പെന്‍ഷന് വേണ്ടി അമ്മയുടെ മൃതദേഹം സൂക്ഷിച്ചത് 3 വര്‍ഷം; മകന്‍ അറസ്റ്റില്‍

Thursday 5 April 2018 5:47 pm IST
അമ്മയ്ക്കു മാസം ലഭിച്ചിരുന്ന അമ്പതിനായിരം രൂപ പെന്‍ഷന്‍ നഷ്ടപ്പെടാതെ തനിക്കു കിട്ടാനാണ് മകന്‍ ഇങ്ങനെ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. അമ്മയുടെ വിരലടയാളം ഉപയോഗിച്ച് സുബ്രത പെന്‍ഷന്‍ പിന്‍വലിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
"undefined"

കൊല്‍ക്കത്ത: ഈജിപ്തിലെ മമ്മികളുടെ മാതൃകയില്‍ അമ്മയുടെ മൃതദേഹം മൂന്നുവര്‍ഷം ശീതീകരിച്ചു സൂക്ഷിച്ച അമ്പതു വയസുകാരനായ മകനെ കൊല്‍ക്കത്ത പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുനില വീടിന്റെ മുകള്‍ നിലയില്‍ വലിയ റെഫ്രിജറേറ്ററിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. 

തുകല്‍ വ്യവസായ രംഗത്തു പ്രവര്‍ത്തിക്കുന്ന സുബ്രത മജുംദാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 2015 ഏപ്രില്‍ ഏഴിനാണ് സുബ്രതയുടെ അമ്മ ബിന മരിച്ചത്. മൃതദേഹം സംസ്‌കരിച്ചില്ല. മരണ വിവിരം ആരേയും അറിയിച്ചുമില്ല. പിരമിഡില്‍ മമ്മികള്‍ സൂക്ഷിച്ചതിനോട് അടുത്ത നില്‍ക്കുന്ന രീതികള്‍  ഉപയോഗിച്ച് സുബ്രത അമ്മയുടെ മൃതദേഹം റെഫ്രിജറേറ്ററില്‍ സൂക്ഷിച്ചു. ഇതേ വീട്ടില്‍ത്തന്നെ സുബ്രതയ്‌ക്കൊപ്പം അച്ഛനും താമസിക്കുന്നുണ്ട്. മൃതദേഹം പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റി.

അമ്മയ്ക്കു മാസം ലഭിച്ചിരുന്ന അമ്പതിനായിരം രൂപ പെന്‍ഷന്‍ നഷ്ടപ്പെടാതെ തനിക്കു കിട്ടാനാണ് മകന്‍ ഇങ്ങനെ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. അമ്മയുടെ വിരലടയാളം ഉപയോഗിച്ച് സുബ്രത പെന്‍ഷന്‍ പിന്‍വലിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്‍ക്കത്തയുടെ വടക്കന്‍ ഭാഗത്തുള്ള ബെഹാലയിലെ വീട്ടില്‍ പൊലീസ് തെരച്ചില്‍ നടത്തിയത്. സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള വലിയ ഫ്രീസറിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നു. വീടിന്റെ മുകള്‍ നിലയിലായിരുന്നു ഇത്. അതിനടുത്തു തന്നെ അതേ വലിപ്പത്തിലുള്ള മറ്റൊരു ഫ്രീസറും കണ്ടെത്തിയിട്ടുണ്ട്. സുബ്രതയേയും അച്ഛന്‍ ഗോപാലിനേയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. താഴത്തെ നിലയിലാണ് ഇരുവരും താമസിച്ചിരുന്നത്. 

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥരായിരുന്നു ഗോപാലും ബിനയും. തുകല്‍ കമ്പനിയില്‍ ജോലിയുണ്ടായിരുന്ന സുബ്രത അഞ്ചു വര്‍ഷം മുമ്പ് രാജിവെച്ചു. വീടിന്റെ മുകള്‍ നിലയില്‍ നിന്ന് പകലും രാത്രിയും തുടര്‍ച്ചയായി ഫ്രീസര്‍ പ്രവര്‍ത്തിക്കുന്നതിന്റെ വലിയ ശബ്ദം കേള്‍ക്കുന്നതില്‍ സംശയം തോന്നിയ ചില അയല്‍ക്കാരാണ് പോലീസില്‍ പരാതിപ്പെട്ടതെന്നാണ് സൂചന. തീര്‍ത്തും ഒറ്റപ്പെട്ട പ്രകൃതമായിരുന്നു സുബ്രതയ്ക്ക്. 

തുകല്‍ വ്യവസായ രംഗത്തു സാങ്കേതിക വിദഗ്ധനായി ജോലി നോക്കിയിരുന്നതിനാല്‍ രാസപദാര്‍ഥങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നു സുബ്രതയ്ക്ക്. അമ്മയുടെ ആന്തരികാവയവങ്ങള്‍ നീക്കിയതിനു ശേഷമാണ് ഫ്രീസറില്‍ സൂക്ഷിച്ചിരുന്നത്. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും മൃതദേഹത്തിന് കാര്യമായ കേടുപാടുളില്ലാതിരുന്നത് പോലീസിനെയും ഞെട്ടിച്ചു. വീട്ടിലെത്തിയ പോലീസ് ചോദ്യം ചെയ്തു തുടങ്ങിയപ്പോള്‍ത്തന്നെ തൊണ്ണൂറുകരനായ ഗോപാല്‍ തന്റെ ഭാര്യയുടെ മൃതദേഹം വീട്ടിലുണ്ടെന്നു സമ്മതിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.