കള്ളക്കരുണ വേണ്ട: സുപ്രീം കോടതി

Friday 6 April 2018 3:56 am IST
2016-17ല്‍ രണ്ടു മെഡിക്കല്‍ കോളേജുകളിലുമായി നടത്തിയ നിയമവിരുദ്ധ പ്രവേശനങ്ങള്‍ സാധൂകരിക്കാന്‍ നിയമം കൊണ്ടുവന്ന സംസ്ഥാന സര്‍ക്കാരിനും അതിനെ പിന്തുണച്ച പ്രതിപക്ഷത്തിനും ഏറ്റ കനത്ത പ്രഹരമാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് യു.യു ലളിത് എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചിന്റെ വിധി.

ന്യൂദല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വഴിവിട്ട  പ്രവേശനം സാധൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ ഓര്‍ഡിനന്‍സ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ നൂറ്റി അമ്പതും കരുണയിലെ മുപ്പതും വിദ്യാര്‍ത്ഥികളെ എത്രയും വേഗം പുറത്താക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.  ഉത്തരവ് മറികടക്കാന്‍ സര്‍ക്കാര്‍ ഏതെങ്കിലും തരത്തില്‍  ഇടപെട്ടാല്‍  ശക്തമായ നടപടി   കൈക്കൊള്ളുമെന്ന് കോടതി  താക്കീതും നല്‍കി.  കേരള നിയമസഭ ബുധനാഴ്ച പാസാക്കിയ ബില്ലിന്റെ നിയമ സാധുത പരിശോധിക്കാനാണ് കോടതി തീരുമാനം. 

2016-17ല്‍ രണ്ടു മെഡിക്കല്‍ കോളേജുകളിലുമായി നടത്തിയ നിയമവിരുദ്ധ പ്രവേശനങ്ങള്‍ സാധൂകരിക്കാന്‍ നിയമം കൊണ്ടുവന്ന  സംസ്ഥാന സര്‍ക്കാരിനും അതിനെ പിന്തുണച്ച പ്രതിപക്ഷത്തിനും ഏറ്റ കനത്ത പ്രഹരമാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് യു.യു ലളിത് എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചിന്റെ വിധി. 

സുപ്രീംകോടതി വിധി മറികടക്കാന്‍  ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സര്‍ക്കാര്‍ നടപടി അനുചിതമാണ്. കോടതിയുടെ അധികാരങ്ങള്‍ അസാധുവാക്കാന്‍ നിയമ നിര്‍മ്മാണ സഭയ്ക്ക് കഴിയില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. നിരവധി ഭേദഗതികളോടെ നിയമസഭ ഏെകകണ്‌ഠ്യേന ബില്‍ പാസാക്കിയെന്ന്  സര്‍ക്കാരും കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളും കോടതിയെ അറിയിച്ചെങ്കിലും ഗവര്‍ണ്ണര്‍ ഒപ്പിട്ടാല്‍ മാത്രമേ നിയമമാവൂ എന്നും ഓര്‍ഡിനന്‍സ് മാത്രമേ നിലവിലുള്ളൂ എന്നും കോടതി വ്യക്തമാക്കി. നിയമസഭ പാസാക്കിയ ബില്ല്  തിരിച്ചയയ്ക്കാനും ഭേദഗതികള്‍ നിര്‍ദ്ദേശിക്കാനും ഗവര്‍ണ്ണര്‍ക്ക് അധികാരമുണ്ട്. അതിനാല്‍  സഭ ബില്ല് പാസാക്കിയെന്ന് ആരും വാദം ഉന്നയിക്കേണ്ട, കോടതി പറഞ്ഞു. 

മാനേജുമെന്റുകള്‍ നല്‍കിയ പ്രവേശന രേഖകള്‍ വ്യാജമാണെന്ന് നേരിട്ട് കണ്ടു ബോധ്യപ്പെട്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക്  യോഗ്യതയുണ്ടെന്ന വാദവും പലതവണ കോടതി പരിശോധിച്ചു. മാനേജ്‌മെന്റുകള്‍ക്കെതിരെ കേസെടുക്കുന്ന കാര്യം ഒരു ഘട്ടത്തില്‍ പരിഗണിച്ചിരുന്നുവെന്നും കോടതി വ്യക്തമാക്കി.

മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയ ശേഷവും വിദ്യാര്‍ത്ഥികള്‍ കോളേജില്‍ വന്നിരുന്നോ എന്നതടക്കമുള്ള സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ല. സര്‍ക്കാരിന്റെ നിലപാടില്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് 180 വിദ്യാര്‍ത്ഥികളെയും കോളേജില്‍ നിന്ന് അടിയന്തരമായി പുറത്താക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. മെയ് രണ്ടാം വാരം കേസ് വീണ്ടും പരിഗണിക്കും. നിയമസഭ പാസാക്കിയ ബില്ല് ഗവര്‍ണ്ണര്‍ അംഗീകരിച്ചാല്‍ ബില്ലിന്റെ നിയമസാധുത അടക്കം പരിശോധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.