ലക്ഷങ്ങൾ വെട്ടിച്ച പോലീസ് അസോസിയേഷൻ നേതാവിനെതിരായ കേസും അട്ടിമറിച്ചു

Thursday 5 April 2018 5:00 am IST
"undefined"

കോഴിക്കോട്: പോലീസ് അസോസിയേഷനില്‍ നിന്ന് 11.57 ലക്ഷം വെട്ടിച്ച സംഘടനാ നേതാക്കള്‍ക്കെതിരായ  വിജിലന്‍സ് അന്വേഷണത്തിനും വിലക്ക്. 2016 മാര്‍ച്ച് ഒന്‍പതിന് തിരുവന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലെ അന്വേഷണമാണ് സേനയിലെയും പുറത്തെയും ഇടത് നേതാക്കള്‍ തടഞ്ഞത്. എഫ്‌ഐആറിന്റെയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും പകര്‍പ്പ് 'ജന്മഭൂമി'ക്ക് ലഭിച്ചു. 

2004 മുതല്‍ 2011 വരെ  അസോസിയേഷന്‍ ട്രഷറര്‍മാരായിരുന്ന കെ.കെ. ജോസ്, സി.ആര്‍. ബിജു, സി.ടി. ബാബുരാജ് എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കുന്നത്. ബിജു പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ്. അസോസിയേഷന്റെ കണക്കുകള്‍, അസോസിയേഷന്‍ മാഗസിനായ 'കാവല്‍ കൈരളി'യുടെ നടത്തിപ്പ് എന്നിവയിലെ ക്രമക്കേട് ഓഡിറ്റിങ്ങില്‍ കണ്ടെത്തി.തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. വിജിലന്‍സ് അന്വേഷണ സംഘം ലോക്കല്‍ഫണ്ട് ഓഡിറ്റിങ് വിഭാഗത്തെക്കൊണ്ട് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ വെട്ടിപ്പ് വെളിവായത്. 

ഒന്നാം പ്രതി കെ.കെ. ജോസ് 2004 മുതല്‍ 2006 വരെ ട്രഷറര്‍ ആയിരിക്കെ 3.74 ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തി. 2006-2007ല്‍ ട്രഷറര്‍ ആയിരുന്ന രണ്ടാം പ്രതി സി.ആര്‍. ബിജു 5.69 ലക്ഷം തട്ടി. വൗച്ചറുകളും രേഖകളും സൂക്ഷിക്കാതെ തിരിമറി നടത്തിയെന്നും മുന്‍ ട്രഷറര്‍ നടത്തിയ അഴിമതിക്ക് ഒത്താശ ചെയ്തുവെന്നും എഫ്‌ഐആര്‍ വ്യക്തമാക്കുന്നു. ക്യാഷ്ബുക്ക് പ്രകാരം 5,69,123 രൂപ ചെലവഴിച്ചതിന് രേഖകളില്ലാതെ സി.ആര്‍. ബിജു കൈവശപ്പെടുത്തിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മൂന്നാം പ്രതി സി.ടി. ബാബുരാജ് അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ എട്ട് ക്രമക്കേടുകളിലായി 2,14,163 രൂപയാണ് വെട്ടിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2014ല്‍ പുതിയ ഭരണസമിതിക്ക് പഴയ വൗച്ചറുകളും രേഖകളും കൈമാറുകയോ കൈമാറ്റ ലിസ്റ്റില്‍ ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയോ ചെയ്തില്ല.  തട്ടിപ്പുകള്‍ പുറത്താകാതിരിക്കാന്‍ തെളിവുകള്‍ നശിപ്പിക്കാന്‍ മൂവരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും കണ്ടെത്തി. സി.ആര്‍. ബിജുവും സി.ടി. ബാബുവും ഇടത് നേതാക്കളില്‍ പ്രമുഖരാണ്. സ്ഥാനക്കയറ്റം കിട്ടിയതോടെ ഇവര്‍ ഓഫീസേഴ്‌സ് അസോസിയേഷനില്‍ എത്തി. പാര്‍ട്ടി ഇടപെട്ടതോടെ സി.ആര്‍. ബിജു സെക്രട്ടറിയായി. ബാബുവിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നതോടെ ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തി. ജോസ് വിരമിച്ചു. 

വിജിലന്‍സ് അന്വേഷണം അനന്തമായി നീളുകയാണ്. അന്നത്തെ എസ്പി സുകേശന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചാണ് 2016ല്‍ എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. പക്ഷെ, തുടര്‍ന്നുവന്ന പിണറായി സര്‍ക്കാര്‍ അന്വേഷണം മരവിപ്പിച്ചു. ഇടത് വിശ്വസ്തന് അന്വേഷണം കൈമാറി. അഴിമതി അനുവദിക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, ഇന്ന് കോട്ടയത്ത് നടക്കുന്ന ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തില്‍ വിജിലന്‍സ് കേസിലെ പ്രതിക്കൊപ്പം വേദി പങ്കിടുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.