകാലം മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന എം.എന്‍.വി. പണിക്കരെ പ്രൊഫ. കെ.ആര്‍. ചന്ദ്രമോഹനന്‍ ആദരിച്ചു. വി. ശശിധരശര്‍മ്മ, സി.എന്‍.എന്‍. നമ്പി, സി.സി. അശോകന്‍, ടി.എസ്. ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മ്യൂറല്‍ പെയിന്റിങ് പ്രദര്‍ശനം 8ന് സമാപിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.