സ്വകാര്യ മെഡിക്കൽ കോളേജിനായി ഇടത്-വലത് ഒത്തുകളി

Thursday 5 April 2018 5:10 am IST

തിരുവനന്തപുരം: സ്വകാര്യ മെഡിക്കല്‍ കോളേജ് നടത്തിയ അനധികൃത പ്രവേശനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ ഇടതു-വലതു മുന്നണികള്‍ ഒത്തുചേര്‍ന്നു. ഇരുകൂട്ടരും ചേര്‍ന്ന് പുതിയ ബില്‍ പാസാക്കുകയും ചെയ്തു. കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ എന്നീ മെഡിക്കല്‍ കോളേജുകള്‍ 2016-17ല്‍ മെറിറ്റ് അട്ടിമറിച്ചും മേല്‍നോട്ട സമിതിയുടെ നിര്‍ദേശം ലംഘിച്ചും വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരുന്നു. ഈ പ്രവേശനങ്ങള്‍ക്ക് അംഗീകാരം നല്‍കാനും ക്രമവത്കരിക്കാനുമുള്ള നിയമമാണ് ഭരണ പ്രതിപക്ഷങ്ങള്‍ ചേര്‍ന്ന് പാസാക്കിയത്.

മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവേശനം നടത്തിയതിനെത്തുടര്‍ന്ന് അംഗീകാരം നഷ്ടപ്പെട്ട സ്വാശ്രയ മെഡി. കോളേജുകളിലെ പ്രവേശനം സാധൂകരിക്കുന്ന 2018ലെ കേരള പ്രൊഫഷണല്‍ കോളേജുകള്‍ (മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമവല്ക്കരിക്കല്‍) ബില്ലാണ് പാസാക്കിയത്.  

കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണിത്. ബില്‍ അവതരിപ്പിക്കുന്നതിനെ വി.ടി. ബല്‍റാം എതിര്‍ത്തു. ബില്‍ ദുരുദ്ദേശ്യപരവും നിയമവിരുദ്ധവും വിദ്യാഭ്യാസ കച്ചവടത്തെ പിന്തുണയ്ക്കുന്നതുമാണെന്ന് ബല്‍റാം ആരോപിച്ചു. ഓര്‍ഡിനന്‍സിന്റെ നിയമസാധുതയില്‍ കോടതി സംശയം ഉന്നയിച്ച സാഹചര്യത്തില്‍ ഇത്തമൊരു ബില്‍ കൊണ്ടുവരുന്നത് ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമാണെന്നും ബല്‍റാം പറഞ്ഞു. എന്നാല്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ബല്‍റാമിനെ തള്ളിപ്പറഞ്ഞു. ബിജെപി അംഗം ഒ. രാജഗോപാല്‍ സഭയിലില്ലാത്ത സമയത്താണ് ബില്‍ അവതരിപ്പിച്ചത്.

അഞ്ചരക്കണ്ടി മെഡി. കോളജിലെ 150 വിദ്യാര്‍ത്ഥികള്‍ക്കും കരുണയിലെ 30 വിദ്യാര്‍ത്ഥികള്‍ക്കും ബില്ലിന്റെ പ്രയോജനം ലഭിക്കും. 2016-17ല്‍ ഇവര്‍ നടത്തിയ പ്രവേശനം ചട്ടവിരുദ്ധമെന്നു കണ്ട്  മേല്‍നോട്ട സമിതിയായ ജസ്റ്റിസ് ജയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നു. അപേക്ഷ സ്വീകരിക്കുന്നതിലും റാങ്ക് പട്ടിക തയാറാക്കുന്നതിലും ഗുരുതരമായ ക്രമക്കേടാണ്  കണ്ടെത്തിയത്. ഇതിനെതിരെ കോളജുകള്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും പ്രവേശനം റദ്ദാക്കിയ നടപടി കോടതികള്‍ ശരിവെച്ചു. 

സുപ്രീംകോടതി വിധിയും എതിരായതോടെ പ്രവേശനം ക്രമപ്പെടുത്താന്‍ മാനേജ്മെന്റുകളും രക്ഷിതാക്കളും സര്‍ക്കാരിനെ സമീപിച്ചു. ഇതോടെ പ്രതിപക്ഷത്തിന്റെ പിന്തുണയോടെ സര്‍ക്കാര്‍  ഓര്‍ഡിനന്‍സ് ഇറക്കി. മാനേജ്മെന്റിന്റേത് തെറ്റായ നടപടിയാണെങ്കിലും വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്താണ് ഓര്‍ഡിനന്‍സ് നിയമമാക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.