കണ്ണൂര്‍, കരുണ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്

Thursday 5 April 2018 5:00 pm IST

തിരുവനന്തപുരം: സുപ്രീംകോടതി വിധി വന്നിട്ടും കണ്ണൂര്‍, കരുണ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്. ബില്ല് നിയമവകുപ്പിന് കൈമാറി. തുടര്‍ന്ന് ബില്ല് ഗവര്‍ണര്‍ക്ക് അയച്ചു. ബില്ലില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ത്ഥികളെയും  ഉടന്‍ പുറത്താക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. 

പ്രവേശനം നിയമപരമാക്കിയതിനെതിരേ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി വന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്നോട്ടു വച്ച ചട്ടങ്ങള്‍ ലംഘിച്ച്‌ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ പ്രവേശനം നടത്തിയ നടപടി നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. സുപ്രീം കോടതിയുടെ ഈ വിധി മറികടക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. 

ഓര്‍ഡിനന്‍സിലൂടെ ഈ രണ്ടു കോളജുകളിലേക്ക് വിദ്യാര്‍ഥി പ്രവേശനം നടത്താനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. നീറ്റ് റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന ഈ വിദ്യാര്‍ഥികള്‍ ഒരു വര്‍ഷം പഠനം പൂര്‍ത്തിയാക്കിയെന്നും കുട്ടികളുടെ ദുരിതം പരിഹരിക്കുന്നതിനാണ് നിയമ നിര്‍മാണം നടത്തുന്നതെന്നുമയിരുന്നു സര്‍ക്കാരിന്റെ വാദം.

സുപ്രീംകോടതി ഉത്തരവ് മുന്‍വിധിയോടുകൂടിയതാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്‍. സര്‍ക്കാരിന്റെ സദുദ്ദേശത്തെ കോടതി മാനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ ബില്‍ പാസാക്കിയിട്ടും നേരത്തെ സ്വീകരിച്ച സമീപനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സുപ്രീം കോടതി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമവിരുദ്ധ പ്രവേശനം അംഗീകരിക്കാനുള്ള ബില്‍  കഴിഞ്ഞദിവസം നിയമസഭ ഐകകണ്ഠ്യേന പാസാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം മാത്രമാണ് ബില്ലിനെ എതിര്‍ത്തത്. ആത്മഹത്യയിലേക്ക് പോകുന്ന കുട്ടികളുടെ കണ്ണീരിന് മുന്നില്‍ മനുഷ്യത്വത്തിന് മുന്‍ഗണന നല്‍കേണ്ടി വന്നതുകൊണ്ടു മാത്രമാണ് ബില്ലിനെ പിന്തുണച്ചതെന്നാണ് കോണ്‍ഗ്രസിന്റെ വാദം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.