ദേശീയപാത വികസനത്തിന്റെ പേരില്‍ ക്ഷേത്രംതകര്‍ക്കാന്‍ നീക്കമെന്ന് പ്രക്ഷോഭവുമായി ഭക്തര്‍

Friday 6 April 2018 1:40 am IST


തോട്ടപ്പള്ളി: ദേശീയപാതാ വികസനത്തിന്റെ മറവില്‍ ഒറ്റപ്പന ശ്രീകുരുട്ടൂര്‍ ഭഗവതി ക്ഷേത്രം തകര്‍ക്കാന്‍ നീക്കമെന്ന് ആക്ഷേപം.  എട്ടിന് രാവിലെ ഒന്‍പതിന് കൂട്ട ഉപവാസവും പ്രതിഷേധ യോഗവും സംഘടിപ്പിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ധീവരസഭയുടെ നിയന്ത്രണത്തിലുള്ള രണ്ടു ദേവിക്ഷേത്രങ്ങളാണ് തോട്ടപ്പള്ളി ഒറ്റപ്പന കുരുട്ടൂര്‍ ഭഗവതി ക്ഷേത്രം.
 ദേശീയപാതയ്ക്ക് വേണ്ടി  പടിഞ്ഞാറു ഭാഗത്ത് ഭാഗം ഒഴിവാക്കി കിഴക്കു ഭാഗത്ത് നിന്ന് മാത്രം സ്ഥലം ഏറ്റെടുക്കുകയുള്ളു എന്നാണ് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് ലംഘിച്ച് ക്ഷേത്രത്തിന്റെ രണ്ട് കൊടിമരങ്ങളും ഗോപുരങ്ങളും സമീപത്തെ കരയോഗം ഓഫീസ് കെട്ടിടങ്ങളും പൊളിച്ചുമാറ്റുമെന്നാണ് ദേശീയപാത വിഭാഗം നലിവില്‍ ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത്. വര്‍ഷങ്ങള്‍ മുന്‍പ് ദേശീയ പാതയ്ക്ക് സ്ഥലം നല്‍കാന്‍  ക്ഷേത്രം പൊളിച്ച്  പടിഞ്ഞാറോട്ട് മാറ്റി  സ്ഥാപിക്കുകയും ഇതിനായി 21 സെന്റ് സ്ഥലം അന്ന് വിട്ടുനല്‍കുകയും ചെയ്തിരുന്നു.
 ഇതേ സ്ഥലത്തു തന്നെയാണ് വീണ്ടും ക്ഷേത്രം പൊളിച്ച് സ്ഥലം ഏറ്റെടുക്കാന്‍ നീക്കം നടക്കുന്നത്. കിഴക്കു ഭാഗത്ത് അളന്ന് തിരിച്ച ഭാഗങ്ങളില്‍ കെട്ടിടങ്ങള്‍, മതിലുകള്‍ എന്നിവ പൊളിച്ചുമാറ്റി ദേശീയപാതാ വികസനവുമായി നാട്ടുകാര്‍ സഹകരിക്കുമെന്നിരിക്കെ അപ്രതീക്ഷിതമായി അലൈന്‍മെന്റില്‍ മാറ്റം വരുത്തിയത് ക്ഷേത്രത്തെ തകര്‍ക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
 ഒറ്റപ്പന ജങ്ഷനില്‍ ക്ഷേത്രമുറ്റത്ത് നടക്കുന്ന കൂട്ട ഉപവാസ സമരം ധീവരസഭജനറല്‍ സെക്രട്ടറി വി. ദിനകരന്‍ ഉത്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആര്‍. രുദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്രത്തെ തകര്‍ക്കരുത് എന്നാവശ്യപ്പെട്ട്  മന്ത്രി ജി. സുധാകരന്‍, ദേശീയപാത വികസന അതോറിറ്റി, ജില്ലാ കളക്ടര്‍, കെ.സി. വേണുഗോപാല്‍ എംപി, ബിജെപി സംസ്ഥാന  പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ക്ക് ക്ഷേത്രം ഭാരവാഹികള്‍ നിവേദനം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.