കേരളം ഇന്ധന നികുതി കുറയ്ക്കില്ല

Thursday 5 April 2018 5:10 am IST

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി ഒരു തരത്തിലും വെട്ടിക്കുറയ്ക്കില്ലെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ വ്യക്തമാക്കി. പല സംസ്ഥാനങ്ങളും നികുതി കുറച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ധനമന്ത്രി ഇക്കാര്യം തുറന്നു സമ്മതിച്ചത്. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് കേരളം അധിക നികുതിയാണ് ചുമത്തുന്നതെന്നും ഇതു കുറയ്ക്കണമെന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം.

കേരളത്തിന്റെ സാമ്പത്തിക നില മോശമാണ്. ഇത് മെച്ചപ്പെടുന്നതിനനുസരിച്ച് കുറവ് വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കാം. മന്ത്രി തുടര്‍ന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി നികുതി ഇളവ് നല്‍കിയെന്ന് വരുത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ നടപടി പിന്‍തുടരില്ലെന്നും അദ്ദേഹം പറഞ്ഞു.  

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരണാനുമതി തേടിയ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫും മാണി വിഭാഗവും സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

23.37 ശതമാനമായിരുന്ന പെട്രോളിന്റെ നികുതി നിരക്ക് 33.4 ശതമാനമാക്കിയത് യുഡിഎഫാണെന്ന് ധനമന്ത്രി പറഞ്ഞു. ഇവയുടെ സംസ്ഥാന വാണിജ്യനികുതി ഇനി വര്‍ധിപ്പിക്കില്ല. എന്നാല്‍ വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ നിലവിലുള്ള നികുതിയില്‍ ഇളവ് നല്‍കാന്‍ കഴിയില്ല. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.