വയനാട്ടിൽ സൈനികരുടെ ഭൂമിയും മറിച്ചുവിറ്റു

Thursday 5 April 2018 5:05 am IST

കല്‍പ്പറ്റ: വയനാട് തവിഞ്ഞാല്‍ വില്ലേജിലെ മക്കിമലയില്‍ സൈനികര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമിയും ഭരണ-ഭൂമാഫിയ അവിശുദ്ധ കൂട്ടുകെട്ട് മറിച്ചുവിറ്റു. വ്യാജ രേഖകളും ആധാരവുമുണ്ടാക്കി 1,084 ഏക്കറാണ് ഭൂമാഫിയ തട്ടിയെടുത്തത്. പട്ടയ രേഖകള്‍ നശിപ്പിച്ചും കരം സ്വീകരിച്ചും കൈയേറ്റക്കാര്‍ക്ക് റവന്യു ഉദ്യോഗസ്ഥര്‍ സഹായം ചെയ്തതായും വാര്‍ത്താ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

കമ്പളക്കാട് സ്വദേശിയായ വിമുക്തഭടന്‍ ഷംസുദീന് 1967ല്‍ മക്കിമലയില്‍ മൂന്ന് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കൊടുത്തിരുന്നു. അച്ഛന് സര്‍ക്കാര്‍ കൊടുത്ത ഭൂമി കണ്ടെത്താന്‍ പത്തു വര്‍ഷമായി റവന്യൂ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് മകന്‍ റഹിം. ഷംസുദീനെപ്പോലെ മക്കിമലയില്‍ 348 സൈനികര്‍ക്ക് സര്‍ക്കാര്‍ കൊടുത്ത ഭൂമി ഇന്ന് അവിടെയില്ല. വ്യാജ ആധാരവും രേഖകളും ഉണ്ടാക്കി ഭൂമി കൈയേറി മറിച്ചു വില്‍ക്കുന്ന സംഘമാണ് ഭൂമി വില്‍പന നടത്തിയത്. 

ഉദ്യോഗസ്ഥരും ഇടനിലക്കാരും രാഷ്ട്രീയക്കാരും അടങ്ങുന്ന ഈ സംഘത്തിലെ ഒരു കണ്ണിയാണ് മക്കിമലക്കാരന്‍ ലക്ഷ്മണന്‍. ഇയാള്‍ക്ക് പുറമെ മാനന്തവാടിയിലെ സിപിഐ പ്രാദേശിക നേതാവ് സജീവന്‍, തരുവണ സ്വദേശി ഉസ്മാന്‍ തുടങ്ങിയവരും കണ്ണികളാണ്. സജീവന്‍ നിര്‍ദേശിച്ചതനുസരിച്ച് തവിഞ്ഞാല്‍ വില്ലേജ് ഓഫിസര്‍ രവിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇവര്‍ കണ്ടു. ആദ്യഗഡു രണ്ടായിരം രൂപ കൊടുത്തു.

തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമലയില്‍ നിരവധി ഭൂമികള്‍ മറിച്ചുവിറ്റിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ നിലനില്‍ക്കെയാണ് ഇവിടെ കഴിഞ്ഞ അന്‍പത് വര്‍ഷമായി വീടുവെച്ച് കൈവശം വെച്ച് വരുന്ന കര്‍ഷകര്‍ക്ക് റവന്യൂ വകുപ്പ് പട്ടയം നല്‍കാത്തത്. പട്ടയം നല്‍കാത്തതിന് പിന്നില്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലായ രണ്ട് റവന്യു ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്. അന്ന് മുഖ്യമന്ത്രിയും റവന്യുമന്ത്രിയും പട്ടയം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയെങ്കിലും അതെല്ലാം അട്ടിമറിച്ചത് അന്നത്തെ തഹസില്‍ദാറും ഇപ്പോള്‍ സസ്‌പെന്‍ഷനിലായ ഡപ്യൂട്ടി കളക്ടറുമായ സോമനാഥനായിരുന്നു. 

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ വാളാട്  സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ രവിയെ ജില്ലാ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. ഭൂമി തട്ടിപ്പ് പുറത്ത് വന്ന വയനാട്ടില്‍ രണ്ട് റവന്യൂ വകുപ്പ് ജീവനക്കാരെ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ചൊവ്വാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

പയ്യമ്പള്ളി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മാനന്തവാടി താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് സന്തോഷ് ശിവനാരായണന്‍, വെള്ളമുണ്ട ബിഎസ്പിഐ സ്‌പെഷ്യല്‍ സീനിയര്‍ ക്ലാര്‍ക്ക് അജയ് സിറിള്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വ്യാജ ഭൂനികുതി രശീതും വ്യാജ കൈവശരേഖയും നിര്‍മ്മിച്ചുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടിയെന്ന് കളക്ടര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.